കെട്ടുകഥയ്ക്ക് തെളിവ് വേണ്ടെന്ന് പരസ്യം ; വ്യാജവാർത്ത തിരുത്തി തടിയൂരൽ
സത്യത്തിന് 'കട്ട്' പറഞ്ഞ് മനോരമ

തിരുവനന്തപുരം
യുഡിഎഫ് വിലാസം ഒന്നാം നമ്പർ പ്രചാരകരാകാൻ കൊടിയ കള്ളങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന വ്യാഖ്യാനങ്ങളുമായി മലയാള മനോരമയുടെ നുണ വാർത്താപരമ്പര. രണ്ടാം പിണറായി സർക്കാരിന്റെ നാലാംവാർഷികവും ഒമ്പതുവർഷത്തെ എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിയതോടെയാണ് മനോരമയുടെ പിടിവിട്ടത്.
‘ കട്ട് പറഞ്ഞ് കെ ഫോൺ ’ എന്ന ലീഡ് വാർത്തയുടെ ലക്ഷ്യം തെറ്റിദ്ധരിപ്പിക്കൽ മാത്രം. ഏത് മേഖലയിലും കുടിശിക വരുത്തിയാൽ ചെയ്യുന്ന സ്വാഭാവിക നടപടി മാത്രമാണ് ഒരു ലക്ഷം കണക്ഷനുള്ളതിൽ 80 എണ്ണത്തിൽ കെ ഫോൺ ചെയ്തത്. ‘തദ്ദേശ റോഡുകളുടെ ക്രഡിറ്റ് സംസ്ഥാന സർക്കാർ എടുത്തു’ എന്നതാണ് ഒന്നാം പേജിൽ വിഷം പുരട്ടിയ മറ്റൊരു വാർത്ത. ‘മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതി ’ യും ബജറ്റിൽ പണം വകയിരുത്തുന്നതും പുതിയ സംഭവമല്ല. അതിന്റെ ക്രെഡിറ്റ് സംസ്ഥാന സർക്കാരിനല്ലാതെ മറ്റാർക്കാണ് കൊടുക്കേണ്ടത്.
പ്രോഗ്രസ് റിപ്പോർട്ടിലെ പ്രധാന നേട്ടം ദേശീയപാത എന്ന റിപ്പോർട്ടിൽ വിണ്ട പാതയിലൂടെ കടന്നുപോകുന്ന മുഖ്യമന്ത്രിയുടെ കാറുള്ള കാർട്ടൂൺ. പ്രോഗ്രസ് റിപ്പോർട്ടിലുള്ള അനവധി വികസന നേട്ടങ്ങളെ മറയ്ക്കാനും ദേശീയപാതയുടെ നിർമാണ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണെന്നുമുള്ള സത്യം പറയാതിരിക്കാനുമാണ് ഈ അഭ്യാസം.
‘നിതി ആയോഗ് കൗൺസിലിൽ ഇത്തവണയും കേരളം പങ്കെടുത്തില്ല ’ എന്ന തലക്കെട്ടിലുള്ള വാർത്തയിലുടനീളം കേന്ദ്രം എന്തോ വൻകിട സംഭവങ്ങൾ കൊണ്ടുവരുന്നു, അതിൽ കേരളമില്ല എന്നാണ് ധ്വനി. മുൻ യോഗങ്ങളിൽ കേരളം ആവശ്യപ്പെട്ടവയുടെ നിജസ്ഥിതിയോ തുടർച്ചയായുള്ള കേന്ദ്ര അവഗണനയോ മിണ്ടുന്നില്ല.
കെട്ടുകഥയ്ക്ക് തെളിവ് വേണ്ടെന്ന് പരസ്യം ;
വ്യാജവാർത്ത തിരുത്തി തടിയൂരൽ
‘കെട്ടുകഥയ്ക്ക് തെളിവുവേണ്ട, സത്യം തെളിവുമായേ വരൂ’ എന്ന് പരസ്യംകൊടുത്ത ദിവസംതന്നെ സിപിഐ എം ഇലക്‌ട്രൽ ബോണ്ട് വാങ്ങിയെന്ന വ്യാജവാർത്ത തിരുത്തേണ്ടിവന്ന മനോരമയുടേത് എന്തൊരു ഗതികേട്. നിയമനടപടി വരുമെന്നുറപ്പായതോടെയാണ് മനസ്സില്ലാ മനസ്സോടെ തിരുത്തിന് തയ്യാറായത്. സിപിഐ എം മേഘ കൺസ്‌ട്രക്ഷൻ കമ്പനിയിൽനിന്ന് വാങ്ങിയ 25 ലക്ഷം രൂപ ഇലക്‌ട്രൽ ബോണ്ടല്ല, സംഭാവനയാണ് എന്നാണ് തിരുത്ത്.
തുടക്കത്തിൽതന്നെ ഇലക്‌ട്രൽ ബോണ്ട് വേണ്ടെന്ന് പ്രഖ്യാപിച്ചതും നിയമപോരാട്ടം നടത്തിയതും സിപിഐ എം ആണെന്ന് ഇതേപത്രം മുമ്പ് വാർത്ത നൽകിയിരുന്നു. അതുപോലും ഓർക്കാതെ സിപിഐ എം വളരെ മുമ്പേ പരസ്യപ്പെടുത്തിയ പട്ടികയിലുള്ള സംഭാവനയെ ഇലക്‌ട്രൽ ബോണ്ടാക്കി വളച്ചൊടിക്കാൻ നോക്കിയത്.
നിയമനടപടി ഉണ്ടായതോടെ ഒരു വാർത്ത തിരുത്തി. എന്നാൽ, സിപിഐ എമ്മിനും സർക്കാരിനും മുഖ്യമന്ത്രിയുടെ കുടുംബത്തിനും നേരെ ദിവസേന പടച്ചുവിടുന്ന വ്യാജവാർത്തകൾ എന്ന് തിരുത്തുമെന്നാണ് വായനക്കാർ ചോദിക്കുന്നത്.









0 comments