സമ്പൂർണ ശുചിത്വ കേരളം പിറക്കുന്നു

malinyamuktham
avatar
ബിജോ ടോമി

Published on Mar 12, 2025, 12:00 AM | 1 min read

തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം പ്രഖ്യാപനം ലക്ഷ്യത്തിലേക്ക്‌ അടുക്കവേ മാലിന്യശേഖരണത്തിൽ റെക്കോഡ്‌ നേട്ടം. ഈ സാമ്പത്തിക വർഷം ഇതുവരെ 54,405 ടൺ മാലിന്യമാണ്‌ തദ്ദേശവകുപ്പിന്‌ കീഴിലുള്ള ക്ലീൻ കേരള കമ്പനി മുഖാന്തരം ശേഖരിച്ചത്‌. സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ 60,000 ടണ്ണിൽ അധികം പാഴ്‌വസ്തു ശേഖരിക്കാൻ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്ന്‌ എംഡി ജി കെ സുരേഷ്‌കുമാർ പറഞ്ഞു. കഴിഞ്ഞവർഷം 47,549 ടണ്ണാണ് ആകെ ശേഖരിച്ച മാലിന്യം. 2022-–-23 വർഷം 30,217 ടണ്ണായിരുന്നു. 30ന്‌ അന്താരാഷ്ട്ര ശൂന്യമാലിന്യദിനത്തിൽ സമ്പൂർണ ശുചിത്വ കേരള പ്രഖ്യാപനം നടത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ്‌ പുരോഗമിക്കുന്നത്‌.

ഹരിതകർമസേന വഴിയാണ്‌ പാഴ്‌വസ്‌തു ശേഖരണം. ഇവ മൂല്യവത്താക്കിയതിന്റെ ഭാഗമായി കിട്ടുന്ന തുക ഹരിതകർമസേനയ്ക്ക്‌ തന്നെ കൈമാറുകയാണ് ക്ലീൻ കേരള കമ്പനി ചെയ്യുന്നത്‌. ഈ വർഷം ജനുവരിവരെയുള്ള കണക്കനുസരിച്ച്‌ 7.99 കോടി രൂപയാണ്‌ ഇത്തരത്തിൽ നൽകിയത്‌. കഴിഞ്ഞ വർഷം ഏകദേശം 10 കോടി രൂപ നൽകി. 2022 –- 23 വർഷം 5.04 കോടി രൂപയും കൈമാറി. മാലിന്യ സംഭരണ കേന്ദ്രങ്ങളിൽനിന്ന്‌ പാഴ്‌വസ്‌തുക്കൾ മാറ്റുന്നതിന്‌ ‘ലിഫ്റ്റിങ്‌ കലണ്ടർ’ തയ്യാറാക്കി. ഇതോടെ ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യം ഒരിടത്തും കെട്ടിക്കിടക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്താനായി. മാലിന്യ നീക്കത്തിന്‌ പൊതു –- സ്വകാര്യ പങ്കാളിത്ത മാതൃകയിൽ പ്രവർത്തിക്കുന്ന ഏജൻസികളെ കണ്ടെത്തി. പരമാവധി മാലിന്യം പുനരുപയോഗ യോഗ്യമാക്കുന്ന പ്രവർത്തനമാണ്‌ നടക്കുന്നത്‌. ഇതിന്റെ ഭാഗമായി പത്തനംതിട്ട കുന്നന്താനത്ത് റീസൈക്ലിങ്‌ പ്ലാന്റ്‌ പ്രവർത്തനം ആരംഭിച്ചു.

പുനരുപയോഗിക്കാൻ കഴിയാത്ത നിഷ്‌ക്രിയ പാഴ്‌വസ്തുക്കൾ സംസ്കരിക്കുന്നതിന് നിലവിൽ സിമന്റ് ഫാക്ടറികൾക്ക്‌ നൽകുകയാണ്‌ ചെയ്യുന്നത്‌. ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയോടുകൂടി ഇ –-വേ ബില്ല് തയ്യാറാക്കിയാണ്‌ കേരളത്തിനുപുറത്തുള്ള സിമന്റ്‌ ഫാക്‌ടറികളിലേക്ക്‌ മാലിന്യം എത്തിക്കുന്നത്‌.

ഈ സാമ്പത്തിക 
വർഷം ശേഖരിച്ച 
മാലിന്യം


തരംതിരിച്ച പ്ലാസ്റ്റിക്‌: 8605 ടൺ


ഇ –-മാലിന്യം: 267 ടൺ

പേപ്പർ മാലിന്യം: 502 ടൺ

ചില്ലുമാലിന്യം: 
1859 ടൺ

മരുന്ന്‌ സ്‌ട്രിപ്: 
44 ടൺ

ഹരിതകർമസേനയ്ക്ക്‌ നൽകിയ തുക: 7.99 കോടി രൂപ

ആർആർഎഫിന്‌ നൽകിയ തുക: 59.36 ലക്ഷം



deshabhimani section

Related News

View More
0 comments
Sort by

Home