ചാതുർവർണ്യവ്യവസ്ഥ തിരിച്ചെത്തിക്കാനുള്ള ആർഎസ്‌എസ് നീക്കത്തിന് യുഡിഎഫ് കൂട്ട്: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ
കാസർകോട്: ചാതുർവർണ്യ വ്യവസ്ഥ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്ന ആർഎസ്‌എസ് നീക്കത്തിന്റെ ഭാഗമാണ് ചില സ്‌കൂളുകളിൽ നടന്ന അധ്യാപകരുടെ കാൽകഴുകിച്ചുള്ള പാദസേവയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അധ്യാപകരെ ബഹുമാനിക്കണം എന്ന കാര്യത്തിൽ തർക്കമില്ല. ആദരിക്കുന്നതിന്റെ പേരിൽ നൂറ്റാണ്ടുകൾക്കുമുമ്പ് തമസ്ക്കരിച്ച ചാതുർവർണ്യ വ്യവസ്ഥയുടെ ഭാഗമായുള്ള ആചാര രീതി തിരിച്ചുകൊണ്ടുവരാനാണ് ആർഎസ്‌എസ് –സംഘപരിവാർ ശ്രമമെന്നും ഗോവിന്ദൻ പറഞ്ഞു.
സ്‌കൂളുകളിലെ പാദപൂജ മതനിരപേക്ഷ ഉള്ളടക്കത്തേയും ജനാധിപത്യ അവബോധത്തേയും തകർക്കുന്നതാണ്. ഫ്യൂഡൽ കാലത്തെ അടിമത്ത മനോഭാവം കുട്ടികളിൽ അടിച്ചേൽൽപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്. ഇക്കാര്യങ്ങൾക്കെല്ലാം യുഡിഎഫിന്റെ പരിപൂർണ്ണ പിന്തുണയുമുണ്ട്. ഏത് കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളെയും ഉപയോഗപ്പെടുത്താനാണ് യുഡിഎഫ് ശ്രമം. ഇതിനായി ജമാഅത്തെ ഇസ്ലാമിയുമായും ആർഎസ്എസുമായും സന്ധിചെയ്യുന്നതിൽ ഇവർക്ക് യാതൊരുമടിയുമില്ലെന്നും ഇത് കേരളത്തിൽ പുരോഗമന പ്രസ്ഥാനങ്ങൾ തടയുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ പ്രവർത്തക ക്യാമ്പ് ഉദ്‌ഘാടനം ചെയ്യാനെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.









0 comments