മാന്നാർ കൊലപാതകം സ്‌റ്റേഷനിൽ ഹാജരാകേണ്ട ദിവസം; ഇന്ന് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും

മാന്നാർ: സ്വത്തുതർക്കത്തെത്തുടർന്നുള്ള നിരന്തരമായ മർദനത്തിൽ സഹികെട്ട് രാഘവൻ നൽകിയ പരാതിയിൽ സ്‌റ്റേഷനിൽ ഹാജരാകേണ്ട അതേ ദിവസമാണ് വീടിന് തീവച്ച് വിജയൻ മാതാപിതാക്കളെ ചുട്ടുകൊന്നത്. സ്വത്തുമായി ബന്ധപ്പെട്ട് വഴക്കുണ്ടാക്കുന്നതും മാതാപിതാക്കളെ മർദിക്കുന്നതും പതിവായിരുന്നു. അച്ഛൻ രാഘവനെ കഴിഞ്ഞ വ്യാഴാഴ്ച മർദ്ദിക്കുകയും കൈയ്ക്ക് പരിക്കേൽപ്പിക്കുകയും ഉണ്ടായി. ഇതിനെതിരെയാണ് രാഘവൻ മാന്നാർ പൊലീസിൽ വിജയനെതിരെ പരാതി നൽകിയത്. ശനിയാഴ്ച വിജയൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും അറിയിച്ചിരുന്നു. സ്വത്തുതർക്കത്തിനൊപ്പം പരാതി നൽകിയതിന്റെ ദേഷ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതിയെ ഇന്ന് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും.
ആസൂത്രിതം
വൃദ്ധദമ്പതികളുടെ കൊലപാതകം ആസൂത്രിതം. രാഘവനും ഭാരതിക്കും അഞ്ച് മക്കളാണുള്ളത്. ഇവരുടെ പേരിൽ 18.5 സെന്റ് വസ്തുവുമുണ്ട്. വസ്തു ഭാഗവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് ഉണ്ടായിരുന്നത് 10 വർഷത്തിനുശേഷം വിധിയായി. എന്നാൽ കോടതിയിൽ സ്‌റ്റാമ്പ് ഡ്യൂട്ടി അടയ്ക്കാൻ പണമില്ലാത്തതിനാൽ ഭാഗംവയ്‌പ് നടന്നില്ല. മക്കളിൽ മൂന്നുപേർ നേരത്തെ മരിച്ചു. ഇപ്പോൾ മകൻ വിജയൻ അഞ്ചുമാസമായി മാതാപിതാക്കളോടൊപ്പമാണ് താമസം. പ്രവാസിയായ വിജയൻ മണൽ ഏജന്റാണ്. ഭാര്യയുമായി ഏഴുവർഷമായി പിണങ്ങിക്കഴിയുകയാണ് ഇയാൾ. വിവിധ പമ്പുകളിൽ നിന്നും ആറുലിറ്റർ പെട്രോൾ വാങ്ങി വീട്ടിൽ സൂക്ഷിച്ച ശേഷം കൃത്യം നടത്തുകയായിരുന്നു. പെട്രോൾ വാങ്ങിയ പമ്പുകളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുന്നു. കൊന്നതിനുശേഷം തീയിട്ടതാണോ തീപിടിത്തത്തിൽ മരിച്ചതാണോ എന്നറിയാൻ പോസ്റ്റുമോർട്ടം റിപ്പോട്ട് വരണമെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ പറഞ്ഞു.
പ്രതിയുമായി തെളിവെടുപ്പ്
വൃദ്ധ ദമ്പതികളെ ചുട്ടുകൊന്ന കേസിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി. തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി കൊറ്റോട്ട് വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്. രാഘവൻ, ഭാരതി എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ വിജയനാണ് പ്രതി. മാന്നാർ എസ്എച്ച്ഒ ഇൻ ചാർജ് എ അനീഷ്, എസ്ഐ സി എസ് അഭിരാം എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പിനായി വീട്ടിലെത്തിച്ചത്. പ്രതിയെ കാണാൻ നിരവധി പേരെത്തി. ശക്തമായ കാവൽ പൊലീസ് ഏർപ്പെടുത്തിയിരുന്നു.
ഞെട്ടി ഉണർന്നു ചെന്നിത്തല ഗ്രാമം
വൃദ്ധദമ്പതികൾ വെന്തുമരിച്ച വാർത്ത കേട്ടാണ് ശനിയാഴ്ച പുലർച്ചെ ചെന്നിത്തല ഗ്രാമം ഉണർന്നത്. സ്വത്തിനുവേണ്ടി മകൻ മാതാപിതാക്കളെ ചുട്ടുകൊന്നെന്ന വാർത്ത പരന്നതോടെ വിവിധയിടങ്ങളിൽ നിന്നായി നൂറുകണക്കിനാളുകൾ കോട്ടമുറിക്ക് സമീപമുള്ള കൊറ്റോട്ട് വീട്ടിലെത്തി. ടിൻഷീറ്റിൽ നിർമിച്ച വീട് പൂർണമായി കത്തിയമർന്നു. കട്ടിൽ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങളും അഗ്നിക്കിരയായി. കത്തിയമർന്ന മുറിക്കുള്ളിൽ രാഘവൻ (96), ഭാര്യ ഭാരതി (85) എന്നിവരെ കട്ടിലിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. രാഘവൻ കേവുവള്ള തുഴക്കാരനായിരുന്നു. ഭാരതി കർഷകത്തൊഴിലാളിയും. കൊറ്റോട്ട് ക്ഷേത്ര ട്രസ്റ്റിന്റെ അവകാശികളായിരുന്നു ഇരുവരും.
സ്വത്തുതർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും വിജയൻ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായും ബന്ധുക്കളും നാട്ടുകാരും പൊലീസിനു മൊഴി നൽകി. തർക്കംമൂലം മകളും കുടുംബവും വാടകവീട്ടിലേക്ക് മാറിയതോടെയാണ് വീട്ടിൽ വിജയനും മാതാപിതാക്കളും മാത്രമായത്.
പുലർച്ചെ മൂന്നോടെ തീ ആളിക്കത്തുന്നത് കണ്ട് പരിസരവാസികൾ സമീപത്തെ കിണറുകളിൽ നിന്നും ടാങ്കുകളിൽ നിന്നും വെള്ളം കോരിയൊഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തുടർന്ന് വിവരമറിഞ്ഞെത്തിയ മാന്നാർ പൊലീസും മാവേലിക്കര അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീയണച്ചു. വീട് പൂർണമായി കത്തി നശിച്ചു. ഇരുമ്പ് അലമാര, ചെമ്പുപാത്രങ്ങൾ, കട്ടള, ജനൽ, കാറ്റാടി കമ്പുകളിൽ തീർത്ത കഴുക്കോലുകൾ എന്നിവ അഗ്നിക്കിരയായി. സംഭവം അറിഞ്ഞെത്തിയ കെഎസ്ഇബി അധികൃതർ വീടിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ, ചെങ്ങന്നൂർ ഡിവൈഎസ്‌പി എം കെ ബിനു കുമാർ, എസ്എച്ച്ഒ എ അനീഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ ചോദ്യംചെയ്‌തു. പ്രതി കുറ്റം സമ്മതിച്ചു.








0 comments