മകരവിളക്ക്: ക്രമീകരണങ്ങൾ പൂർത്തിയായി; ഹിൽടോപ്പിൽ പാർക്കിങ് നിരോധിച്ചു

SABARIMALA CROWD
വെബ് ഡെസ്ക്

Published on Jan 12, 2025, 04:32 PM | 2 min read

പത്തനംതിട്ട: മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ എല്ലാം പൂർത്തിയായതായി പത്തനംതിട്ട ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ. മകരവിളക്ക് ദർശനത്തിന് വ്യൂ പോയിന്റുകളിൽ തീർഥാടകരുടെ സുരക്ഷയ്ക്ക് വേണ്ട ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ ആരോഗ്യരക്ഷാ സംവിധാനങ്ങളും സജ്ജീകരിച്ചു. അയ്യൻകുന്നിൽ വ്യൂ പോയിന്റ്‌ അനുവദിക്കില്ല. ഹിൽടോപ്പിൽ ഇന്ന് മുതൽ 15 വരെ സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് അനുവദിക്കില്ല. നിലയ്ക്കലിൽ കൂടുതൽ വാഹനം പാർക്ക് ചെയ്യാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.
ഹിൽടോപ്പിൽ കെഎസ്ആർടിസി ബസുകൾക്കു മാത്രമാകും പാർക്കിങ് ഉണ്ടായിരിക്കുക. സാധാരണ സർവീസിനെ കൂടാതെ അധികമായി മുന്നൂറോളം ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. മകരവിളക്ക് ദർശനത്തിനുശേഷം തീർഥാടകർക്ക്‌ മടങ്ങാനാവശ്യമായ ​ഗതാ​ഗത സൗകര്യം ഇതു വഴി എളുപ്പമാകും. 17 വരെ ടിപ്പർ ലോറികൾക്കും ശബരിമല പാതകളിൽ നിരോധനം ഏർപ്പെടുത്തി. ഗവിയിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം മകരവിളക്ക് കഴിയുന്നതുവരെ നിർത്തിവച്ചിട്ടുണ്ട്. വർച്ച്വൽ ക്യൂ ബുക്ക് ചെയ്തവർക്ക് കാനന പാതയിലൂടെ സഞ്ചരിക്കുന്നതിന് തടസമുണ്ടാകില്ല. മകരവിളക്ക് ദർശനത്തിന് ശേഷം തീർഥാടകർ മടങ്ങുന്ന സമയത്ത് പാതകളിൽ കൂടുതൽ പൊലീസിനെയും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായും കലക്ടർ പറഞ്ഞു.
മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട മുഴുവൻ സുരക്ഷ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ്‌ ശബരിമല സന്നിധാനത്ത് പറഞ്ഞു. മകരജ്യോതി കാണാൻ തീർഥാടകർ കയറുന്ന സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കും. അനധികൃത വ്യൂ പോയിന്റുകൾ അനുവദിക്കില്ല. പഴുതടച്ച സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ദിവസം സന്നിധാനത്ത് 1800, പമ്പയിൽ 800, നിലയ്ക്കലിൽ 700 എന്നിങ്ങനെ പൊലീസുദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടാവും. മറ്റ് വ്യൂ പോയിന്റുകൾ ഉള്ള കോട്ടയത്ത് 650, ഇടുക്കിയിൽ 1050 പൊലീസുദ്യോഗസ്ഥരും സുരക്ഷയ്ക്കായി ഉണ്ടാകും.
സന്നിധാനത്ത് എഡിജിപി ശ്രീജിത്ത്, പമ്പയിൽ റേഞ്ച് ഐജി ശ്യാം സുന്ദർ, നിലയ്ക്കലിൽ ഐജി അജിതാ ബീഗം എന്നിവർ സുരക്ഷാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. ഈ സീസണിൽ പൊലീസിനെതിരെ പരാതികൾ ഉയർന്നില്ല. വലിയ കൂട്ടായ്മയാണ് ഇത്തവണ ഉണ്ടായിരുന്നതെന്ന് ഡിജിപി പറഞ്ഞു. തീർഥാടകർക്ക് സന്തോഷപൂർവമായ ദർശനമാണ് പൊലീസ് ആഗ്രഹിക്കുന്നത്. ഹൈക്കോടതിയും ഇക്കാര്യത്തിൽ സമയോചിതമായുള്ള ഇടപെടൽ നടത്തി. എരുമേലി പാത വഴി പ്രത്യേക പാസ് ഇനി ഉണ്ടാകില്ലെന്നും സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home