print edition വിസ്മയിപ്പിക്കുന്ന നടന ചക്രവർത്തി

കെ എ നിധിൻ നാഥ്
Published on Nov 04, 2025, 03:45 AM | 2 min read
തൃശൂർ
മനയുടെ മുന്നിൽ ചാരുകസേരയിൽ ഇരുന്ന് മുഖം വശങ്ങളിലേക്ക് ചെരിച്ച് പാതി പല്ലുമാത്രം കാണിച്ച് നിശബ്ദമായി ചിരിച്ച കൊടുമൺ പോറ്റി കഴിഞ്ഞ അരനൂറ്റാണ്ടായി തിരശ്ശീലയിൽ കണ്ട മമ്മൂട്ടിയല്ല.
ഓരോ തവണയും പുതിയ സിനിമ വരുമ്പോൾ ഇനിയെന്ത് പുതുമയാണ് സമ്മാനിക്കാൻ കഴിയുക എന്ന പ്രേക്ഷക സന്ദേഹത്തോട് പകർന്നാട്ടങ്ങളിലൂടെ മറുപടി തരുന്ന മമ്മൂട്ടിയുണ്ട്. അതിൽ മുൻനിരയിലാണ് കൊടുമൺ പോറ്റിയായുള്ള പകർന്നാട്ടം. കാഴ്‌ചയുടെ സിനിമാറ്റിക് സങ്കൽപ്പങ്ങളെ വെല്ലുവിളിച്ച ചിത്രത്തിൽ പോറ്റിയായി നിറയുകയും അതിനകത്ത് ചാത്തനായി പകർന്നാടുകയും ചെയ്‌ത മികവിനുള്ള അംഗീകാരമാണ് സംസ്ഥാന പുരസ്കാരം.
"കൊടുമണ്‍ പോറ്റി, ചാത്തന്‍ എന്നീ രണ്ട് കഥാപാത്രങ്ങളെ ഒരു ശരീരത്തിൽ ആവാഹിച്ച് അധികാരത്തിനകത്തെ പൈശാചികതയെ അതിശക്തമായും സൂക്ഷ്മമായും ആവിഷ്കരിച്ച ഭാവാഭിനയ മികവിന്, താരപദവിയും പ്രതിച്ഛായയും മറന്ന് ഉടലിനെ അഭിനയപരീക്ഷണത്തിന്റെ ഉപാധിയാക്കിയ പ്രതിനായകവേഷത്തിന്റെ പകര്‍ന്നാട്ട പൂര്‍ണതയ്ക്ക്.’ എന്നാണ് ഇൗ അഭിനയത്തെ ജൂറി വിശേഷിപ്പിച്ചത്.
പലകാലസിനിമയിലൂടെ സഞ്ചരിച്ചതിൽനിന്ന് പകർന്നുകിട്ടിയ അനുഭവത്തിൽ മമ്മൂട്ടി സൃഷ്ടിക്കുന്ന തിരക്കാഴ്‌ചയുണ്ട്. പുഴു, റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, ഭ്രമയുഗം തുടങ്ങിയവയെല്ലാം ഇതിന്റെ നേർസാക്ഷ്യമാണ്. ഏഴാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരത്തിന് അർഹനാകുന്നത്. അടിയൊഴുക്കുകൾ (1984 ), ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം (1989 ), വിധേയൻ, പൊന്തൻ മാട, വാത്സല്യം (1993 ), കാഴ്ച (2004) ,പാലേരി മാണിക്യം (2009 ), നൻപകൽ നേരത്ത് മയക്കം (2022), ഭ്രമയുഗം (2024) എന്നീ ചിത്രങ്ങളിലെ അഭിനയങ്ങളാണ് മമ്മൂട്ടിയെ മികച്ച നടനാക്കിയത്.
സ്‌നേഹത്തിന് നന്ദി : മമ്മൂട്ടി
ഭ്രമയുഗത്തിലെ കഥയും കഥാപാത്രവും വ്യത്യസ്‌തമായതിനാലാണ് താൻ ആ ചിത്രം ചെയ്‌തതെന്നും അവാർഡൊന്നും പ്രതീക്ഷിച്ചിട്ടല്ല എന്നും മമ്മൂട്ടി. ഇതെല്ലാം സംഭവിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച നടനുള്ള സംസ്ഥാന അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മമ്മൂട്ടി.
‘സ്നേഹത്തിന് നന്ദി. ഇതൊരു യാത്രയാണ്. കൂടെനടക്കാൻ ഒത്തിരിപ്പേരുണ്ടാകും. അവരേയും നമ്മുടെ ഒപ്പം കൂട്ടും. അതിനെ മത്സരമായൊന്നും കരുതേണ്ടതില്ല’– മമ്മൂട്ടി പറഞ്ഞു. പുരസ്‌കാരങ്ങളെല്ലാം പുതുതലമുറയ്‌ക്കാണല്ലോ എന്ന ചോദ്യത്തിന് ഞാനെന്താ പഴയതാണോ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ആസിഫലി, ടൊവിനോ തോമസ്, ഷംല ഹംസ, സിദ്ധാർഥ് ഭരതൻ ഉൾപ്പെടെ പുരസ്കാരങ്ങൾ നേടിയ എല്ലാവരെയും അഭിനന്ദനം അറിയിക്കുന്നതായും മമ്മൂട്ടി പറഞ്ഞു.









0 comments