ഭരണനിർവഹണം കാര്യക്ഷമമാക്കാനുള്ള സദുദ്ദേശ്യ ഇടപെടലുകളെ വിവാദമാക്കുന്നു
നിർമിതബുദ്ധിയുടെ പേരിലും മനോരമയുടെ വ്യാജവാർത്ത

തിരുവനന്തപുരം
സർക്കാർ തീരുമാനം എന്ന വ്യാജേന വാർത്ത സൃഷ്ടിക്കുക, അടുത്ത ദിവസം അതിനെ വിവാദമാക്കുക. മനോരമയുടെ വ്യാജ വാർത്താനിർമിതിയുടെ ഏറ്റവുമൊടുവിലെ ഉദാഹരണമായി എഐയുമായി ബന്ധപ്പെട്ട വാർത്ത. ഫയൽ സൃഷ്ടിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ സർക്കാർ നിർമിത ബുദ്ധി (എഐ) സാധ്യത പ്രയോജനപ്പെടുത്താൻ തീരുമാനിച്ചുവെന്ന് ആദ്യദിവസം വാർത്ത നൽകിയ പത്രം, ഡാറ്റ ചോരുമെന്നതിൽ ആശങ്ക എന്നാണ് രണ്ടാംദിനം എഴുതിയത്. എഐയുമായി ബന്ധപ്പെട്ട് സർക്കാർ ഒൗദ്യോഗിക തീരുമാനമൊന്നും എടുത്തില്ലെന്നറിഞ്ഞിട്ടും വ്യാജ വാർത്ത സൃഷ്ടിക്കുകയായിരുന്നു പത്രം.
ഭരണതലത്തിൽ എഐ സാധ്യത പ്രയോജനപ്പെടുത്താൻ പ്രാഥമിക ചർച്ചകളും ശിൽപ്പശാലകളും സംഘടിപ്പിക്കുകമാത്രമാണ് ഇതുവരെ ചെയ്‌തത്. ഐടി മിഷന്റെ നേതൃത്വത്തിൽ ടെക്‌നോപാർക്കിൽ ശിൽപ്പശാല സംഘടിപ്പിച്ചിരുന്നു. വിവിധ വകുപ്പുകളുടെ പ്രതിനിധികളും സ്‌റ്റാർട്ടപ്പുകളുമാണ് പങ്കെടുത്തത്. സർക്കാർ ജീവനക്കാർക്ക് പ്രാഥമിക പരിശീലനം ഐസിടി അക്കാദമിയുമായിചേർന്ന് സംഘടിപ്പിച്ചുവരുമ്പോഴാണ് ഇനി എഐ ഭരിക്കുമെന്ന് സർക്കാർ തീരുമാനിച്ചതായി വ്യാജവാർത്ത നൽകിയത്.
എഐ നടപ്പാക്കുമ്പോൾ ഡാറ്റ ചോരുമെന്നതിൽ ആശങ്ക എന്നനിലയിൽ വിവാദം സൃഷ്ടിക്കാനാണ് ശ്രമം. ഭരണനിർവഹണം കാര്യക്ഷമമാക്കാൻ സദുദ്ദേശ്യത്തോടെ സർക്കാർ നടത്തുന്ന ഇടപെടലുകളെ വിവാദമാക്കുകയാണ് വ്യാജവാർത്താ നിർമിതിയിലൂടെ യുഡിഎഫ് പത്രം ലക്ഷ്യമിടുന്നത്.









0 comments