ചേന്ദമംഗലം കൊലപാതകം: നടുക്കം മാറാതെ നാട്

പറവൂർ: ചേന്ദമംഗലം പേരേപ്പാടത്ത് ഒരു കുടുംബത്തിലെ മൂന്നുപേരുടെ കൊലപാതക വാർത്തയിൽ നടുങ്ങി നാട്. സംഭവസ്ഥലത്തേക്ക് നിരവധിപേരാണ് എത്തുന്നത്. അയൽവാസികളുടെ കണ്ണുകളിൽ ഭീതിയും ഞെട്ടലും ഒഴിയുന്നില്ല. ഇന്നലെ വൈകിട്ട് ആറിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ഗൃഹനാഥനെയും ഭാര്യയെയും മകളെയും അയൽവാസി വീട്ടിൽ കയറി ഇരുമ്പുവടികൊണ്ട് തലയ്‌ക്കടിച്ചു കൊല്ലുകയായിരുന്നു. മകളുടെ ഭർത്താവിനെ ഗുരുതരമായ പരിക്കോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഉഷ (62), മകൾ വിനീഷ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. വിനീഷയുടെ ഭർത്താവ് ജിതിനാണ് ഗുരുതര പരിക്ക്. പ്രതി ചേന്ദമംഗലം കണിയാപറമ്പിൽ ഋതു(28) പൊലീസിൽ കീഴടങ്ങി.
അയൽവാസിയായ ഋതു ഇവരുടെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നു. വിനീഷയുടെയും ജിതിന്റെയും മക്കളായ ആറാംക്ലാസുകാരി ആരാധിക, ഒന്നാംക്ലാസ് വിദ്യാർഥിനി അവിനി എന്നിവരുടെ കൺമുന്നിലായിരുന്നു കൊലപാതകം. സംഭവം അറിഞ്ഞെത്തിയ ജിതിന്റെ സുഹൃത്തുക്കളാണ് നാലുപേരെയും ആശുപത്രിയിലെത്തിച്ചത്. മോഷണക്കേസ് ഉൾപ്പെടെ മൂന്ന് കേസുകളിൽ പ്രതിയാണ് ഋതുവെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ലഹരിക്ക് അടിമയാണെന്നും സൂചനയുണ്ട്.
ഏതാനും മാസംമുമ്പ് വീട്ടിലെ ഗേറ്റ് തകർത്തതിനെതിരെ ഇയാൾക്കെതിരെ വേണു പൊലീസിൽ പരാതി നൽകിയിരുന്നു. വീട്ടിൽ സിസിടിവി കാമറയും സ്ഥാപിച്ചു. വിനീഷയെ ഋതു നിരന്തരം ഫോണിൽ ശല്യം ചെയ്തിരുന്നതായും പറയുന്നു.
ആക്രമിച്ച ഇരുമ്പുവടിയും രണ്ട് കത്തിയും വീട്ടിൽനിന്ന് കണ്ടെടുത്തു. മൃതദേഹങ്ങൾ പറവൂർ താലൂക്കാശുപത്രി മോർച്ചറിയിൽ. നിതയാണ് വിനീഷയുടെ സഹോദരി. ജിതിന് വിദേശത്താണ് ജോലി. ഫെബ്രുവരിയിൽ വിദേശത്തേക്കു മടങ്ങാനിരിക്കെയാണ് സംഭവം.









0 comments