ഉന്നതവിദ്യാഭ്യാസരം​ഗത്തെ മുന്നേറ്റം അട്ടിമറിക്കാൻ​ ഗവർണർമാർ കോടതിയിൽ പോകുന്നത് അപൂർവം- എം വി ​ഗോവിന്ദൻ

M V Govindan

എം വി ​ഗോവിന്ദൻ

വെബ് ഡെസ്ക്

Published on Sep 19, 2025, 06:14 PM | 2 min read

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസരം​ഗത്തെ കേരളത്തിന്റെ മുന്നേറ്റം അട്ടിമറിക്കാനാണ് ചാൻസലർ പദവി ഉപയോ​ഗിച്ച് ​ഗവർണർ ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞു. ഉന്നതവിദ്യാഭ്യാസരം​ഗത്ത് സംസ്ഥാന സർക്കാർ സജീവമായി ഇടപെടുകയാണ്. അതിന്റെ ഫലമായി കേരളത്തിന്റെ വിദ്യാഭ്യാസമേഖല മുന്നോട്ട് കുതിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പൊതുവിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്താനാണ് ശ്രമിച്ചത്. പശ്ചാത്തല സൗകര്യം വികസിപ്പിക്കാൻ കിഫ്ബി പണം ഉപയോ​ഗിച്ചു. ഇതിന്റെ തുടർച്ചയായാണ് ഉന്നത വിദ്യാഭ്യാസരം​ഗത്തും വലിയ കുതിപ്പുണ്ടാകണമെന്ന് തീരുമാനിച്ചത്- എം വി ​ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ഇന്ത്യയിലെ മികച്ച 17 സർവകലാശാലകളിൽ മൂന്നെണ്ണം കേരളത്തിലാണ്. ദേശീയ റാങ്കിങ് പട്ടികയിൽ കേരള സർവകലാശാല അഞ്ചാം സ്ഥാനത്താണ്. കുസാറ്റ് എട്ടാം സ്ഥാനത്തും എംജി സർവകലാശാല 18-ാം സ്ഥാനത്തുമാണ്. ആദ്യ 100 റാങ്കിനുള്ളിൽ സംസ്ഥാനത്തെ 18 കോളേജുകളുണ്ട്. 300 കോളേജുകളിൽ 73 എണ്ണവും കേരളത്തിൽനിന്നാണ്. അതിൽ 18 എണ്ണവും സർക്കാർ കോളേജുകളാണ്.


ഉന്നതവിദ്യാഭ്യാസ രം​ഗത്തെ ഈ കുതിപ്പ് ​ഗവർണർമാരെ ഉപയോ​ഗപ്പെടുത്തി തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഈ മേഖലയിലെ കോടതിവിധികൾ ​ഗവർണർമാർക്ക് എതിരായാണ് വരുന്നത്. എന്നാൽ കേരളത്തിന്റെ മുന്നേറ്റത്തെ അട്ടിമറിക്കാൻ​ ഗവർണർമാർ തന്നെ കോടതിയിലേക്ക് പോകുന്നു എന്നത് അപൂർവമാണ്. മുൻ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസിനെ പ്രീണിപ്പിക്കാനാണ് സർവകലാശാലകളെ ഉപയോ​ഗിച്ചത്. എന്നാൽ ആർഎസ്എസ് രാഷ്ട്രീയത്തിന്റെ തന്നെ അടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കാനാണ് പുതിയ ​ഗവർണർ രാജേന്ദ്ര ആർലേക്കർ ശ്രമിക്കുന്നത്.


ഉന്നതവിദ്യാഭ്യാസരം​ഗത്ത് നിരന്തരമായി ഇടപെട്ടിട്ടും ലക്ഷ്യം പൂർത്തീകരിക്കാനാകാത്ത അവസ്ഥയിലാണ് ആർഎസ്എസ്. ചാൻസലറായ ​ഗവർണറുടെ ഭാ​ഗങ്ങൾ അം​ഗീകരിക്കാത്ത വിധിയാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ നിന്നുണ്ടായത്. വൈസ് ചാൻസലർ നിയമനത്തിന് സെർച്ച് കമ്മിറ്റി നിർദേശിക്കുന്ന പാനലിൽ മുൻ​ഗണന നിശ്ചയിക്കുന്നതിനുള്ള അവകാശവും സംസ്ഥാന മുഖ്യമന്ത്രിക്ക് കോടതി നൽകി. സർവകലാശാലകളെ സംഘപരിവാർ താവളമാക്കി മാറ്റാനുള്ള നീക്കത്തിനെതിരായ ശക്തമായ വിധിയാണിത്. സർക്കാരിന്റെയും സിൻഡിക്കറ്റിന്റെയും നിലപാടിനെതിരെ ​ഗവർണർ കോടതിയിൽ പോയപ്പോൾ ചെലവായത് 11 ലക്ഷം രൂപയാണ്. അത്രയും തുക ഡിജിറ്റൽ സർവകലാശാലയും സാങ്കേതിക സർവകലാശാലയും ചേർന്ന് നൽകണം എന്ന് നിയമവിരുദ്ധമായി ​ഗവർണർ ആവശ്യപ്പെട്ടിരിക്കുകയാണ്. ചാൻസലർ പദവി ഉപയോ​ഗിച്ച് എല്ലാ ജനാധിപത്യ രീതികളെയും തകർക്കുകയാണ് ​ഗവർണറെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.


ഇന്ത്യയുടെ നിലപാട് സ്വീകരിക്കുന്നത് ലജ്ജാകരം


അമേരിക്കൻ സാമ്രാജ്യത്വത്തിന് അനുകൂലമായ നിലപാട് ഇന്ത്യ സ്വീകരിക്കുന്നത് ലജ്ജാകരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞു. പലസീതിനൊപ്പം നിന്ന ലോകത്തിലെ പ്രധാനരാജ്യമായിരുന്നു ഇന്ത്യ. എന്നാലിന്ന് ഇന്ത്യ ഇസ്രയേൽ നടത്തുന്ന എല്ലാ ആക്രമണങ്ങൾക്കും മൗനസമ്മതം നൽകുകയാണെന്നും എം വി ​ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ലോകത്തെവിടെയും കുടിയേറുക എന്നത് മലയാളികളുടെ സവിശേഷതയാണ്. ലോകത്തിന്റെ ഏത് ഭാ​ഗത്തും ഉണ്ടാകുന്ന അക്രമങ്ങളും യുദ്ധങ്ങളും തെറ്റായപ്രവണതകളും കേരളത്തിലെ ജനങ്ങളെ പരിഭ്രാന്തിയിലാക്കും. മലയാളികൾ തിങ്ങിപ്പാർക്കുന്ന പ്രധാന രാജ്യമാണ് ഖത്തർ. അവിടെയുണ്ടായ ഇസ്രയേലിന്റെ കടന്നാക്രമണം വലിയ ഞെട്ടലോടെയാണ് ശ്രദ്ധിച്ചത്.


അക്രമം അവസാനിക്കുന്നു എന്നതല്ല, അമേരിക്കയുടെ പിന്തുണയോടെ യുദ്ധം തുരുമെന്നാണ് ഇസ്രയേൽ പ്രഖ്യാപിച്ചിരിക്കുന്നത്. സ്വതന്ത്ര പലസ്തീൻ എന്നത് യുഎൻ തന്നെ അം​ഗീകരിച്ചതാണ്. പക്ഷേ സാമ്രാജ്യത്വ ഇടപെടലിന്റെ ഭാ​ഗമായി യുഎൻ പ്രമേയം നടപ്പിലാക്കാൻ സാധിക്കുന്നില്ല. ഇസ്രയേലിന്റെ സമീപനം അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സമീപനം അടിസ്ഥാനപ്പെടുത്തിയാണ്.


യുദ്ധം ചെയ്ത് കീഴടക്കിയ കരഭൂമി വിൽക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരിക്കുന്നു. 65,000 ൽ അധികം ആളുകളെയാണ ​ഗാസയിൽ കൊലപ്പെടുത്തിയത്. കുട്ടികളെയും സ്ത്രീകളെയുമാണ് കൊന്നൊടുക്കുന്നത്. ഇസ്രയേൽ അക്രമത്തിനെതിരായ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നതെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home