ധർമസ്ഥല; പിതാവിന്റെ മരണവും അന്വേഷിക്കണമെന്ന് മലയാളി യുവാവ്

dharmasthala father death
avatar
വിനോദ്‌ പായം

Published on Jul 28, 2025, 02:55 AM | 1 min read

ധർമസ്ഥല: ധർമസ്ഥലയിൽ സ്‌ത്രീകളെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്ന വെളിപ്പെടുത്തലിന്‌ പിന്നാലെ, പിതാവിന്റെ ദുരൂഹ മരണവും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മലയാളി യുവാവ്‌ രംഗത്ത്. ഇടുക്കി സ്വദേശി കെ പി അനീഷാണ് പിതാവ് കെ ജെ ജോയി ധർമസ്ഥലയിൽ ഏഴുവർഷം മുമ്പ്‌ വാഹനാപകടത്തിൽ മരിച്ചത് അന്വേഷിക്കണം എന്നാവശ്യപ്പെട്ടത്.


ധർമസ്ഥല പ്രത്യേക സംഘ (എസ്ഐടി) ത്തിന്റെ അന്വേഷണത്തിൽ ഇക്കാര്യവും ഉൾപ്പെടുത്തണം. മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ തളിപ്പറമ്പ് പൊലീസിലും പരാതി നൽകി. കർണാടക ഹൈക്കോടതിയെ സമീപിക്കുമെന്നും പറഞ്ഞു. മുത്തച്ഛന്റെ കാലത്ത് ഇടുക്കിയിൽനിന്ന്‌ ധർമസ്ഥലയിലേക്ക് കുടിയേറിയതാണ് അനീഷിന്റെ കുടുംബം.


40 ഏക്കർ സ്ഥലം ധർമസ്ഥലയിൽ ഉണ്ടായിരുന്നു. സമ്മർദം ചെലുത്തി അതിൽ 20 ഏക്കർ അവിടുത്തെ പ്രധാന കുടുംബക്കാർ 18 ലക്ഷം രൂപക്ക് കൈപ്പറ്റി. ശേഷിച്ച 20 ഏക്കറും കൈമാറണമെന്ന് സമ്മർദമുണ്ടായെങ്കിലും വഴങ്ങിയില്ല. ഇതിന്റെ പേരിൽ ഭീകര മർദനവുമുണ്ടായെന്ന്‌ അനീഷ് പറഞ്ഞു. മുത്തച്ഛന്റെ മരണശേഷം, അനീഷിന്റെ അച്ഛൻ കെ ജെ ജോയിക്ക് മേലായി സമ്മർദം. 20 ഏക്കറിന്റെ കൂടി രേഖകൾ കൈമാറി 18 ലക്ഷം രൂപ വാങ്ങി സ്ഥലംവിടണം എന്നാവശ്യപ്പെട്ടു. കോടികൾ വില വരുന്ന സ്ഥലം കൈമാറില്ല എന്ന് ജോയി ആവർത്തിച്ചു. സമ്മർദം തുടർന്നതോടെ കുടുംബം ബൾത്തങ്ങാടിയിലേക്ക് താമസം മാറി. 2018 ഏപ്രിൽ അഞ്ചിന് ഗുണ്ടക്കല്ലൂരിൽ ബൈക്കിൽ ലോറിയിടിച്ച് ജോയി മരിച്ചു.


സംഭവം കണ്ട പെൺകുട്ടിയുടെ മൊഴിയും സിസിടിവിയും പ്രകാരം, അത് ബോധപൂർവമായ അപകടമാണെന്ന് അനീഷ് ആരോപിക്കുന്നു. പിന്നിൽനിന്ന്‌ ഇടിച്ച ലോറിക്ക് രേഖകളൊന്നുമില്ലെന്നും രണ്ടു ദിവസത്തിനകം പൊലീസ് വിട്ടുകൊടുത്തതായും ആരോപിക്കുന്നു. അപകടത്തിന് ഒരാഴ്‌ച മുമ്പ് സ്ഥലം കൈമാറാൻ സമ്മർദം ചെലുത്തി ഏജന്റുമാർ വന്നിരുന്നതായും അനീഷ് പറഞ്ഞു. ഇപ്പോഴും ധർമസ്ഥലയിലെ സ്ഥലത്തിന്റെ രേഖകൾ കൈവശമുണ്ടെങ്കിലും അങ്ങോട്ട് പോകാൻ പറ്റാത്തതിനാൽ കുടുംബസമേതം തളിപ്പറമ്പിലാണ് താമസം.



deshabhimani section

Related News

View More
0 comments
Sort by

Home