കടുവയെ തിരയാൻ ഇറക്കിയ ആന ഇടഞ്ഞു, പാപ്പാൻ ആശുപത്രിയിൽ

മലപ്പുറം: കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു. കുഞ്ചു എന്ന കുങ്കിയാനയാണ് ഇടഞ്ഞത്. കഴുത്തിന് പരുക്കേറ്റ പാപ്പാൻ അഭയ് കൃഷ്ണനെ വണ്ടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ രണ്ട് കുങ്കിയാനകളെയായിരുന്നു ദൗത്യത്തിനായി വനംവകുപ്പ് കാളികാവില്‍ എത്തിച്ചിട്ടുള്ളത്. നരഭോജി കടുവ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തയിൽ കടുത്ത ജനരോഷം നിലനിൽക്കുകയാണ്. അക്രമിയായ കടുവയെ തിരയാനാണ് ആനകളെ ഇറക്കിയത്.
മുത്തങ്ങയില്‍നിന്നാണ് കുഞ്ചുവെന്ന കുങ്കിയാനയെ വ്യാഴാഴ്ച ഇവിടെ എത്തിച്ചത്. പാലക്കാട്ടുനിന്ന് കോന്നി സുരേന്ദ്രന്‍ എന്ന കുങ്കിയാനയെ വെള്ളിയാഴ്ച രാത്രിയോടെയും സ്ഥലത്തെത്തിച്ചു. കോന്നി സുരേന്ദ്രൻ അരിക്കൊമ്പനെ പിടികൂടുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ആനയാണ്.
വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് കടുവയെ പിടികൂടാനുള്ള ദൗത്യ സംഘത്തിലുള്ളത്. കടുവയെ മയക്കുവെടിവെച്ച് പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം. 50 പേരടങ്ങുന്ന ആര്‍ആര്‍ടി സംഘവും ദൗത്യത്തിന്റെ ഭാഗമായി.

ടാപ്പിങ് തൊഴിലാളിയായ ഗഫൂർ അലിയെ വ്യാഴാഴ്ച്ച രാവിലെ 7 മണിയോടെ കാളികാവ് അടക്കാകുണ്ടിലെ റബ്ബര്‍ തോട്ടത്തില്‍വെച്ചാണ് കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്. വനത്തോടു ചേര്‍ന്നുള്ള തോട്ടത്തില്‍ ടാപ്പിങ് നടത്തുന്നതിനിടെ കടുവ ഗഫൂറിന്റെ ആക്രമിച്ച് കഴുത്തില്‍ കടിച്ച് ഉള്‍ക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. സാധാരണ തൊഴിൽ ചെയ്ത് ജീവിച്ചിരുന്ന വ്യക്തിയാണ് ചോക്കാട് കല്ലാമൂല കളപ്പറമ്പിൽ ഗഫൂർ അലി(44).
മറ്റു ടാപ്പിങ് തൊഴിലാളികളാണ് കടുവയുടെ ആക്രമണത്തെ കുറിച്ചുള്ള വിവരം നാട്ടുകാരെയും അധികതരെയും അറിയിച്ചത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് ഒന്നരമണിക്കൂറോളം നേരം തിരഞ്ഞ ശേഷമാണ് ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്.
ചെങ്കോട് മലവാരത്തിനും സൈലന്റ് വാലി കാടുകളോടും ചേര്‍ന്നുകിടക്കുന്ന ചെങ്കുത്തായ പ്രദേശമാണ് ഇത്. ഇവിടെ കടുവയെ മയക്കുവെടിവെച്ച് എങ്ങിനെയെന്ന സംശയമുണ്ട്. അടിക്കാടുകള്‍ വളര്‍ന്നുനില്‍ക്കുന്ന കുത്തനെയുള്ള മലഞ്ചെരിവില്‍ കടുവയെ പിന്തുടര്‍ന്ന് കണ്ടെത്തുക എളുപ്പമല്ല.









0 comments