വി വി പ്രകാശ് എക്കാലവും പരസ്പര ബഹുമാനവും സ്നേഹവും പുലർത്തിയ നേതാവ്: എം സ്വരാജ്

വി വി പ്രകാശിന്റെ കുടുംബാംഗങ്ങൾക്കൊപ്പം എം സ്വരാജ്
നിലമ്പൂർ: അന്തരിച്ച മുതിർന്ന കോൺഗസ്ര് നേതാവ് വി വി പ്രകാശിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്. പ്രകാശിന്റെ ഭാര്യയും മക്കളുമായും സ്വരാജ് സംസാരിച്ചു. എക്കാലവും പ്രകാശിന്റെ കുടുംബവുമായി തനിക്ക് അടുത്തബന്ധമുണ്ടെന്നും സന്ദർശനം തർക്കവിഷയമാക്കേണ്ടെന്നും സ്വരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു.
വ്യത്യസ്ത രാഷ്ട്രീയപാർടികളിൽ പ്രവർത്തിക്കുമ്പോഴും എല്ലാക്കാലത്തും പരസ്പരബഹുമാനവും സ്നേഹവും പുലർത്തിയ നേതാവായിരുന്നു പ്രകാശെന്ന് സ്വരാജ് പറഞ്ഞു. വ്യക്തിപരമായ സന്ദർശനമാണ് നടത്തിയത്. അദ്ദേഹവുമായി ദീർഘകാലമായി അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. അദ്ദേഹം വിടപറയുന്നത് വരെ ആ ബന്ധത്തിൽ ഒരുതരത്തിലുള്ള ഉലച്ചിലും ഉണ്ടായിട്ടില്ല. പൊതുപ്രവർത്തനരംഗത്ത് സവിശേഷശൈലി അദ്ദേഹത്തിനുണ്ടായിരുന്നു. ലാളിത്യവും സത്യസന്ധതയുമുള്ള വ്യത്യസ്തനായ കോൺഗ്രസ് നേതാവായിരുന്നു അദ്ദേഹം.
വി വി പ്രകാശ് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നകാലം മുതൽ അടുത്തബന്ധമുണ്ട്. പാർടികൾതമ്മിൽ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും വ്യക്തിപരമായി ഏതെങ്കിലും തരത്തിലുള്ള അകൽച്ചയോ ശത്രുതയോ തർക്കമോ അദ്ദേഹവുമായി ഉണ്ടായിട്ടില്ല. അതിന് പ്രധാനകാരണവും വി വി പ്രകാശാണെന്നും സ്വരാജ് പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിനതീതമായുള്ള സൗഹൃദമാണുണ്ടായിരുന്നത്. പ്രകാശിന്റെ അനുജന്മാരുമായി കോളേജ്കാലം മുതൽക്കേ ബന്ധമുണ്ട്. എക്കാലവും ആ ബന്ധം തുടരുന്നുണ്ടെന്നും ഇനിയും കുടുംബത്തെ കാണാൻ താൻ വരുമെന്നും സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പ്രകാശിന്റെ വീട്ടിൽ ഇതുവരെ എത്താത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ അത്തരം കാര്യങ്ങൾ താൻ സംസാരിച്ചിട്ടില്ലെന്ന് സ്വരാജ് പറഞ്ഞു. അതെന്തായാലും തന്നെ ബാധിക്കില്ല. ആരോപണങ്ങൾക്കും, തർക്കങ്ങൾക്കും ഉദ്ദേശിച്ചുള്ളതായിരുന്നില്ല സന്ദർശനമെന്നും സ്വരാജ് വ്യക്തമാക്കി.









0 comments