കേരളം വീണ്ടും വഴി കാട്ടുന്നു ; ലോക കേരളസഭയെ മാതൃകയാക്കാൻ കേന്ദ്രം

തിരുവനന്തപുരം
കേരളത്തിലെ പ്രതിപക്ഷവും ബിജെപിയും നിരന്തരം ആക്ഷേപിച്ച ലോക കേരളസഭയെ കേന്ദ്രസർക്കാർ മാതൃകയാക്കുന്നു. ഇതിനായി ലോക കേരള സഭയുടെ വിശദവിവരങ്ങൾ തേടി വിദേശ മന്ത്രാലയം ജോയിന്റ് സെക്രട്ടറി അംഗൻ ബാനർജി കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. മറ്റു സംസ്ഥാനങ്ങളിലും സമാനമായ പ്രവാസി കൂട്ടായ്മകൾ നടത്താൻ വിദേശമന്ത്രാലയം മുൻകൈയെടുക്കണമെന്ന പാർലമെന്ററി സ്ഥിരംസമിതിയുടെ ശുപാർശ പ്രകാരമാണ് നടപടി. ഏപ്രിലിൽ സമിതി റിപ്പോർട്ടിൽ ലോക കേരള സഭയെ പ്രശംസിച്ചിരുന്നു.
എൽഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച നിരവധി നൂതന പദ്ധതികളും സംരംഭങ്ങളും വിവിധ സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും മാതൃകയായി സ്വീകരിക്കുന്നുണ്ട്. ലോക കേരളസഭയും ആ ഗണത്തിലേക്ക് ഉയർന്നു.
അഭിമാന മാതൃക
കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന കേരളീയരുടെ പൊതുവേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ് സർക്കാർ ലോക കേരളസഭ രൂപീകരിച്ചത്. കൂട്ടായ്‌മയും സഹകരണവും പ്രോത്സാഹിപ്പിച്ച് കേരളീയ സംസ്‌കാരത്തിന്റെ വികസനത്തിനു പ്രവർത്തിക്കുക എന്നതാണ് ലക്ഷ്യം. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്‌ക്ക് നിർണായക പിന്തുണ നൽകുന്ന പ്രവാസി മലയാളികളെ കേൾക്കാനും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും കേരളത്തിന്റെ വികസനത്തിന് അവരെകൂടെ പങ്കുചേർക്കാനും ഇതുവഴി കഴിയുന്നു.
ധൂർത്തെന്നു പറഞ്ഞവർക്കുള്ള മറുപടി
കേരളത്തിലും വിദേശത്തുമായി ലോക കേരള സഭയുടെ സമ്മേളനങ്ങൾ വിളിച്ചുചേർത്തപ്പോൾ ധൂർത്ത് എന്നാക്ഷേപിച്ച് രംഗത്തുവരികയായിരുന്നു കേരളത്തിലെ പ്രതിപക്ഷവും ബിജെപിയും. ലോകത്താകെയുള്ള മലയാളികൾ നിയമസഭയിൽ ലോക കേരളസഭയുടെ സമ്മേളനം ചേർന്നപ്പോൾ അതിൽനിന്ന് വിട്ടുനിൽക്കാൻ പ്രതിപക്ഷം ആഹ്വാനം ചെയ്‌തു. മാധ്യമങ്ങളും ഒപ്പംകൂടി, ലോക കേരള സഭയ്‌ക്കെതിരെ നിരന്തരം വാർത്തകളെഴുതി.









0 comments