ഹൃദയവാനിൽ ; വികസനത്തുടർച്ചയ്‌ക്കായി എം സ്വരാജ്‌

M Swaraj election campaign

എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ വരവേൽക്കുന്നു ഫോട്ടോ: കെ ഷെമീർ

avatar
സി പ്രജോഷ്‌ കുമാർ

Published on Jun 01, 2025, 12:46 AM | 1 min read


നിലമ്പൂർ

ഷൊർണൂർ–നിലമ്പൂർ റോഡ്‌ പാസഞ്ചർ ട്രെയിൻ ശനിയാഴ്‌ച രാവിലെ ചൂളംവിളിച്ചെത്തിയത്‌ നിലമ്പൂരിന്റെ ഹൃദയത്തിലേക്കാണ്‌. നാടിന്റെ വിജയ പതാകയേന്താൻ, വികസനത്തുടർച്ചയ്‌ക്കായി എൽഡിഎഫ്‌ സ്ഥാനാർഥിയായി എം സ്വരാജ്‌ എത്തിയപ്പോൾ റെയിൽവേ സ്റ്റേഷനും പരിസരവും ആവേശത്താൽ ഇളകിമറിഞ്ഞു. വികസന തുടർച്ചയ്‌ക്കൊപ്പമാണ്‌ തങ്ങളെന്ന്‌ സ്വരാജിന്റെ ജന്മനാട്‌ വീരോചിതമായ വരവേൽപ്പിലൂടെ വിളംബരംചെയ്‌തു.


തിരുവനന്തപുരത്തുനിന്ന്‌ ഷൊർണൂരിൽ എത്തിയ സ്വരാജ്‌ രാവിലെ ഒമ്പതിന്‌ നിലമ്പൂർ പാസഞ്ചറിലാണ്‌ യാത്ര തിരിച്ചത്‌. പ്രിയ സ്ഥാനാർഥിക്ക്‌ അഭിവാദ്യമർപ്പിക്കാൻ വിവിധ സ്റ്റേഷനുകളിൽ ജനം കാത്തുനിന്നു. അങ്ങാടിപ്പുറത്തും പട്ടിക്കാട്ടും മേലാറ്റൂരും തുവ്വൂരും വാണിയമ്പലത്തും ശോണാഭിവാദ്യങ്ങളുടെ പതാക പാറി.


രാവിലെ പത്തരക്ക്‌ നിലമ്പൂർ റോഡ്‌ സ്റ്റേഷനിലിറങ്ങിയ സ്വരാജിനെക്കണ്ടതും മുദ്രാവാക്യം വിളികൾ വാനിലുയർന്നു. കുഞ്ഞാലിയുടെ സ്‌മരണകൾ ആവേശമായി. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവന്റെ നേതൃത്വത്തിൽ എൽഡിഎഫ്‌ നേതാക്കൾ മാലയിട്ട്‌ സ്വീകരിച്ചു.


പുറത്ത്‌ ജനാവലി കാത്തുനിൽപ്പുണ്ടായിരുന്നു. വർണബലൂണുകളും പൂക്കളുമുയർത്തി നിറപ്പൊലിമയാർന്ന പ്രകടനം. വഴികൾക്കിരുപുറവും ഐക്യദാർഢ്യവുമായി നൂറുകണക്കിനാളുകൾ. മുക്കട്ടയിൽ മന്ത്രി വി അബ്ദുറഹിമാൻ ഒപ്പം ചേർന്നു. വാഹനത്തിലും കാൽനടയായും യാത്ര രണ്ട്‌ മണിക്കൂർ പിന്നിട്ട്‌ നിലമ്പൂർ ടൗണിൽ സമാപിച്ചു. ബാൻഡ്‌ വാദ്യവും ശിങ്കാരി മേളവും നൃത്തച്ചുവടുകളുമായി പ്രവർത്തകർ എൽഡിഎഫിന്റെ അരങ്ങേറ്റം ഗംഭീരമാക്കി.


വൈകിട്ട്‌ റോഡ്‌ ഷോയും നടന്നു.കോടതിപ്പടിയിൽ ആരംഭിച്ച റോഡ്‌ ഷോ മലയോരത്തെ ഇളക്കിമറിച്ച്‌ എടക്കരയിൽ സമാപിച്ചു. സ്വരാജ്‌ തിങ്കളാഴ്‌ച നാമനിർദേശ പത്രിക സമർപ്പിക്കും. എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കൺവെൻഷൻ ഞായർ പകൽ 3.30ന്‌ നിലമ്പൂർ കോടതിപ്പടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Home