കടുവ ആക്രമണം: രാധയുടെ കുടുംബത്തിന് 10 ലക്ഷം കൈമാറി


സ്വന്തം ലേഖകൻ
Published on Feb 01, 2025, 12:00 AM | 1 min read
കൽപ്പറ്റ : മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച ആദിവാസി യുവതി രാധയുടെ കുടുംബത്തിന് നഷ്‌ടപരിഹാരമായി 10 ലക്ഷം രൂപ സർക്കാർ കൈമാറി. വെള്ളിയാഴ്‌ച വീട്ടിലെത്തി മന്ത്രി ഒ ആർ കേളു നഷ്‌ടപരിഹാരതുകയുടെ രണ്ടാം ഗഡുവാണ് കുടുംബത്തിന് കൈമാറിയത്.
ആദ്യഗഡുവായ അഞ്ചുലക്ഷം രാധ മരിച്ച ദിവസംതന്നെ നൽകിയിരുന്നു. രാധയുടെ മകൻ അനിൽ തലപ്പുഴ ഫോറസ്റ്റ് സ്‌റ്റേഷനിൽ താൽക്കാലിക വനംവാച്ചറായി ശനിയാഴ്‌ച പ്രവേശിക്കും. ജോലി ഉത്തരവ് വനം മന്ത്രി എ കെ ശശീന്ദ്രൻ 26 ന് കൈമാറിയിരുന്നു. അടിയന്തരമായി നഷ്‌ടപരിഹാരത്തുക കൈമാറാനും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് നടപടി. ഇൻഷുറൻസ് തുകയായ ഒരുലക്ഷം രൂപകൂടി സർക്കാർ നൽകും.
ജനുവരി 24നാണ് പ്രിയദർശനി എസ്‌റ്റേറ്റിന് സമീപമുള്ള വനാതിർത്തിയിലെ തോട്ടത്തിൽ കാപ്പിക്കുരു പറിക്കാൻ പോകുന്നതിനിടെ രാധ കടുവയുടെ ആക്രമണത്തിൽ മരിച്ചത്.









0 comments