നുണവീര്യം കൂട്ടാൻ മനോരമയുടെ "ടിപ്സ്' ; ലേഖനം പുകമറ മാത്രം

വേണു കെ ആലത്തൂർ
Published on Feb 21, 2025, 02:27 AM | 2 min read
പാലക്കാട് : എലപ്പുള്ളിയിൽ എഥനോൾ നിർമാണഫാക്ടറിക്ക് സർക്കാർ അനുമതി നൽകിയതിനെതിരെ യുഡിഎഫിന് ആയുധം നൽകാൻ മനോരമ എഴുതിയ ലേഖനം പുകമറ മാത്രം. ‘ബ്രൂവറിയിൽ നുരയുന്നത്’ എന്ന തലക്കെട്ടിൽ എഡിറ്റ് പേജിലെ ലേഖനത്തിൽ എന്താണ് അഴിമതിയെന്നോ, എങ്ങനെ ജലചൂഷണം നടത്തുന്നുവെന്നോ വ്യക്തമായി പറയുന്നില്ല.
എലപ്പുള്ളിയിൽ ജലക്ഷാമം?
എലപ്പുള്ളിയിൽ ഒമ്പതു വർഷമായി ജലക്ഷാമമില്ല. മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങളിലൂടെ ഭൂഗർഭജലത്തിന്റെ അളവ് ഉയർത്താൻ സർക്കാർ ഇടപെടലോടെ കഴിഞ്ഞു.
യുഡിഎഫ് സർക്കാരിന്റെകാലത്ത് ആളിയാറിൽനിന്ന് കൃത്യമായി വെള്ളം കിട്ടാത്തതിനാൽ ജലക്ഷാമം ഉണ്ടായിരുന്നു. എൽഡിഎഫ് സർക്കാർ വന്നശേഷം ഒമ്പതുവർഷമായി പറമ്പിക്കുളം–- ആളിയാർ പദ്ധതിപ്രകാരം കേരളത്തിന് അർഹതപ്പെട്ട വെള്ളം ചോദിച്ചുവാങ്ങുന്നതിനാൽ കുടിവെള്ളക്ഷാമം ഇല്ല. വാളയാർ, ആളിയാർ അണക്കെട്ടുകളിൽനിന്നാണ് എലപ്പുള്ളി പഞ്ചായത്തിലേക്ക് വെള്ളം എത്തുന്നത്.
മലമ്പുഴയിൽ വെള്ളമുണ്ട്
മലമ്പുഴ അണക്കെട്ടിൽനിന്ന് ജല അതോറിറ്റിയുടെ പൈപ്പുകൾവഴി ദിവസം 8.5 കോടി ലിറ്റർ വെള്ളമാണ് വിതരണംചെയ്യുന്നത്. എഥനോൾ ഫാക്ടറിക്ക് ദിവസം അഞ്ചുലക്ഷം ലിറ്റർ വെള്ളം മതി.
ഇക്കാര്യം എലപ്പുള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് കെഎസ്‌ഐഡിസി സെക്രട്ടറി 2024 ഫെബ്രുവരി 14ന് നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വെള്ളത്തിന്റെ അളവ് പറഞ്ഞില്ലെന്നാണ് മനോരമയുടെ നുണ. എട്ടുവർഷമായി മലമ്പുഴയിൽ അധികജലമാണ്. 2016ലെ കൊടുംവരൾച്ചാ സമയത്തുപോലും 27 ദിവസം മലമ്പുഴ അണക്കെട്ടിൽനിന്ന് കൃഷിക്ക് വെള്ളംനൽകി. മലമ്പുഴയിലെ വെള്ളത്തിന്റെ കുറവുകൊണ്ട് ഒരിക്കലും പദ്ധതി പ്രദേശത്ത് കുടിവെള്ളക്ഷാമം ഉണ്ടായിട്ടില്ല. കഞ്ചിക്കോട് വ്യവസായനഗരം പദ്ധതി വന്നാലും ആവശ്യമായ 15 ദശലക്ഷം ലിറ്റർ വെള്ളം മലമ്പുഴ, വാളയാർ അണക്കെട്ടുകളിൽനിന്ന് നൽകാനാകും. മലമ്പുഴയിലെ സംഭരണശേഷി 226 ദശലക്ഷം ഘനമീറ്ററാണ്. ആറുമാസം കുടിവെള്ളത്തിന് വേണ്ടിവരുന്നത് 12 ദശലക്ഷം ഘനമീറ്ററാണ്. ആറുമാസം മഴക്കാലവുമാണ്.
ജലചൂഷണം ഉണ്ടാകില്ല
ഒരുതരത്തിലും ഭൂഗർഭ ജലം ഉപയോഗിക്കില്ലെന്ന് ഒയാസിസ് കമ്പനി സർക്കാരിന് ഉറപ്പുനൽകിയതിനാലാണ് അവർക്ക് അനുമതി നൽകിയത്. കൃത്യമായ നിരീക്ഷണവും സർക്കാരിനുണ്ടാകും. അഞ്ച് ഏക്കറിൽ മഴവെള്ള സംഭരണി കമ്പനി ഉറപ്പുനൽകുന്നുണ്ട്.
സ്‌പിരിറ്റ് ഉൽപ്പാദനം മദ്യനയത്തിന്റെ ഭാഗം
കേരളത്തിന് ആവശ്യമായ സ്‌പിരിറ്റും വിദേശമദ്യവും ഇവിടെത്തന്നെ ഉൽപ്പാദിപ്പിക്കുമെന്നത് സർക്കാരിന്റെ മദ്യനയത്തിൽ വ്യക്തമാക്കിയതാണ്. 18 കോടി ലിറ്റർ സ്‌പിരിറ്റാണ് ഒരുവർഷം കേരളത്തിന് ആവശ്യം. ഇതുമുഴുവൻ ഇതര സംസ്ഥാനങ്ങളിൽനിന്നാണ് എത്തുന്നത്.










0 comments