മടിക്കൈ : ചുവപ്പ് തുടിക്കുന്ന നാട് , കമ്യൂണിസ്റ്റ് ഭരണചരിത്രത്തിന് 75 വർഷം

കനിംകുണ്ടിൽ അപ്പു കാരണവർ
പി പ്രകാശൻ
Published on Aug 08, 2025, 02:15 AM | 2 min read
നീലേശ്വരം
സംഘശക്തിയുടെ ചങ്കുറപ്പിലാണ് മടിക്കൈ 75 വർഷംമുമ്പ് ആ ചുവന്ന ചരിത്രമെഴുതിയത്. ജന്മിത്വവും നാടുവാഴിത്തവും കൊടികുത്തിവാണ മലബാറിലെ കുഗ്രാമം ഒറ്റനാൾകൊണ്ട് ലോകമെമ്പാടുമുള്ള ജനതയ്ക്ക് അതിശയ ദേശമാകുകയായിരുന്നു. ജന്മിവാഴ്ചയുടെ അസ്ഥിവാരമിളക്കി 1950 ജൂലൈ 14ന് മടിക്കൈ പഞ്ചായത്ത് ഭരണസമിതിയിലേക്ക് 16 കമ്യൂണിസ്റ്റുകാർ എതിരില്ലാതെ ജയിച്ചുകയറി. ചോദ്യംചെയ്യാൻ ആരുമില്ലെന്നുകരുതിയ ഫ്യൂഡൽ വാഴ്ചയുടെ വായടപ്പിച്ചുകളഞ്ഞു ആ മുന്നേറ്റം. ഏച്ചിക്കാനം ജന്മി പറയുന്നവരെ ഉൾപ്പെടുത്തി ഭരണസമിതിയുണ്ടാക്കുന്ന പതിവാണ് അന്ന് കീഴ്മേൽ മറിഞ്ഞത്. മടിക്കൈയുടെ ചുവപ്പൻ പടയോട്ടം ഇടർച്ചയില്ലാതെ ഇന്നും മുന്നോട്ട്.
എല്ലാവിഭാഗം ആളുകളെയും ഉൾപ്പെടുത്തിയുള്ള പട്ടികയുമായി ഇരുനൂറോളം കമ്യൂണിസ്റ്റ് –കർഷകസംഘം പ്രവർത്തകർ സംഘടിച്ച് അന്ന് ഏച്ചിക്കാനം തറവാട്ടിലെത്തി. ആരും വരില്ലെന്നു കരുതിയ ജന്മിയുടെ കണക്കുകൂട്ടൽ തെറ്റി. കമ്യൂണിസ്റ്റ് പാർടി മുൻകൂട്ടി തയ്യാറാക്കിയ പട്ടിക തെരഞ്ഞെടുപ്പിനെത്തിയ ഉദ്യോഗസ്ഥർക്ക് കൈമാറി. പകരം പട്ടികപോലും നൽകാനാകാതെ അന്തിച്ചുനിന്നുപോയി ജന്മി. കമ്യൂണിസ്‌റ്റ് പാർടിയുടെ പട്ടികയിലുള്ളവരെല്ലാം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കേണ്ടിവന്നു. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾചേർന്ന്, കർഷകസംഘം നേതാവ് കനിംകുണ്ടിൽ അപ്പുകാരണവരെ പ്രസിഡന്റായും നാര ചൗക്കറെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.
ഇത്തരം അനേകം ചെറുത്തുനിൽപ്പുകളിലൂടെയാണ് മടിക്കൈയ്ക്ക് പിന്തുടർച്ചയുണ്ടായത്. രാജ്യത്ത് ആദ്യമായി ജനകീയ ഇടപെടലിലൂടെ ജന്മിത്വം അവസാനിപ്പിച്ച മണ്ണാണിത്. കേരളത്തിൽ ഭൂപരിഷ്കരണനിയമം നടപ്പാകുന്നതിനും 20 വർഷംമുമ്പേ മടിക്കൈയിലെ കൃഷിക്കാർ വാരവും പാട്ടവും നൽകുന്നത് നിർത്തിയിരുന്നു. എ കെ ജി, ഇ കെ നായനാർ, ടി എസ് തിരുമുമ്പ്, കെ മാധവൻ, എ വി കുഞ്ഞമ്പു, വി വി കുഞ്ഞമ്പു, കെ എ കേരളീയൻ, എൻ ജി കമ്മത്ത് തുടങ്ങിയ നേതാക്കൾക്കെല്ലാം ഒളിത്താവളമൊരുക്കിയ നാടാണിത്.
1946ൽ ദേശാഭിമാനി ഫണ്ടുപിരിവിന് മടിക്കൈ അമ്പലത്തുകരയിൽ എത്തിയ എ കെ ജി, കാട്ടിൽനിന്ന് തോലും തലയിലേറ്റിവരുന്ന സ്‌ത്രീകളെ ഏച്ചിക്കാനം ജന്മിയുടെ കാര്യസ്ഥൻ തടഞ്ഞുവച്ചത് കണ്ടു. കാട്ടിൽനിന്ന് അരിയുന്ന തോല് ജന്മിയുടെ വയലിൽ ഇടണമെന്നാണ് കീഴ്‌വഴക്കം. ഇത് ചോദ്യംചെയ്ത എ കെ ജി തോല് സ്‌ത്രീകളുടെ തലയിലേറ്റിയതും ചരിത്രം.
മടിക്കൈ ഉൾപ്പെടുന്ന നീലേശ്വരം ദ്വയാംഗ മണ്ഡലത്തിൽനിന്ന് ജയിച്ചാണ് 1957ൽ ഇ എം എസ് കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായത്. കല്ലളൻ വൈദ്യരാണ് ഇ എം എസിനൊപ്പം അന്ന് ജയിച്ചത്. മുക്കാൽ നൂറ്റാണ്ടാകുന്ന കമ്യൂണിസ്‌റ്റ് ഭരണസാരഥ്യം മടിക്കൈയെ സമസ്തമേഖലയിലും കേരളത്തിന്റെ നെറുകയിലെത്തിച്ചു. സിപിഐ എം നേതൃത്വത്തിൽ നടക്കുന്ന 75–ാം വാർഷികാഘോഷം വെള്ളി വൈകിട്ട് നാലിന് കാലിച്ചാംപൊതിയിൽ ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനംചെയ്യും.









0 comments