ഇത് പ്രണയത്തിന്റെ സ്‌ത്രീ ഹൃദയം

എഴുത്തിന്റെയും അഭിനയത്തിന്റെയും ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കൃഷ്‌ണ തുളസി ബായിയുടെ ആദ്യ കവിതാ സമാഹാരമാണ് ‘ എന്ന് സ്വന്തം കൃഷ്‌ണ’. എഴുത്ത് യാത്രയാക്കിയ ഒരു സ്‌ത്രീയുടെ ഹൃദയമാണിത്. അവൾ അവളിലൂടെ തന്നെ നടത്തുന്ന യാത്രകൾ. വൻകരകളിലൂടെയും മഹാസമുദ്രങ്ങളിലൂടെയും ഏകാന്തതയിലൂടെയും ആൾക്കൂട്ടങ്ങളിലൂടെയുമാണ് ആ യാത്രകൾ. ‘ജീവിതത്തെ അത്രമേൽ ഇഷ്ടപ്പെട്ടും അത്രമേൽ വെറുത്തും കവയത്രി അവനവനോട് തന്നെ സംസാരിക്കുന്ന കയ്‌പും ചവർപ്പും പുളിപ്പും മധുരവുമുള്ള വാക്കുകൾ, വാക്കുകൾക്കിടയിലെ മൗനങ്ങളുമാണ്’ പല കവിതകളിലെയും ഓരോ വരികളുമെന്ന് എഴുത്തുകാരി തന്നെ പറയുന്നു.
‘ എന്റേത് (മറ്റൊരാളുടേത് കൂടെയാണോ എന്നല്ല)
എന്ന കരുതലാണ് സ്‌നേഹം
ഇങ്ങോട്ടങ്ങനെയൊരു കരുതലുണ്ടോ
എന്ന് നോക്കുന്നതുമല്ല സ്‌നേഹം.
നമുക്കൊരാളോടുള്ള നിരുപാധികമായ
കരുതലല്ലാതെ മറ്റെന്തൊണ് സ്‌നേഹം?
എന്നാണ് സ്വാർത്ഥം എന്ന കൊച്ചുകവിതയിൽ കവി മനസ് ചോദിക്കുന്നത്.
ജീവിച്ചിരിക്കുന്നുവെന്ന യാഥാർഥ്യം
സ്വയം ബോധ്യപ്പെടുത്തുവാൻ, കണ്ണാടിയിലെ
പ്രതിബിംബത്തെ ആശ്രയിക്കേണ്ടിവരുന്ന
ചില സമയങ്ങൾ....
‘ ആർക്കും വേണ്ട’ എന്ന തോന്നലുകൾ..
ഈ അവസ്ഥയെയും മരണമെന്നു വളിക്കാം
ഇങ്ങനെയിങ്ങനെ,
കുറേ മരണങ്ങൾ ചേർത്തുവെയ്‌ക്കുമ്പോൾ
അതിനെ ജീവിതമെന്നും വിളിക്കാം...
എന്നാണ് ജീവാംശയിൽ കുറിക്കുന്നത്.
മഴയെ വിടാതെ കൂട്ടുപിടിച്ചുകൊണ്ടാണ് കൃഷ്‌ണ തുളസി ആർദ്രമായ ആത്മാവിഷ്‌കാരത്തിനു അക്ഷരങ്ങളിലുടെ ജീവൻ നൽകുന്നത്. മഴയുടെ വിവിധ ഭാവങ്ങളിലുടെ പല കവിതകളിലും മഴക്കാല രാവുകളുടെ ഏകാന്തതയും മണ്ണും പെണ്ണും ഋതുമതിയാകുന്ന തിരുവാതിര ഞാറ്റുവേലക്കാലവും വരച്ചുകാട്ടുന്നു.
‘എന്ന് സ്വന്തം കൃഷ്‌ണ’ കവിതാ സമാഹാരം സിനിമാസംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ പ്രകാശനം ചെയ്യുന്നു
പ്രണയത്തിന്റെ ആഴം, ഉർവരത, കാതരഭാവം എല്ലാം ഈ സമാഹാരത്തിലെ ഒരുപാട് വരികളിൽ തുളുമ്പി നിൽക്കുന്നതായി മുഖക്കുറിപ്പെഴുതിയ ഒ വി ഉഷ ചൂണ്ടിക്കാട്ടുന്നു. തെളിനാളം പോലെ എരിഞ്ഞുനിൽക്കുന്ന ശ്രദ്ധ അതിലുണ്ട്. പ്രണയം വിഷയമാക്കിയിട്ടില്ലാത്ത എഴുത്തുകളിലും കുറിപ്പുകളിലും കവിഹൃദയം ആ ശ്രദ്ധ സൂക്ഷിക്കുന്നതു കാണാം. ജീവിതത്തെ തള്ളിപ്പറയുമ്പോൾ പോലുമുണ്ട് അങ്ങനെയൊരു ആഴക്കാഴ്‌ചയുടെ തലമെന്നും ഒ വി ഉഷ പറയുന്നു.
‘എന്ന് സ്വന്തം കൃഷ്‌ണ’ കവിതാ സമാഹാരം സിനിമാസംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ പ്രകാശനം ചെയ്‌തു. ആർക്കിടെക്‌ചർ ജി ശങ്കർ ആദ്യപ്രതി ഏറ്റുവാങ്ങി. കവിയും ഗാനരചയിതാവുമായ കെ ജയകുമാർ മുഖ്യാതിഥിയായി. ഷീബ അമീർ, ഗിരിജ സേതുനാഥ്, അപർണ രാജീവ്, ജി കൃഷ്‌ണ പ്രിയ, കൃഷ്ണ തുളസി ബായി എന്നിവർ സംസാരിച്ചു. ശ്രീജ രാജേന്ദ്രന് നയിച്ച സിത്താർ കച്ചേരിയും അരങ്ങേറി.









0 comments