ഉച്ചഭക്ഷണം ബലേഭേഷ്; സ്കൂളുകളിൽ പരിഷ്കരിച്ച മെനു നടപ്പിലാക്കി

തിരുവനന്തപുരം : പൊതു വിദ്യാലയങ്ങളിൽ പരിഷ്കരിച്ച ഉച്ചഭക്ഷണ മെനു നടപ്പിലാക്കി. സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിൽ പരിഷ്കരിച്ച ഉച്ചഭക്ഷണം ഇന്നുമുതൽ നൽകി തുടങ്ങി. തിരുവനന്തപുരം കോട്ടൻ ഹിൽ സ്കൂളിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരിട്ടെത്തി ഉച്ചഭക്ഷണം വിളമ്പി.

പാചകപ്പുരയില്‍ നിന്ന് വെജിറ്റബിള്‍ റൈസിന്റെ മണമടിച്ചപ്പോള്‍ മുതല്‍ കുട്ടികള്‍ ആഹ്ലാദത്തിലാണെന്ന് ടീച്ചര്‍മാര്‍ പറയുന്നു. വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവ അടങ്ങിയതാണ് പുതുക്കിയ മെനു.

വെള്ളി മുതൽ ആഴ്ചയില്‍ ഒരുദിവസം വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഉണ്ടാകും. റൈസുകളോടൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേര്‍ത്ത ചമ്മന്തിയും വേണമെന്ന് നിർദേശമുണ്ട്. മറ്റ് ദിവസങ്ങളില്‍ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന പായസമോ വ്യത്യസ്തവിഭവങ്ങളോ ഒരുക്കും.

ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികളാകും ഉച്ചഭക്ഷണത്തിന് അർഹരാകുക. കുട്ടികളില്‍ ശരിയായ പോഷണത്തിന്റെ കുറവുമൂലം 39 ശതമാനം വിളര്‍ച്ചയും 38 ശതമാനം അമിതവണ്ണവും കാണുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പുതിയ വിഭവങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.









0 comments