ഗവർണർ നടപ്പാക്കുന്നത് ആർഎസ്‌എസ് അജൻഡ: എം വി ഗോവിന്ദൻ

തിരുവനന്തപുരം
ആഗസ്‌ത് 14ന് വിഭജന ഭീതിയുടെ ഓർമദിനമായി സർവകലാശാലകളിൽ ആചരിക്കാൻ വൈസ് ചാൻസലർമാർക്ക് ഗവർണർ സർക്കുലർ അയച്ചത് ആർഎസ്‌എസ് അജൻഡ നടപ്പാക്കുന്നതിന്റെ ഭാഗമായാണെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ പ്രസ്‌താവനയിൽ പറഞ്ഞു.
ജനങ്ങൾ ഐക്യത്തോടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയപ്പോൾ സാമ്രാജ്യത്വത്തെ സഹായിക്കുന്ന നിലപാടാണ് ആർഎസ്‌എസ് സ്വീകരിച്ചത്. സ്വാതന്ത്ര്യസമരകാലത്ത് വൈദേശിക ശക്തികൾക്കെതിരെ പോരാടാൻ താൽപ്പര്യം കാട്ടാതെ ‘ആഭ്യന്തര ശത്രുക്കൾ’ക്കെതിരെ പടനയിക്കാൻ ഊർജം ചെലവഴിച്ചവരാണ് സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം കുറയ്ക്കാൻ വിഭജനഭീതിയുടെ ഓര്‍മദിനം ആചരിക്കാൻ ആഹ്വാനം ചെയ്യുന്നത്. ഇന്ത്യ – പാക് വിഭജനവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവന്ന വിഭജന ഭീതിദിനത്തെ കേന്ദ്രസർക്കാർ പരിപാടിയാക്കി മാറ്റിയത് മോദിയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിര്‍ബന്ധിതമായി ഈ ദിനം ആചരിക്കുന്നുണ്ട്. ഇൗ രീതി കേരളത്തിൽ അടിച്ചേൽപ്പിക്കാനുള്ള ഗവർണറുടെ നീക്കം അനുവദിക്കാനാവില്ല. ഗവർണറുടെ നീക്കത്തിനെതിരെ അക്കാദമിക് സമൂഹവും ബഹുജനങ്ങളും പ്രതിഷേധിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments