'മഹിളാ സാഹസ് യാത്ര'യിൽ പുരുഷന്മാർക്കെന്താ കാര്യം? മഹിളാ കോൺ. നേതാക്കൾ പുറത്ത്

സ്വന്തം ലേഖിക
Published on Aug 19, 2025, 11:47 AM | 1 min read
പത്തനംതിട്ട: മഹിളാ കോൺഗ്രസ് മഹിളാ സാഹസ് യാത്രയെ ഡിസിസി പുരുഷന്മാരുടെ പരിപാടിയാക്കിയതിൽ പ്രതിഷേധവുമായി വനിതാ നേതാക്കൾ. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ നയിച്ച മഹിളാ സാഹസ് ജാഥയുടെ തിരുവല്ലയിലെ സ്വീകരണത്തിലാണ് പുരുഷനേതാക്കൾ തള്ളിക്കയറിയത്. ഇതോടെ ജില്ലയിൽനിന്നുള്ള സംസ്ഥാന മഹിളാ നേതാക്കൾ പോലും വേദിക്ക് പുറത്തായി. പലർക്കും ജാഥാ ക്യാപ്റ്റനെ ഷാൾ അണിയിക്കാൻ പോലും കഴിഞ്ഞില്ല.
പരിപാടിക്കുശേഷം പത്രങ്ങൾക്ക് നൽകിയ വാർത്താക്കുറിപ്പിലും ജില്ലയിലെ മഹിളാ നേതാക്കളുടെ പേര് വെട്ടിയാണ് കൊടുത്തതെന്നും ആരോപണമുണ്ട്. മാധ്യമവാർത്തകളിൽ തങ്ങളുടെ പേരുകൾ ഉണ്ടായിരുന്നില്ലെന്ന് നേതാക്കളുടെ ശബ്ദസന്ദേശം വ്യക്തമാക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ദിവസങ്ങളായി പൊരിഞ്ഞ പോരാണ്. ജില്ലയിലെ സംസ്ഥാന സെക്രട്ടറിമാരായ സുധ നായർ, ആശ തങ്കപ്പൻ തുടങ്ങിയവരാണ് പ്രതിഷേധമുയർത്തിയത്. തിരുവല്ലയിൽ നടന്നത് മഹിളാ കോൺഗ്രസ് പരിപാടിയാണോ അതോ ഡിസിസിയുടെ പരിപാടിയാണോയെന്ന് ശബ്ദസന്ദേശത്തിൽ നേതാക്കൾ ചോദിക്കുന്നുണ്ട്.
തിരുവല്ലയിൽ നടന്ന ആദ്യസ്വീകരണചടങ്ങിൽ കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, യുഡിഎഫ് ജില്ലാ കൺവീനർ എ ഷംസുദീൻ, കെപിസിസി സെക്രട്ടറി എൻ ഷൈലാജ്, നിർവാഹകസമിതിയംഗം ജോർജ് മാമ്മൻ കൊണ്ടൂർ, ഇൗപ്പൻ കുര്യൻ തുടങ്ങിയ പുരുഷനേതാക്കളായിരുന്നു മുന്നിൽ.









0 comments