print edition വോട്ടർപ്പട്ടികയിൽ നല്ല ജാഗ്രത വേണം : എം വി ഗോവിന്ദൻ

തിരുവനന്തപുരം
വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിലുൾപ്പെടെ നല്ല ജാഗ്രത വേണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിൽപ്പോലും പട്ടികയിൽ കൃത്രിമത്തിന് ബിജെപി ശ്രമിച്ചുവെങ്കിൽ രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിയെന്താകും. ഇൗ അപകടം മനസ്സിലാക്കിയാണ് സർക്കാർ വിളിച്ച സർവകക്ഷിയോഗത്തിൽ ബിജെപി ഒഴികെയുള്ള പാർടികൾ കോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്നും സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷൻ സംഘപരിവാറിന് എത്രമാത്രം കീഴ്‌പ്പെട്ടുവെന്ന് വ്യക്തമാകുകയാണ്. ജമ്മു കശ്‌മീരിൽനിന്ന് ആളുകളെ കൊണ്ടുവന്ന് വോട്ടുചെയ്യിപ്പിക്കുമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ നേരത്തെ പറഞ്ഞിട്ടുണ്ട്. അതാണ് രാഹുൽഗാന്ധി കഴിഞ്ഞദിവസം പറഞ്ഞതും. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലും പേരുകൾ കൂട്ടിച്ചേർക്കാൻ രണ്ടുദിവസം കിട്ടിയപ്പോൾ അനർഹരെ ചേർക്കാൻ ബിജെപി ശ്രമിച്ചു. അതിനാൽ നല്ല ജാഗ്രതയോടെ ഇതിനെ നേരിടണം.
അതിദാരിദ്ര്യമുക്ത കേരള പ്രഖ്യാപനത്തെ ദേശീയ മാധ്യമങ്ങൾ പ്രശംസിച്ചപ്പോൾ യുഡിഎഫും അനുകൂല മാധ്യമങ്ങളും ഇകഴ്‌ത്തിക്കാണിക്കാനാണ് ശ്രമിച്ചത്. കേന്ദ്രസർക്കാരിന്റെ നേട്ടമായാണ് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. സംസ്ഥാനത്തിന് അവകാശപ്പെട്ട രണ്ടുലക്ഷം കോടി രൂപ തരാതെ ബുദ്ധിമുട്ടിക്കുമ്പോഴാണ് അവകാശവാദം. ക്ഷേമപെൻഷൻ വർധിപ്പിച്ചതിനെക്കുറിച്ചും യുഡിഎഫിന് നല്ല അഭിപ്രായമില്ല. അന്ധമായ രാഷ്‌ട്രീയവിരോധം മാറ്റിവച്ച് കേരളത്തിന്റെ മുന്നേറ്റത്തിനൊപ്പം നിൽക്കാനാണ് അവർ തയ്യാറാകേണ്ടതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments