മംഗളൂരു– ഗോവ വന്ദേഭാരത് കോഴിക്കോടേയ്‌ക്ക് നീട്ടില്ല

അനീഷ് ബാലൻ
Published on Mar 25, 2025, 12:01 AM | 1 min read
മംഗളൂരു : നഷ്ടത്തിലോടുന്ന മംഗളൂരു – -ഗോവ വന്ദേഭാരത് സർവീസ് കോഴിക്കോട്ടേയ്‌ക്ക് നീട്ടാനുള്ള നിർദേശം കർണാടക ബിജെപി നേതാക്കളുടെ സമ്മർദത്തെതുടർന്ന് ഉപേക്ഷിച്ചു. ഈ സർവ്വീസ് മുംബൈ –-ഗോവ വന്ദേഭാരതുമായി ഒന്നിപ്പിച്ച് മംഗളൂരു–-മുംബൈ സർവീസ് ആക്കാനാണ് ഇപ്പോൾ നീക്കം. സർവീസ് കേരളത്തിലേക്ക് നീട്ടുന്നതിനെതിരെ മുൻ എംപിയും കർണാടക ബിജെപി നേതാവുമായ നളീൻ കുമാർ കട്ടീലും ദക്ഷിണ കന്നട എംപി ബ്രിജേഷ് ചൗട്ടയുമാണ് ഇടപെട്ടത്.
കേരളത്തിൽനിന്ന് ഗോവയിലേക്ക് സർവീസ് നടത്തുന്നതോടെ കർണാടകത്തിന് പ്രസക്തി നഷ്ടപ്പെടുമെന്നാണ് വാദം.
നാലരമണിക്കൂറിൽ യാത്ര പൂർത്തിയാക്കുന്ന മംഗളൂരു–-ഗോവ വന്ദേഭാരത് രാജ്യത്ത് യാത്രക്കാർ കുറവുള്ള സർവീസുകളിൽ ഒന്നാണ്. മുംബൈ –-ഗോവ സർവീസിൽ തുടക്കത്തിൽ 90 ശതമാനം യാത്രക്കാർ ഉണ്ടായിരുന്നു. മുംബൈയിൽനിന്ന് രാവിലെ 5.25ന് പുറപ്പെടുന്ന ട്രെയിൽ ഉച്ചയ്‌ക്ക് 1.10നാണ് ഗോവയിലെത്തുന്നത്. മംഗളൂരുവിലേക്ക് നീട്ടി വൈകിട്ട് ആറിന് എത്തിക്കാനാണ് ആലോചന. മംഗളൂരുവിൽനിന്ന് രാവിലെ 8.30 ന് പുറപ്പെട്ട് രാത്രി ഒമ്പതോടെ മുംബൈയിൽ എത്തിക്കാമെന്നും കണക്കുകൂട്ടുന്നു. പാത ഇരട്ടിപ്പിക്കൽ പൂറത്തിയാകാത്തതും ഇതേ സമയത്ത് റൂട്ടിൽ ദീർഘദൂര ട്രെയിനുകൾ സർവീസ് നടത്തുന്നതും പ്ലാറ്റ്‌ഫോം ലഭ്യതയ്‌ക്ക് തടസ്സമാകും.









0 comments