എംഎസ്‍സി-3 കപ്പൽ അപകടം: ആഘാതങ്ങൾ പരിശോധിക്കാൻ സമുദ്രശാസ്ത്ര ഗവേഷണ യാത്ര ആരംഭിച്ചു

ship acident
വെബ് ഡെസ്ക്

Published on Jun 04, 2025, 09:43 AM | 2 min read

കൊച്ചി: കേരളതീരത്ത് എംഎസ്എസി എൽ‌സ 3യെന്ന ചരക്ക് കപ്പൽ അപകടത്തിൽപെട്ടതിന് പിന്നാലെയുള്ള ആഘാതങ്ങൾ പരിശോധിക്കാൻ സമുദ്രശാസ്ത്ര ഗവേഷണ യാത്ര ആരംഭിച്ചു. അറബിക്കടലിന്റെ ഇന്ത്യൻ തെക്കൻ സമുദ്രാതിർത്തിയിലാണ് യാത്ര. പാരിസ്ഥിതികവും, ജൈവ-ഭൗമരാസപരവുമായ ആഘാതങ്ങൾ പരിശോധിക്കാൻ കേന്ദ്ര ഭൂമിശാസ്ത്ര വകുപ്പിന് (MoES) കീഴിലുള്ള പുതുവൈപ്പിനിലെ മറൈൻ ലിവിംഗ് റിസോഴ്സസ് ആൻഡ് ഇക്കോളജി സെന്റർ(CMLRE) ആണ് സമുദ്രശാസ്ത്ര ഗവേഷണ യാത്ര നടത്തുന്നത്.


കപ്പലിൽ 13 ഹാനികരമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ടായിരുന്നു. അതിനാൽ, കപ്പലിലെ മുങ്ങിപ്പോയ ചരക്കുകളിൽ നിന്നും ജൈവാവാസ കേന്ദ്രമായ തെക്കുകിഴക്കൻ അറബിക്കടലിന്റെ തെക്കൻ ഭാഗത്ത് വിഷവസ്തുക്കൾ പടരാനുള്ള സാധ്യത പാരിസ്ഥിതിക ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. ജൂൺ 12 വരെയാണ് ഗവേഷണ കടൽപര്യടനം നടക്കുക. കൊച്ചിയിൽ നിന്നാണ് തുടങ്ങിയത്. കപ്പൽ മുങ്ങിയ സ്ഥലത്ത് പ്രത്യേക ശ്രദ്ധ കൊടുത്താണ് പഠനമേഖല നിശ്ചയിച്ചിരിക്കുന്നത്. 10 നോട്ടിക്കൽ മൈൽ അകലത്തിൽ രണ്ട് മെറിഡിയൽ ട്രാൻസെക്റ്റുകളിലായി ക്രമീകരിച്ചിരിക്കുന്ന 16 പരീക്ഷണയിടങ്ങളാണുള്ളത്.


സമുദ്രജീവികൾ, മത്സ്യബന്ധനം, ചുറ്റുമുള്ള ജലത്തിന്റെയും അവസാദങ്ങളുടെയും രാസ സന്തുലിതാവസ്ഥ എന്നിവയിലുണ്ടാകാവുന്ന ആഘാതത്തെക്കുറിച്ച് സമഗ്രമായി വിലയിരുത്താനാണ് യാത്ര. കപ്പൽച്ചേത പ്രദേശത്തെ ജൈവ-ഭൗമ-രാസ, പാരിസ്ഥിതിക സവിശേഷതകൾ, പ്രാദേശിക ഹൈഡ്രോഗ്രാഫി, സമുദ്ര പ്രവാഹങ്ങൾ എന്നിവ നൂതന ഉപകരണങ്ങളും രീതികളും ഉപയോഗിച്ച് നിരീക്ഷിക്കുകയാണ് പ്രാഥമിക ലക്ഷ്യം. മലിനീകരണത്തിന്റെ വ്യാപനം കണ്ടെത്തുന്നതിൽ നിർണായകമായ, ജലത്തിന്റെ ഭൗതിക ഘടനയും ചംക്രമണവും മനസിലാക്കാൻ ഈ ഉപകരണങ്ങൾ സഹായിക്കും. ദീർഘദൂര സോണാർ sX-90, മൾട്ടിപ്പിൾ ഫ്രീക്വൻസി സ്പ്ലിറ്റ്-ബീം എക്കോ സൗണ്ടറുകൾ തുടങ്ങി ഉയർന്ന നിലവാരമുള്ള ശബ്ദ സംവിധാനങ്ങൾ പഠനത്തിന് ഉപയോഗിക്കും. ഈ ഉപകരണങ്ങൾ കപ്പലിൽ നിന്നും പടർന്ന അവശിഷ്ടം കണ്ടെത്തുന്നതിനും, അതുമൂലമുള്ള കടലിലെ മാറ്റങ്ങൾ രേഖപ്പെടുത്തുന്നതിനും, സമുദ്രജീവികളുടെ മാറ്റങ്ങളും, മറ്റ് ജൈവ വൈകല്യങ്ങളും തിരിച്ചറിയുന്നതിനും സഹായിക്കും.


രാസ, ജൈവ ശേഖരങ്ങളിൽ ലയിച്ചിരിക്കുന്ന ഓക്സിജൻ, ക്ലോറോഫിൽ, വിവിധ പോഷകങ്ങൾ, പോളിയറോമാറ്റിക് ഹൈഡ്രോകാർബണുകൾ, ഹെവി മെറ്റലിന്റെ അളവ്, ട്രെയ്സ് ഘടകങ്ങൾ, pH, കണികാ ജൈവവസ്തുക്കൾ, കാർബൺ എന്നിവയുൾപ്പെടെയുള്ള നിർണായക രാസ, ജൈവ-ഭൗമരാസ ഘടകങ്ങൾ വിശകലനം ചെയ്യും. ഈ ശേഖരങ്ങൾ മൈക്രോപ്ലാസ്റ്റിക്, ഇക്കോടോക്സിക്കോളജി വിശകലനങ്ങൾക്കും ഉപയോഗിക്കും. ഫൈറ്റോപ്ലാങ്ക്ടൺ, സൂപ്ലാങ്ക്ടൺ, മത്സ്യ മുട്ടകൾ, ലാർവകൾ എന്നിവയുടെ വിതരണവും ആരോഗ്യവും പഠനസംഘം വിലയിരുത്തും.


അതേസമയം, കടലടിത്തട്ടിലെ ജന്തുജാലങ്ങളെ (ബെന്തിക്) പരിശോധിക്കുന്നതിനും കടൽതടിത്തട്ടിലെ മലിനീകരണം വിലയിരുത്തുന്നതിനും 16 സ്റ്റേഷനുകളിലും ഗ്രാബ് സാമ്പിളുകൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ ശേഖരിക്കും. ഘടനാപരമായ നാശനഷ്ടങ്ങൾ, എണ്ണ ചോർച്ചകൾ അല്ലെങ്കിൽ സമുദ്രജീവികളുടെ മാറ്റങ്ങൾ എന്നിവ തുടർന്നും അറിയാൻ, തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ക്യാമറകൾ വിന്യസിക്കും. വലിയ തോതിലുള്ള ഉപരിതല നിരീക്ഷണത്തിനായി ഒരു ബിഗ് ഐ ക്യാമറ ഉപയോഗിക്കും.


ഫിസിക്കൽ ഓഷ്യാനോഗ്രഫി, മറൈൻ ബയോളജി, ഫിഷറീസ് അക്കോസ്റ്റിക്സ്, മറൈൻ കെമിസ്ട്രി, ഫിഷറീസ്, എൻവയോൺമെന്റൽ ടോക്സിക്കോളജി എന്നീ മേഖലയിലെ വിദ​ഗ്ധർ പഠനസംഘത്തിലുണ്ട്. ദീർഘകാല പാരിസ്ഥിതിക നിരീക്ഷണത്തിനും, ആഘാതം കുറക്കാനുള്ള തന്ത്രങ്ങൾക്കും തയ്യാറാക്കാൻ ഇത്തരം സംയോജിത സമീപനം സഹായിക്കും. നയരൂപകർത്താക്കൾ, മത്സ്യബന്ധന മാനേജർമാർ, സംരക്ഷകർ തുടങ്ങിയവർക്ക് പരിസ്ഥിതി നാശത്തിന്റെ വ്യാപ്തിയെക്കുറിച്ച് അറിയിക്കുന്നതിനും അത് വീണ്ടെടുക്കാനുള്ള മാർ​ഗനിർദ്ദേശം നൽകുന്നതിനും ഈ ഗവേഷണ യാത്രയിലൂടെ സാധ്യമാകും.


അറബിക്കടൽ വളരെ സജീവമായ ജൈവവൈവിധ്യ കേന്ദ്രമാണ്. കൊച്ചി മുതൽ കന്യാകുമാരി വരെയുള്ള മേഖലയിൽ, പ്രത്യേകിച്ച് മഴക്കാലത്ത് ഇടവപ്പാതിയുടെ ആദ്യഘട്ടത്തിൽ, മത്സ്യങ്ങളുടെ പ്രത്യല്പാദന പ്രവർത്തനങ്ങൾ സജീവമായിരിക്കും. വാണിജ്യപരമായി പ്രധാനപ്പെട്ട പെലാജിക് മത്സ്യങ്ങളായ മത്തി, അയല, നെത്തോലി എന്നീ മത്സ്യങ്ങൾ ഈ പ്രദേശത്തെയാണ് അവയുടെ പ്രജനനത്തിനായി ഉപയോഗിക്കുന്നത്. അതിനാൽ, ഈ സൂക്ഷ്മമായ സമുദ്ര പരിസ്ഥിതിയിലെ കോട്ടങ്ങൾ പ്രാദേശിക ആവാസവ്യവസ്ഥയിലും ജീവിതത്തിലും തുടർ അനുബന്ധ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇവയെക്കുറിച്ച് പഠിക്കാനും യാത്ര സഹായകമാകും.



deshabhimani section

Related News

View More
0 comments
Sort by

Home