ഗോരഖ്പൂരിൽ മലയാളി ഡോക്ടർ മരിച്ച നിലയിൽ; മരിച്ചത് തിരുവനന്തപുരം സ്വദേശി

ലഖ്നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ മലയാളി ഡോക്ടർ മരിച്ച നിലയിൽ. തിരുവനന്തപുരം പാറശാല സ്വദേശി ഡോ. അഭിഷോ ഡേവിഡിനെ(32)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗോരഖ്പൂർ ബിആർഡി മെഡിക്കൽ കോളേജിലെ പി ജി വിദ്യാർഥിയാണ്. മെഡിക്കൽ കോളേജ് ഹോസ്റ്റൽ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ചയാണ് അഭിഷോയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിഷോ ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. അഭിഷോ മുറിയിലുണ്ടോ എന്ന് മെഡിക്കൽ കോളേജിലെ അനസ്തേഷ്യ വിഭാഗം മേധാവി ഡോ. സതീഷ് കുമാർ ഒരു സ്റ്റാഫിനെ അയച്ച് തിരക്കി. എന്നാൽ വാതിലിൽ മുട്ടിവിളിച്ചിട്ടും തുറക്കാതായതോടെ സ്റ്റാഫ് ഡോകടറെ വിവരം അറിയിച്ചു.
മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു എന്നാണ് മൊഴി. വാതിൽ തകർത്ത് അകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് അഭിഷോയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടത്. വിവരത്തെ തുടർന്ന് ഗുൽറിഹ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവസ്ഥലത്ത് ഫൊറൻസിക് സംഘം പരിശോധന നടത്തി. മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
സൗമ്യമായ പെരുമാറ്റമായിരുന്നു അഭിഷോയുടേതെന്ന് അധ്യാപകരും സഹപാഠികളും പറഞ്ഞു. സ്വാഭാവിക മരണമാണോ അതോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. അഭിഷോയുടെ മുറിയിൽനിന്നും സിറിഞ്ചുകളും മരുന്നുകുപ്പികളും കണ്ടെത്തിയിട്ടുണ്ടെന്നും അമിതമായി മരുന്ന് ഉള്ളിൽ ചെന്നതാണ് മരണകാരണമെന്നുമാണ് സ്ഥിരീകരിക്കാത്ത വിവരം. സംഭവത്തിൽ ഗുൽറിഹ പൊലീസ് അന്വേഷണം ആരംഭിച്ചു.









0 comments