ഇനി ഹൃദയസാനുവിൽ

എം എസ് അശോകൻ
Published on Aug 04, 2025, 01:35 AM | 3 min read
കൊച്ചി
എഴുതിയും പറഞ്ഞും പകർന്ന അറിവിന്റെ പാഠങ്ങളും സൗഹൃദമധുരവും ഹൃദയത്തിലേറ്റി തലമുറകളുടെ ഗുരുനാഥന് മലയാളം വിടചൊല്ലി. കൈരളിയുടെ രാഷ്ട്രീയ–സാംസ്കാരിക ജീവിതത്തെ പ്രകാശമാനമാക്കിയ പ്രൊഫ. എം കെ സാനു ഇനി സുകൃതസ്‌മരണ. ഭരണ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ വൻ ജനാവലി സാനുമാഷിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തി.

എം കെ സാനുവിന്റെ
മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ റീത്ത് സമർപ്പിക്കുന്നു/ ഫോട്ടോ : വി കെ അഭിജിത്
അമൃത ആശുപത്രിയിൽനിന്ന് രാവിലെ 8.45ന് മൃതദേഹം കാരിക്കാമുറി ക്രോസ്റോഡിലെ വീടായ ‘സന്ധ്യ’യിൽ എത്തിക്കുമ്പോൾ ബന്ധുക്കളും ശിഷ്യരും സഹൃത്തുക്കളും കാത്തുനിന്നിരുന്നു. അവിടെനിന്ന് ഒമ്പതോടെ പൊതുദർശനത്തിന് എറണാകുളം ടൗൺഹാളിലേക്ക്.

പ്രൊഫ. എം കെ സാനുവിന്റെ മൃതദേഹം സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, ജില്ലാ സെക്രട്ടറി എസ് സതീഷ്, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം സി എൻ മോഹനൻ, മന്ത്രിമാരായ പി രാജീവ്, പി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ രവിപുരം ശ്‌മശാനത്തിലെ ചിതയിലേക്ക് കൊണ്ടുപോകുന്നു ഫോട്ടോ: എം എ ശിവപ്രസാദ്
എം കെ സാനുവിന്റെ എണ്ണമറ്റ പ്രഭാഷണങ്ങൾക്കും സമ്പൂർണ കൃതികളുടെ പ്രകാശനത്തിനും വേദിയായ ടൗൺഹാളും പരിസരവും അദ്ദേഹത്തെ അവസാനമായി കാണാനെത്തിയവരാൽ നിറഞ്ഞിരുന്നു. മുറ്റത്തേക്ക് നീണ്ട നിരയിൽ സാധാരണക്കാരും തൊഴിലാളികളും ഉൾപ്പെടെ ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ളവരും.
മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർ ടൗൺഹാളിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ദേശാഭിമാനിക്കുവേണ്ടി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ, റസിഡന്റ് എഡിറ്റർ എം സ്വരാജ്, ജനറൽ മാനേജർ കെ ജെ തോമസ് എന്നിവർ പുഷ്പചക്രം അർപ്പിച്ചു. മന്ത്രിമാരായ പി രാജീവ്, വി എൻ വാസവൻ, എം ബി രാജേഷ്, ആർ ബിന്ദു, പി പ്രസാദ്, കെ രാജൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങിയവരും ആദരമർപ്പിച്ചു.
നാലിന് ടൗൺഹാളിൽനിന്ന് രവിപുരം ശ്‌മശാനത്തിലേക്ക്. സംസ്ഥാന സർക്കാരിന്റെ ഒൗദ്യോഗിക ബഹുമതികൾക്കുപിന്നാലെ മക്കളായ രഞ്ജിത്തും ഹാരിസും ചെറുമകൻ റോഹനും ചേർന്ന് ചിതയിൽ അഗ്നിപകർന്നു.
അന്ത്യോപചാരമർപ്പിച്ച് പ്രമുഖർ
പ്രൊഫ. എം കെ സാനുവിന് അന്ത്യോപചാരമർപ്പിച്ച് സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ. മുതിർന്ന സിപിഐ എം നേതാക്കളായ വൈക്കം വിശ്വൻ, കെ എൻ രവീന്ദ്രനാഥ്, കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ, ജില്ലാ സെക്രട്ടറി എസ് സതീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ശർമ, കെ ചന്ദ്രൻപിള്ള, സി എം ദിനേശ്മണി, മേയർ എം അനിൽകുമാർ, എംപിമാരായ ഹൈബി ഇൗഡൻ, ബെന്നി ബെഹനാൻ, ജെബി മേത്തർ, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ കെ ജെ മാക്സി, കെ എൻ ഉണ്ണിക്കൃഷ്ണൻ, ആന്റണി ജോൺ, പി പി ചിത്തരഞ്ജൻ, അൻവർ സാദത്ത്, റോജി എം ജോൺ, ഉമ തോമസ്, കെ ബാബു, ടി ജെ വിനോദ്, ചാണ്ടി ഉമ്മൻ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സെബാസ്റ്റ്യൻ പോൾ, എ എം ആരിഫ്, ജോസ് തെറ്റയിൽ, വി എം സുധീരൻ, കെ വി തോമസ്, എ നീലലോഹിതദാസ്, പി സി ചാക്കോ, പി എസ് ശ്രീധരൻപിള്ള, കെ എസ് രാധാകൃഷ്ണൻ, എ എൻ രാധാകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ജസ്റ്റിസ് പി കെ ഷംസുദീൻ, ജസ്റ്റിസ് പി എസ് ഗോപിനാഥൻ, ജസ്റ്റിസ് വി രാംകുമാർ, ജസ്റ്റിസ് ജെ ബി കോശി, ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ഭാരവാഹികളായ സ്വാമി ഋതംഭരാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി പ്രണവസ്വരൂപാനന്ദ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ, എഴുത്തുകാരായ അശോകൻ ചരുവിൽ, എൻ എസ് മാധവൻ, സി രാധാകൃഷ്ണൻ, എം തോമസ് മാത്യു, കെ ആർ മീര, സുനിൽ പി ഇളയിടം, തനൂജ ഭട്ടതിരി.
സിനിമാപ്രവർത്തകരായ അമൽനീരദ്, സിദ്ദിഖ്, ദേവൻ, രൺജി പണിക്കർ, നവ്യ നായർ, ഇർഷാദ് അലി, കൈലാഷ്, അശ്വതി ശ്രീകാന്ത്, സംഗീതസംവിധായകൻ ബേണി, കെഎസ്കെടിയു സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ, ഷാജി ജോർജ് പ്രണത, മെട്രോ എംഡി ലോക്നാഥ് ബെഹ്റ, വ്യവസായി ഗോകുലം ഗോപാലൻ, മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഷജില ബീവി, എകെജിസിടി സംസ്ഥാന സെക്രട്ടറി എം എസ് മുരളി, മഹാരാജാസ് അലുമ്നി അസോസിയേഷൻ പ്രസിഡന്റ് ഡോ. ടി വി സുജ, ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സിഐസിസി ജയചന്ദ്രൻ, കലക്ടർ എൻ എസ് കെ ഉമേഷ്, അസിസ്റ്റന്റ് കലക്ടർ പാർവതി ഗോപകുമാർ, പൊലീസ് കമീഷണർ പുട്ട വിമലാദിത്യ, ഡിസിപി അശ്വതി ജിജി തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.

എം കെ സാനുവിന്റെ മൃതദേഹം എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിനുവച്ചപ്പോൾ മന്ത്രി വി എൻ വാസവൻ, കലക്ടർ എൻ എസ് കെ ഉമേഷ്,
മന്ത്രിമാരായ എം ബി രാജേഷ്, ജി ആർ അനിൽ എന്നിവർ അന്ത്യോപചാരം അർപ്പിക്കുന്നു
സ്നേഹചുംബനം നൽകി ഡോ. സി കെ രാമചന്ദ്രൻ
കൊച്ചിയുടെ സായാഹ്നങ്ങളിൽ ഒരുമിച്ച് നടന്ന പ്രിയസ്നേഹിതനെ അവസാനമായി കാണാൻ സാനു മാഷിന്റെ "സന്ധ്യ'യിലേക്ക് ഡോ. സി കെ രാമചന്ദ്രനെത്തി. ഫ്രീസറിന് മുകളിൽ മുഖം ചേർത്ത് സ്നേഹചുംബനം നൽകി അദ്ദേഹം എം കെ സാനുവിനെ യാത്രയാക്കുമ്പോൾ ചുറ്റുമുള്ള സുഹൃത്തുക്കളുടെയെല്ലാമുള്ളിൽ വി ആർ കൃഷ്ണയ്യരും സി കെ രാമചന്ദ്രനും എം കെ സാനുവുമൊത്തുള്ള സായാഹ്നസവാരിയുടെ ചിത്രം തെളിഞ്ഞിട്ടുണ്ടാകും.










0 comments