മലയാളസർവകലാശാല ; ഭൂമി കണ്ടെത്തിയത് യുഡിഎഫ് കാലത്ത് , വിസിയുടെ കത്ത് പുറത്ത്

സി പ്രജോഷ്‌കുമാർ
Published on Sep 17, 2025, 01:59 AM | 1 min read
മലപ്പുറം
മലയാളസർവകലാശാലയ്‌ക്ക് 17.21 ഏക്കർ ഭൂമി ഏറ്റെടുക്കാൻ മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തീരുമാനിച്ചതിന്റെ രേഖ പുറത്ത്. സർവകലാശാല വൈസ് ചാൻസലറായിരുന്ന കെ ജയകുമാർ ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. കെ എം അബ്രഹാമിന് അയച്ച കത്തിലാണ് ഭൂമി ഏറ്റെടുക്കാൻ പണം ആവശ്യപ്പെടുന്നത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരും മുന്നേ ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയായിരുന്നുവെന്ന് ഇതിലൂടെ വ്യക്തം. ഇത് മറച്ചുവച്ചാണ് ഭൂമി ഇടപാട് നടത്തിയത് കെ ടി ജലീൽ എംഎൽഎയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ആരോപിക്കുന്നത്.
സർവകലാശാലയ്‌ക്ക് സ്ഥിരം ആസ്ഥാനം പണിയാൻ വെട്ടം വില്ലേജിൽ 6.80 ഏക്കർ വിട്ടുനൽകാൻ ഭൂവുടമകൾ തയ്യാറാണെന്ന് കാണിച്ച് 2014 മെയ് 22നാണ് ജയകുമാർ കത്തയച്ചത്. ഇൗ സ്ഥലം സ്ഥിരം ആസ്ഥാനം നിർമിക്കാൻ ഏറ്റവും അനുയോജ്യമാണെന്ന് ബോധ്യപ്പെട്ടതായും ആൾത്താമസമില്ലാത്തതിനാൽ കുടിയൊഴിപ്പിക്കലിന്റെ പ്രശ്‌നമില്ലെന്നും നെൽവയൽ- തണ്ണീർത്തട സംരക്ഷണനിയമ ലംഘനം ഉണ്ടാകാൻ സാധ്യതയില്ലെന്നും കത്തിലുണ്ട്. കെട്ടിടനിർമാണത്തിനുള്ള യുജിസി സഹായം ലഭിക്കാൻ ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കണമെന്നും സ്ഥലം വാങ്ങാൻ മലപ്പുറം കലക്‌ടർക്ക് ഉടൻ അനുവാദം നൽകണമെന്നും ജയകുമാർ അഭ്യർഥിക്കുന്നു.
ഇൗ ഭൂമിയോട് ചേർന്നുള്ള 4.33 ഏക്കർകൂടി ചേർത്ത് 11.13 ഏക്കർ ഏറ്റെടുക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2014 ജൂണിൽ മറ്റൊരു കത്തും അയച്ചു. ഒക്‌ടോബർ 29ന് അയച്ച വേറൊരു കത്തിൽ 17.21 ഏക്കർ ആവശ്യമാണെന്നും പറയുന്നു.
ഇത് പരിഗണിച്ചാണ് യുഡിഎഫ് സർക്കാർ ഭൂമി ഏറ്റെടുക്കൽ നടപടിയിലേക്ക് കടന്നത്. 2016 ഫെബ്രുവരി 17ന് മലപ്പുറം കലക്ടറുടെ ചേംബറിൽ ചേർന്ന ജില്ലാ വിലനിർണയ സമിതി യോഗത്തിൽ ഭൂമിവില സെന്റിന് 1.7 ലക്ഷം രൂപയായും നിശ്‌ചയിച്ചു. ഫെബ്രുവരി 22ന് നഷ്ടപരിഹാര സാക്ഷ്യപത്രത്തിൽ ഒപ്പിടുകയും ചെയ്‌തു. ഇതെല്ലാം മറച്ചുവച്ചാണ് തണ്ണീർത്തടം ഉൾപ്പെട്ട ഭൂമി കെ ടി ജലീൽ എംഎൽഎ കണ്ടെത്തിയെന്ന നുണ പി കെ ഫിറോസ് പ്രചരിപ്പിക്കുന്നത്.










0 comments