തലശ്ശേരിയിൽ നിന്ന് എൻഐഎ അറസ്‌റ്റ് ചെയ്‌തത് കൊലക്കേസ് പ്രതിയെ; നിരോധിത സംഘടനയുമായി ബന്ധം

തലശേരി: മണിപ്പൂർ കലാപക്കേസുമായി ബന്ധപ്പെട്ട് തലശേരിയിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്‌റ്റ് ചെയ്‌ത ഇംഫാൽ സ്വദേശി രാജ്‌കുമാർ മൈപാക്‌സന (21) കൊലപാതകം ഉൾപ്പെടെ നിരവധികേസുകളിൽ പ്രതി. തലശേരി ടൗണിലെ ഒരു പ്രധാന ഹോട്ടലിൽ ജോലിചെയ്യുന്ന ഇയാളെ ആരോഗ്യപ്രവർത്തകരുടെ വേഷത്തിലെത്തിയാണ് എൻഐഎ കസ്‌റ്റഡിയിലെടുത്തത്. തൊഴിലാളികൾ താമസിക്കുന്ന തിരുവങ്ങാട് കീഴന്തിമുക്കിലെ വീട്ടിലെത്തി ആധാർകാർഡ് ഉൾപ്പെടെ പരിശോധിച്ച് ഉറപ്പിച്ച ശേഷം വെള്ളിയാഴ്‌ച വൈകിട്ടായിരുന്നു അറസ്‌റ്റ്.
നിരോധിത സംഘടനയായ യുനൈറ്റഡ് നാഷനൽ ലിബറേഷൻ ഫ്രണ്ടിൽ (യുഎൻഎൽഎഫ്) സായുധ പരിശീലനം നേടിയ ആളാണ് രാജ്‌കുമാർ. ചെവിക്ക് കീഴെയായി കഴുത്തിൽ പ്രത്യേക രീതിയിൽ പച്ചകുത്തിയിട്ടുണ്ട്. ഏതാനും ദിവസമായി രാജ്‌കുമാറിന്റെ നീക്കം എൻഐഎ നിരീക്ഷിച്ചുവരികയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിച്ചു തുടങ്ങിയതോടെയാണ് ഇയാൾ തലശേരിയിലുണ്ടെന്ന സൂചന ലഭിച്ചത്. തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാട്ടി സമൂഹമാധ്യമങ്ങളിൽ നൽകിയ പരസ്യത്തെ തുടർന്ന് ഈ മാസം മൂന്നിനാണ് രാജ്‌കുമാർ ഹോട്ടലിൽ ജോലിക്കെത്തിയത്.
തിരൂരിൽ നിന്നാണ് രാജ്‌കുമാർ തലശേരിയിലെത്തിയത്. എന്നാൽ ഹോട്ടൽ മാനേജ്‌മെന്റിനോട് ഇക്കാര്യം വെളിപ്പെടുത്തിയില്ല. പരസ്യം കണ്ട് ബംഗളൂരുവിൽ നിന്ന് വിളിക്കുന്നതെന്ന് പറഞ്ഞാണ് ഹോട്ടലുകാരെ ബന്ധപ്പെട്ടത്. രാജ്‌കുമാറിൽ നിന്ന് വ്യാജപാസ്‌പോർട്ടും എൻഐഎ പിടിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടക്കാനുള്ളനീക്കം വിജയിക്കാതെ വന്നതോടെയാണ് തലശേരിയിലെ ഹോട്ടലിലേക്ക് വന്നത്. കഴിഞ്ഞ മാസമാണ് രാജ്‌കുമാർ കേരളത്തിലെത്തിയത്. അറസ്‌റ്റ് ചെയ്‌ത ശേഷം വിവരം കേരള പൊലീസിന് കൈമാറിയാണ് എൻഐഎ സംഘം മടങ്ങിയത്. ഇയാളെ വിശദമായി ചോദ്യംചെയ്‌തുവരികയാണ്.









0 comments