മാന്നാറിൽ വൃദ്ധമാതാപിതാക്കളെ ചുട്ടുകൊന്ന കേസ്: മകൻ റിമാൻഡിൽ

മാന്നാർ : വീടിന് തീയിട്ട് വൃദ്ധ ദമ്പതികളായ മാതാപിതാക്കളെ ചുട്ടുകൊന്ന കേസിൽ പ്രതിയായ മകനെ റിമാൻഡ് ചെയ്തു. ചെന്നിത്തല തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി കൊറ്റോട്ട് വിജയനെയാണ് റിമാൻഡ് ചെയ്തത്. സ്വത്ത് തർക്കത്തെ തുടർന്നാണ് മാതാപിതാക്കളായ രാഘവൻ, ഭാരതി എന്നിവരെ തീ വിജയൻ കൊളുത്തി കൊലപ്പെടുത്തിയത്. ചെങ്ങന്നൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ വിജയനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മാവേലിക്കര സബ് ജയിലിലേക്ക് മാറ്റി.
ശനിയാഴ്ചയാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. പുലർച്ചെ മൂന്നു മണിയോടെ വീടിനു തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പൊലീസിനേയും ഫയർഫോഴ്‌സിനെയും വിവരം അറിയിക്കുന്നത്. 92 കാരനായ രാഘവൻറെയും 90 കാരിയായ ഭാര്യ ഭാരതിയുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന ഇവരുടെ മൂന്നാമത്തെ മകനായ വിജയനെ കാണാനില്ലായിരുന്നു.
സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും വിജയൻ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായും ബന്ധുക്കളും നാട്ടുകാരും പൊലീസിനു മൊഴി നൽകി. കൂലിപ്പണിക്കാരനായ വിജയൻ ഉൾപ്പെടെ അഞ്ചു മക്കളാണ് ദമ്പതികൾകൾക്കുള്ളത്. ഒരാൾ നേരത്തെ മരിച്ചു. സ്വത്തുസംബന്ധമായ തർക്കങ്ങളെ തുടർന്ന് മകളും കുടുംബവും വാടകവീട്ടിലേക്ക് മാറിയതോടെയാണ് വീട്ടിൽ വിജയനും മാതാപിതാക്കളും മാത്രമായത്.
കൊലപാതകം നടത്തിയത് ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനു ശേഷമാണ് കുറ്റം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിനുശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. ഈ സമയത്താണ് പൊലീസിന്റെ പിടിയിലായത്. ടിൻഷീറ്റിൽ നിർമിച്ച വീട് പൂർണമായി കത്തിയമർന്നു. കട്ടിൽ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങളും അഗ്നിക്കിരയായി. വിവിധ പമ്പുകളിൽ നിന്നും ആറുലിറ്റർ പെട്രോൾ വാങ്ങി വീട്ടിൽ സൂക്ഷിച്ച ശേഷം പ്രതി കൃത്യം നടത്തുകയായിരുന്നു. പെട്രോൾ വാങ്ങിയ പമ്പുകളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുന്നു.









0 comments