ആ കണക്ക് ശരിയാകുന്നില്ലല്ലോ മനോരമേ ; ലക്ഷ്യം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കൽ

മലയാള മനോരമയിൽ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച വാർത്ത
ഒ വി സുരേഷ്
Published on Apr 09, 2025, 02:08 AM | 1 min read
തിരുവനന്തപുരം : സംസ്ഥാനം വലിയ കടക്കെണിയിലേക്കു പോകുന്നുവെന്ന് തോന്നിപ്പിക്കുന്ന വാർത്തനൽകിയ മനോരമയുടെ ലക്ഷ്യം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കൽ. നവകേരള നിർമിതിക്കായുള്ള നാടിന്റെ പ്രയാണത്തെ ഇകഴ്‌ത്താൻ ‘നവകേരള കടം’ എന്ന തലക്കെട്ടും.
വസ്‌തുതയുമായി ബന്ധമില്ലാത്ത, പെരുപ്പിച്ച വാർത്താ കസർത്ത് ഇനി യുഡിഎഫ്, ബിജെപി നേതാക്കൾക്ക് പ്രസ്‌താവനകൾക്കുള്ള കുറിപ്പാകും. ‘ഒന്നാം പിണറായി സർക്കാർ വരുമ്പോൾ കടം 1.75 ലക്ഷം കോടിയായിരുന്നെന്നും ഇപ്പോൾ ആറുലക്ഷം കോടിയിലേക്ക്’ എന്നുമാണ് മനോരമ പറയുന്നത്.
തോന്നുംപോലെ കടമെടുക്കാമോ
സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്‌ഡിപി) മൂന്നു ശതമാനമാണ് വായ്‌പയെടുക്കാനാകുക. കേന്ദ്രത്തിന്റെ അനുമതിയും വേണം. എട്ടുവർഷത്തെ എൽഡിഎഫ് ഭരണത്തിൽ ജിഎസ്‌ഡിപിയിൽ വലിയ മുന്നേറ്റമുണ്ടായി. സ്വാഭാവികമായും വായ്‌പാത്തുകയും വർധിക്കും. യുഡിഎഫ് കാലത്തേക്കാൾ ജിഎസ്‌ഡിപി രണ്ടിരട്ടിയായി എന്നർഥം. ‘ഈ വർഷം 40,000 കോടി കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. പുറമേ കിഫ്‌ബിയുടെയും ക്ഷേമപെൻഷൻ നൽകാനുള്ള പെൻഷൻ കമ്പനിയുടെയും കടവുംകൂടിയാകുമ്പോഴാണ് ആറുലക്ഷം കോടിയിൽ എത്തുക’ എന്ന കണ്ടെത്തലും തെറ്റാണ്.
കിഫ്‌ബിയുടെയും പെൻഷൻ കമ്പനിയുടെയും വായ്‌പ സംസ്ഥാന കടത്തിന്റെ ഭാഗമാക്കിയിട്ട് നാലുവർഷം കഴിഞ്ഞു. ഇത് മാറ്റണമെന്ന് സംസ്ഥാനം നിരന്തരം ആവശ്യപ്പെടുകയാണ്. ഇതുൾപ്പെടെയാണ് ഈ വർഷം 39,876 കോടി രൂപ കടമെടുക്കാനാവുക.
6 ലക്ഷമല്ല; 5 ലക്ഷത്തിൽ താഴെ
2025–-26ൽ കേരളത്തിന്റെ ജിഎസ്‌ഡിപി 13.29 ലക്ഷം കോടി രൂപയാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ അനുമാനം. ധനകമീഷൻ മാനദണ്ഡപ്രകാരം 14.80 ലക്ഷം കോടി വരുമെന്നത് സംസ്ഥാനത്തിന്റെ അനുമാനവും. ഇതിന്റെ മൂന്നു ശതമാനവും വൈദ്യുതി മേഖലയിലെ പരിഷ്‌കരണങ്ങൾക്കുള്ള 0.5 ശതമാനവുമാണ് വായ്പയെടുക്കാനാവുക. ഈ വർഷം പുതുക്കിയ എസ്‌റ്റിമേറ്റ് പ്രകാരം സംസ്ഥാനത്തിന്റെ ആകെ ബാധ്യത 4.45 ലക്ഷം കോടിയാകും. ഈ വർഷം എടുക്കാവുന്ന വായ്‌പ (40,000 കോടി)യും കൂടിയായാലും അഞ്ചു ലക്ഷം കോടിയോളമേ വരൂ.
ഇതാ മറ്റൊരു കണക്ക്
സംസ്ഥാനത്തിന്റെ കടവും ജിഎസ്‌ഡിപിയും തമ്മിലുള്ള അനുപാതം കുറയുന്നതായാണ് കണക്ക്. 2020–-21ൽ 38.47 ശതമാനമായിരുന്നെങ്കിൽ 2023–-24ൽ 34.2 ശതമാനമായി. ഇത് കേരളത്തേക്കാൾ കൂടുതലുള്ള സംസ്ഥാനങ്ങളുണ്ട്. 18 സംസ്ഥാനങ്ങളിൽ ഈ അനുപാതം 30 ശതമാനത്തിന് മുകളിലാണ്.










0 comments