യുഡിഎഫ് കക്ഷിനേതാവ് ബിജെപി സ്ഥാനാർഥി; ഇത് വിചിത്രം: എം സ്വരാജ്

എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് മത്സരിക്കാൻ സ്ഥാനാർഥിയെ യുഡിഎഫ് സംഭാവന ചെയ്തെന്ന് എൽഡിഎഫ് സ്ഥാനാർഥി അഡ്വ.എം സ്വരാജ്. നിലവിൽ യുഡിഎഫ് കക്ഷിയുടെ സംസ്ഥാന നേതാവാണ് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത്. ഇത് വിചിത്രമായ കാര്യമാണ്. യുഡിഎഫ് ഘടകക്ഷിയുടെ സംസ്ഥാന നേതാവാണ് താനെന്ന് ആ സ്ഥാനാർഥി തന്നെ പറഞ്ഞു. ഈ സംഭാവനയുടെ പിന്നിലുള്ള കാര്യങ്ങളെന്തൊക്കെയെന്ന് യുഡിഎഫും ബിജെപിയും ജനങ്ങളോട് വിശദീകരിക്കണമെന്നും സ്വരാജ് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റിൽപോലും ജയിച്ചില്ല. പക്ഷേ എല്ലാ മണ്ഡലങ്ങളിലും ബിജെപി മുന്നണി മത്സരിച്ചു. ജയസാധ്യതയോ വോട്ടിന്റെ കണക്കോ നോക്കാതെ കഴിഞ്ഞ കുറച്ചു തെരഞ്ഞെടുപ്പുകളിലായി ബിജെപി മുന്നണി മത്സരിക്കുന്നുണ്ട്. എന്നാൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വന്നപ്പോൾ മാത്രം ബിജെപി അറച്ചുനിൽക്കുകയായിരുന്നു. മത്സരിക്കണോ വേണ്ടയോ എന്നതിൽപോലും തീരുമാനിച്ചിരുന്നില്ല. അപ്പോഴാണ് യുഡിഎഫ് ഘടകകക്ഷിയുടെ സംസ്ഥാന കമ്മിറ്റിയംഗം ബിജെപിക്കായി മത്സരിക്കാനൊരുങ്ങുന്നത്. അദ്ദേഹം അംഗത്വം രാജിവെച്ചതായി പറഞ്ഞുകേട്ടില്ല. തെരഞ്ഞെടുപ്പ് രംഗത്ത് കൗതുകരമായ കാര്യമാണിത്. നിലമ്പൂരിലെ ജനങ്ങളുടെ സാമാന്യബുദ്ധിയെ ബിജെപിയും യുഡിഎഫും പരിഹസിക്കരുത്- സ്വരാജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കേരള കോൺഗ്രസ് ജോസഫ് സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. മോഹൻ ജോർജിനെയാണ് ബിജെപി ദേശീയനേതൃത്വം നിലമ്പൂരിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. നിലവിൽ മോഹൻ ജോർജ് ബിജെപി അംഗമല്ല.









0 comments