വർഗീയവാദികളുടെയൊന്നും വോട്ട് എൽഡിഎഫിന് വേണ്ട; കോൺഗ്രസ് നിലപാട് ധ്രുവീകരണം ശക്തിപ്പെടുത്തും: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫിന്റെ ബന്ധം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഈ കൂട്ടുകെട്ടിനെക്കുറിച്ച് കോൺഗ്രസിന് മറുപടിയൊന്നും പറയാനില്ല. പ്രിയങ്കാഗാന്ധി എംപിയോടും ഇതേ ചോദ്യം ആവർത്തിച്ചിട്ടും ഒന്നിനും മറുപടി തന്നിട്ടില്ല. രാജ്യത്തിന് അപകടകരമായ നിലപാട് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയവാദികളെ പരസ്പരം തമ്മിലടിപ്പിച്ച് ധ്രൂവീകരണം ശക്തിപ്പെടുത്താനേ കോൺഗ്രസിന്റെ ഈ നീക്കം ഉപകരിക്കൂവെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു വർഗീയവാദികളുടെയും വോട്ട് എൽഡിഎഫിന് വേണ്ട. വിശ്വാസികളൊന്നും വർഗീയവാദികളല്ല, വർഗീയവാദികൾക്ക് വിശ്വാസവുമില്ല. വിശ്വാസത്തെ ഉപകരണമായി ഉപയോഗിക്കുന്നവരാണ് വർഗീയവാദികൾ.
മലപ്പുറം ജില്ലാരൂപീകരണത്തെ എതിർത്തവരാണ് കോൺഗ്രസ്. കുട്ടിപാകിസ്ഥാൻ എന്നാണ് കോൺഗ്രസ് അന്ന് മലപ്പുറത്തെ വിളിച്ചത് 1967ലെ സർക്കാർ മലപ്പുറം ജില്ലാരൂപീകരിക്കാൻ തീരുമാനിച്ചപ്പോൾ അതിനെ എതിർത്ത് വഴിക്കടവ് നിന്ന് കോഴിക്കോട്ടേക്ക് പ്രകടനം നയിച്ച ആളാണ് ഇന്നത്തെ യുഡിഎഫ് സ്ഥാനാർഥിയുടെ പിതാവ് ആര്യാടൻ മുഹമ്മദ്. അന്നത്തെ ജനസംഘവും കോൺഗ്രസിനൊപ്പം ജില്ലാരൂപീകരണത്തെ എതിർത്തു. കേരളത്തിലെ ജനങ്ങൾക്ക് ഇതെല്ലാം അറിയാം. എന്നിട്ടാണ് ഇല്ലാത്തൊരു പ്രസ്താവനയുടെ പേരിൽ മലപ്പുറം ജില്ലയെ അപമാനിക്കാൻ ശ്രമിക്കുന്നു എന്ന് കള്ളപ്രചരണം നടത്തുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments