എം പരിവഹന്‍ സൈബർ തട്ടിപ്പ്: അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കും

കൊച്ചി: എം പരിവഹൻ സൈബർ തട്ടിപ്പ് കേസിന്റെ അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കും. പണം തട്ടിയെടുത്തതിനു പിന്നാലെ, ആയിരക്കണക്കിന് വാഹന ഉടമകളുടെ വിവരം ചോർന്നതു സംബന്ധിച്ചാണ് സംസ്ഥാന പൊലീസിന്റെ സൈബർ ഓപ്പറേഷൻസ് വിഭാഗവും കേന്ദ്രസർക്കാരിന്റെ ഇന്ത്യൻ സൈബർ ക്രൈം കോ–-ഓർഡിനേഷൻ സെന്റർ ഐ4സിയും അന്വേഷിക്കുന്നത്.
വാരാണാസിയിൽനിന്ന് കൊച്ചി സൈബർ പൊലീസ് പിടികൂടിയ പ്രതികളുടെ ഫോൺവിവരങ്ങളിൽനിന്ന് 2700 പേർ തട്ടിപ്പിനിരയായതായി കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് കേരളത്തിൽമാത്രം 570 കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ മോട്ടോർ വാഹനവകുപ്പിന്റെ വെബ്സൈറ്റ് പ്രതികൾ ഹാക്ക് ചെയ്തതായും വിവരം ലഭിച്ചു.
കസ്റ്റഡിയിലുള്ള വാരാണാസി സ്വദേശികളായ അതുൽകുമാർ സിങ്, മനീഷ് സിങ് എന്നിവരുടെ കസ്‌റ്റഡി തിങ്കളാഴ്ച വീണ്ടും ആവശ്യപ്പെടും. മൂന്നാം പ്രതിക്ക് 16 വയസ്സുമാത്രമാണ് പ്രായം. ഇയാളോട് 10 ദിവസത്തിനകം കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളുമായി മാതാപിതാക്കൾക്കൊപ്പം സൈബർ സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.









0 comments