കേരളം രചിക്കുന്നു, വൃത്തിയുടെ അധ്യായം

തിരുവനന്തപുരം
വൃത്തിയുള്ള നാടിനായി എൽഡിഎഫ് സർക്കാർ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ദേശീയ സ്വച്ഛ് സർവേക്ഷൺ പുരസ്‌കാരം. ‘മാലിന്യ മുക്‌തം നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ വിവിധ പദ്ധതികൾ സംസ്ഥാനത്തിന്റെ ശുചിത്വനിലവാരത്തിൽ വലിയ മുന്നേറ്റമുണ്ടാക്കി എന്നു കണക്കുകൾ വ്യക്‌തമാക്കുന്നു. കഴിഞ്ഞവർഷം ആയിരത്തിനുള്ളിൽപ്പോലും ഒറ്റ നഗരസഭയും ഉണ്ടായിരുന്നില്ല എന്നിടത്താണ് കേരളം മാലിന്യസംസ്‌കരണ രംഗത്ത് ചരിത്രം കുറിച്ചത്. കേരളത്തിലെ ആകെയുള്ള 93 നഗരസഭകളിൽ 82 ഉം ഇക്കുറി ആയിരം റാങ്കിൽ ഇടംനേടി. ചരിത്രത്തിലാദ്യമായി രാജ്യത്തെ 100 ശുചിത്വനഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള എട്ടു നഗരങ്ങൾ ഇടംപിടിച്ചു.
കൊച്ചി – 50, മട്ടന്നൂർ –53, തൃശൂർ –58, കോഴിക്കോട് –70, ആലപ്പുഴ –80, ഗുരുവായൂർ –82, തിരുവനന്തപുരം –89, കൊല്ലം –93 എന്നിങ്ങനെയാണ് റാങ്ക്. കഴിഞ്ഞ വർഷം കൊച്ചിയുടെ റാങ്ക് 1815 ആയിരുന്നു. മട്ടന്നൂരിലേത് 1854 ഉം ഗുരുവായൂരിന്റേത് 2364 ഉം ആയിരുന്നു. ഈ നിലയിൽ നിന്നാണ് നഗരങ്ങൾ വലിയ മുന്നേറ്റം ഉണ്ടാക്കിയത്. കേരളത്തിലെ നഗരങ്ങൾക്ക് കഴിഞ്ഞ വർഷം ലഭിച്ച ഏറ്റവും ഉയർന്ന റാങ്ക് 1370 ആയിരുന്നു. ഈ വർഷത്തെ ഏറ്റവും താഴ്‌ന്ന റാങ്കിങ് 1385 ആണ്.
മാലിന്യ മുക്‌തം നവകേരളം പദ്ധതിയിലുൾപ്പെടുത്തി നിരവധി പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കിയത്. 1034 തദ്ദേശ സ്ഥാപനങ്ങളിൽ 1029 ഉം ശുചിത്വമികവിലേക്ക് എത്തിയതായി പ്രഖ്യാപിച്ചിരുന്നു. സർക്കാർ നിശ്ചയിച്ച 13 മാനദണ്ഡങ്ങളിൽ ഓരോന്നിലും 80ശതമാനം പുരോഗതി കൈവരിച്ച തദ്ദേശ സ്ഥാപനങ്ങളെയാണ് മാലിന്യമുക്തമായി പ്രഖ്യാപിച്ചത്.
കഴിഞ്ഞ സാമ്പത്തിക വർഷം തദ്ദേശ വകുപ്പിന് കീഴിലെ ക്ലീൻ കേരള കമ്പനി വഴി 61,664 ടൺ പാഴ്‌വസ്തുക്കൾ ശേഖരിച്ചു. 37,183 ഹരിത കർമ സേനാംഗങ്ങൾക്ക് കഴിഞ്ഞ വർഷം 348.9 കോടി രൂപ വരുമാനം ലഭിച്ചു. 19,721 ചെറിയ മാലിന്യ സംഭരണ കേന്ദ്രങ്ങളും 1522 വലിയ മാലിന്യ സംഭരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. ബയോ മൈനിങ്ങിലൂടെ കാലങ്ങളായി കുന്നുകൂടിക്കിടന്ന മാലിന്യം സംസ്‌കരിച്ച് 52 ഏക്കർ സ്ഥലം വീണ്ടെടുത്തു.









0 comments