മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ; ശുചീകരണ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാം

തിരുവനന്തപുരം
മാലിന്യമുക്‌തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുവിടങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്ന ശുചീകരണ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി. പഞ്ചായത്തുകളിൽ പരമാവധി അഞ്ചും ഗ്രേഡ് 2,3 മുനിസിപ്പാലിറ്റികളിൽ 25ഉം ഗ്രേഡ് ഒന്ന് മുനിസിപ്പാലിറ്റികളിൽ 50ഉം കോർപറേഷനുകളിൽ 200 ആയുമാണ് എണ്ണം വർധിപ്പിക്കാൻ അനുമതി.
താൽക്കാലിക അടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാരുടെ സേവന കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടാനും അനുമതി നൽകി. നിലവിൽ തദ്ദേശ സ്ഥാപനങ്ങളിൽ നിയുക്തരായ ശുചീകരണ ജീവനക്കാരെ പൂർണമായി വിന്യസിച്ചതിനുശേഷവും ജീവനക്കാരുടെ ആവശ്യകത ഉണ്ടെങ്കിൽ മാത്രമേ കൂടുതൽ പേരെ നിയമിക്കാവൂ.
പഞ്ചായത്തുകളിൽ ബോട്ടിൽബൂത്ത് ഉൾപ്പെടെയുള്ള ബിന്നുകൾ 50 എണ്ണമെങ്കിലും എല്ലാ ജങ്‌ഷനുകളിലും ടൂറിസത്തിനു പ്രാധാന്യമുള്ള തിരക്കേറിയ പ്രദേശങ്ങളിലും സ്ഥാപിക്കണമെന്നും തദ്ദേശ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ യഥാക്രമം ഏറ്റവും കുറഞ്ഞത് 200, 500 വീതം ബിന്നുകൾ സ്ഥാപിക്കണം. മാലിന്യശേഖരണ ബിന്നുകളുടെ പരിപാലനം കൃത്യമായി നിർവഹിക്കാത്ത ജീവനക്കാരെ ജോലിയിൽ നിന്നു നീക്കും. തനതുഫണ്ട്, മാലിന്യ സംസ്കരണ ഫണ്ട്, സിഎസ്‌ആർ ഫണ്ട് എന്നിവ മാത്രമേ പദ്ധതിക്കായി ഉപയോഗിക്കാൻ പാടുള്ളൂ.
പൊതുവിടങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക്, ജീവനക്കാരുടെ അഭാവം ഒഴിവാക്കുന്നതിന് മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ കാലാവധിയായ മാർച്ച് 30 വരെ ദിവസ വേതനടിസ്ഥാനത്തിൽ തൊഴിലാളികളെ നിയമിക്കാൻ അനുമതി നൽകിയിരുന്നു. തുടർന്ന് ഇവരുടെ നിയമന കാലാവധി ഒരിക്കൽ ദീർഘിപ്പിച്ചു. വീണ്ടും ദീർഘിപ്പിക്കണമെന്ന് അപേക്ഷ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.









0 comments