തൊണ്ടിമുതൽ വീണ്ടെടുക്കൽ; ഇനി 2 മഹസർ

സുജിത് ബേബി
Published on Feb 24, 2025, 12:00 AM | 1 min read
കോഴിക്കോട്: കൊലപാതക, കവർച്ചാ കേസിൽ ഇനിമുതൽ തൊണ്ടിമുതൽ കണ്ടെടുക്കുമ്പോൾ രണ്ട് മഹസറും സാക്ഷിമൊഴികളും രേഖപ്പെടുത്തണമെന്ന് ഡിജിപിയുടെ സർക്കുലർ. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഡിജിപി ഷെയ്‌ഖ് ദർവേഷ് സാഹിബാണ് ജില്ലാ പൊലീസ് മേധാവിമാർക്കും വിവിധ വിഭാഗങ്ങൾക്കും നിർദേശം നൽകിയത്. നന്ദലാൽ ഭാരതി കേസിലാണ് ഇന്ത്യൻ തെളിവ് നിയമത്തിലെ 27–-ാം വകുപ്പ് (ഭാരതീയ സാക്ഷ്യ അധീനിയത്തിൽ 23ാം വകുപ്പ്) പ്രകാരമുള്ള തൊണ്ടിമുതൽ കണ്ടെടുക്കൽ നടപടികളിൽ സുപ്രീംകോടതി ഇടപെട്ടത്. തൊണ്ടിമുതൽ സംബന്ധിച്ച് പ്രതി വിവരം നൽകുമ്പോൾ സ്വതന്ത്ര സാക്ഷികൾ ഉണ്ടായിരുന്നില്ലെന്നും അതിനാൽ തൊണ്ടിമുതൽ കണ്ടെടുത്തതിലെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്നതാണെന്നും നിരീക്ഷിച്ച് പ്രതിയെ കുറ്റവിമുക്തനാക്കിയിരുന്നു.
പൊലീസ് മേധാവിയുടെ സർക്കുലർ പ്രകാരം കൊലപാതകത്തിന് ഉപയോഗിച്ച ആയുധം, മോഷണമുതൽ എന്നിവ എവിടെയുണ്ടെന്നത് സംബന്ധിച്ച വിവരം പ്രതി നൽകാൻ സന്നദ്ധനായാൽ അക്കാര്യം രണ്ട് സ്വതന്ത്ര സാക്ഷികളുടെ സാന്നിധ്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തണം. ഇക്കാര്യം മഹസറായും രേഖപ്പെടുത്തണം. പ്രതി സൂചിപ്പിച്ച സ്ഥലത്തുനിന്ന് തൊണ്ടി മുതൽ എടുക്കാൻ സ്വതന്ത്ര സാക്ഷികൾക്കൊപ്പം വേണം കൊണ്ടുവരാൻ. ആയുധം, രക്തംപുരണ്ട വസ്ത്രം തുടങ്ങിയ തൊണ്ടികൾ കണ്ടെത്തിയാൽ അക്കാര്യം രണ്ടാമത്തെ മഹസറിൽ വിശദമായി രേഖപ്പെടുത്തണം. തൊണ്ടിമുതൽ കണ്ടെടുക്കുന്നത് സംബന്ധിച്ച് സ്വതന്ത്ര സാക്ഷികൾ സ്വയം സന്നദ്ധരായി നൽകുന്ന മൊഴി തെളിവായി കണക്കാക്കപ്പെടുമെന്നും സർക്കുലറിൽ പറയുന്നു.
സുപ്രീംകോടതി ഉത്തരവ് പ്രകാരമുള്ള നിർദേശങ്ങൾക്ക് മുൻകൂർ പ്രാബല്യമുണ്ടായാൽ നിലവിൽ കുറ്റപത്രം നൽകിയ കേസുകളെ ബാധിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, മഹസർ സാക്ഷി കൂറുമാറിയാലും തെളിവ് നിയമത്തിലെ എട്ട്, 106 വകുപ്പുകൾ പ്രകാരം സാഹചര്യ തെളിവുകൾ പരിഗണിക്കാമെന്ന മറ്റു വിധിന്യായങ്ങൾ നിലവിലുള്ളതിനാൽ പ്രതിസന്ധികൾ മറികടക്കാമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.









0 comments