ജനാധിപത്യത്തെ ആഘോഷിച്ച് പ്രതിരോധം തീർക്കും ; ആവിഷ്കാര സ്വാതന്ത്ര്യത്തിനായി സാംസ്‌കാരിക കൂട്ടായ്‌മ

വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ ഹാളിൽ സാംസ്‌കാരികപ്രവർത്തകരുടെ യോഗത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസാരിക്കുന്നു
തിരുവനന്തപുരം : "എമ്പുരാൻ' സിനിമക്കെതിരെ ആർഎസ്‌എസും കേന്ദ്രസർക്കാരും നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ സാംസ്‌കാരികപ്രവർത്തകർ പ്രതിരോധം തീർക്കും. "ജനാധിപത്യത്തിന്റെ ആഘോഷം' എന്ന പേരിൽ സംസ്ഥാനത്തുടനീളം മൂന്നുമാസം നീളുന്ന വിപുലമായ സാംസ്കാരിക പരിപാടി സംഘടിപ്പിക്കും. ഫാസിസ്റ്റ് വിരുദ്ധ ചലച്ചിത്രമേളകൾ, വാർഡുകളിൽ ജനകീയ പ്രതിരോധ സദസ്, കലാവിഷ്കാരങ്ങൾ എന്നിവ നടത്തും.
വൈലോപ്പിള്ളി സംസ്‌കൃതിഭവനിൽ ചേർന്ന യോഗം പരിപാടിക്ക് രൂപം നൽകി. എം മുകുന്ദൻ ചെയർമാനും അശോകൻ ചരുവിൽ ജനറൽ കൺവീനറും എസ് രാഹുൽ കൺവീനറായുമുള്ള 1001 അംഗ ജനറൽ കമ്മിറ്റി രൂപീകരിച്ചു. എം കെ സാനു, കെ സച്ചിദാനന്ദൻ, ഷാജി എൻ കരുൺ, ഡോ. ബി ഇക്ബാൽ, കെ ആർ മീര, കെ പി മോഹനൻ എന്നിവർ രക്ഷാധികാരികളാണ്.
യോഗം സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. ഔദ്യോഗികമായി പ്രദർശിപ്പിക്കാൻ ഭരണഘടനാപരമായി എല്ലാ അംഗീകാരങ്ങളും നേടിയ സിനിമയിൽനിന്ന് ദൃശ്യങ്ങൾ മാറ്റണമെന്ന് പറയുന്നത് അതിശക്തമായ കടന്നാക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണവ്യവസ്ഥയും അതിന്റെ രാഷ്‌ടീയനേതൃത്വവും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഭാഗങ്ങൾ 'സ്വമേധയാ' വെട്ടിമാറ്റിക്കുന്നു. അണിയറപ്രവർത്തകരെ വിധേയപ്പെടുത്തി ഫലപ്രദമായി പ്രഖ്യാപിപ്പിക്കുന്നതാണ് ഫാസിസം. അതിനെതിരെ പടവാളുപോലെ മൂർച്ചയുള്ള ആയുധമായി ആശയതലത്തിൽ ആഞ്ഞുവീശാനുള്ള ശേഷി സാംസ്‌കാരിക പ്രവർത്തനത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ സാംസ്‌കാരിക മേഖലയിൽ ഫാസിസത്തിന്റെ കടന്നുകയറ്റം അംഗീകരിക്കാനനാകില്ല എന്നതിനാലാണ് കൂട്ടായ്മ രൂപീകരിച്ച് ചെറുക്കുന്നതെന്ന് അധ്യക്ഷനായ മന്ത്രി സജി ചെറിയാൻ പറഞ്ഞു. എം സ്വരാജ്, എ എ റഹീം എംപി, ഷാജി എൻ കരുൺ, അശോകൻ ചരുവിൽ, ആർക്കിടെക്ട് ശങ്കർ, പ്രേംകുമാർ, ആർ പാർവതി ദേവി, മുരുകൻ കാട്ടാക്കട, ജി എസ് പ്രദീപ്, സുജ സൂസൻ ജോർജ്, പ്രമോദ് പയ്യന്നൂർ, എം സത്യൻ, ഒ എസ് ഉണ്ണികൃഷ്ണൻ, വി ജയപ്രകാശ്, മ്യൂസ് മേരി ജോർജ്, ജോബി, ഏബ്രഹാം മാത്യു തുടങ്ങിയവർ സംസാരിച്ചു.









0 comments