print edition ബോർവെൽ ലോറി മറിഞ്ഞ് അതിഥിത്തൊഴിലാളി മരിച്ചു ; ആറുപേര്‍ക്ക് പരിക്ക്

ആലക്കോട്
കുഴല്‍ക്കിണര്‍ കുഴിക്കുന്ന ലോറി മറിഞ്ഞ് അതിഥിത്തൊഴിലാളി മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ആറുപേർക്ക് പരിക്കേറ്റു. ഛത്തീസ്ഗഡ് ബല്‍റാംപുരിലെ നന്ദലാല്‍ പാണ്ടു (32) ആണ് മരിച്ചത്. പരിക്കേറ്റ ചോട്ടേലാൽ, ദൻസായി, സുമേശ്വർ, ആനന്ദ്, റാം ജലന്ധർ, ലോറി ഡ്രൈവറും ആലക്കോട് സ്വദേശിയുമായ ശ്രീഹരി എന്നിവരെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വ്യാഴം പകല്‍ 12ന് നടുവില്‍ കരുവഞ്ചാല്‍ മലയോര ഹൈവേയില്‍ താവുകുന്ന് വളവിലായിരുന്നു അപകടം. ആലക്കോടുള്ള ശ്രീറാം ബോര്‍വെല്‍സിന്റെ ലോറിയാണ് അപകടത്തിൽപ്പെട്ടത്. കരുവഞ്ചാല്‍ ഭാഗത്തേക്കുപോകുന്ന ലോറി കുന്നിറക്കത്തില്‍ നിയന്ത്രണംവിട്ട് റോഡില്‍നിന്ന് തെന്നി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ലോറിയുടെ പുറകിലുണ്ടായിരുന്ന തൊഴിലാളികളില്‍ നന്ദലാല്‍ പാണ്ടു ഒഴികെയുള്ളവര്‍ നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ലോറിയുടെ പിന്നിലെ കാബിനുള്ളില്‍ ഭാരമേറിയ പൈപ്പുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയ ഇയാളെ കുടിയാന്മല പൊലീസും തളിപ്പറമ്പ് അഗ്നിരക്ഷാസേനയുംചേര്‍ന്ന് രണ്ട് മണിക്കൂറോളം പരിശ്രമിച്ച് പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. സാരമായി പരിക്കേറ്റ ദൻസായിയെ കണ്ണൂരിലെ സ്വകാര്യ അശുപത്രിയിലേക്ക് മാറ്റി.








0 comments