വിരമിച്ചവരെ ദിവസക്കൂലിക്ക് എടുക്കുന്നത് 33,174 ഒഴിവ് നികത്താനിരിക്കെ , 28,769 ഒഴിവിലേക്ക് ക്ഷണിച്ച അപേക്ഷകളിലും മെല്ലെപ്പോക്ക്
ട്രെയിൻ ഓടിക്കാൻ ആളില്ല ; ലോക്കോ പൈലറ്റുമാരെ ദിവസക്കൂലിക്ക് നിയമിക്കുന്നു

സുനീഷ് ജോ
Published on Aug 26, 2025, 02:12 AM | 1 min read
തിരുവനന്തപുരം: അസിസ്റ്റന്റ് ലോക്കോപൈലറ്റ് നിയമനം നീണ്ടുപോകുന്നതിനിടെ, വിരമിച്ചവരെ ദിവസക്കൂലിക്ക് നിയമിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. റെയിൽവേ മന്ത്രാലയം 19ന് എല്ലാ സോണൽ ജനറൽ മാനേജർമാർക്കും അനുമതി നൽകി. ഷണ്ടിങ്ങിനും അനുബന്ധ ജോലികൾക്കും താൽക്കാലികക്കാരെ ഉപയോഗപ്പെടുത്താനും തീരുമാനിച്ചു.
പതിനാറ് സോണിലായി 1,45,230 ലോക്കോ റണ്ണിങ് തസ്‌തികകളിൽ 33,174 എണ്ണം ഒഴിഞ്ഞുകിടക്കുന്നു. ചില സോണുകളിൽ ഒഴിവ് 40– 45ശതമാനം വരെ. കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേയിൽ 5848 ലോക്കോ റണ്ണിങ് തസ്‌തികകളിൽ ഇപ്പോഴുള്ളത് 4560പേർ മാത്രം. തിരുവനന്തപുരം ഡിവിഷനിൽ 134 ഒഴിവുണ്ട്. പാലക്കാട് –149, സേലം– 195, മധുര–149, തിരുച്ചി– 159, ചെന്നൈ– 521 എന്നിങ്ങനെയാണ് ഒഴിവ്. 2024ൽ 726 ഒഴിവും ഇൗ വർഷം 510 ഒഴിവുമാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.
2018നുശേഷം 2024ലാണ് അസി. ലോക്കോ പൈലറ്റ് റിക്രൂട്ട്മെന്റ് നടത്തിയത്. ട്രെയിൻ ഗതാഗതം താറുമാറാകുന്ന ഘട്ടത്തിലാണ് 5699 അസി. ലോക്കോപൈലറ്റ് തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിക്കാൻ 2024 ജനുവരി 14ന് തീരുമാനിച്ചത്. ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റെ സമരങ്ങളുടെ ഫലമായി ഒഴിവുകൾ 18,799 ആയി ഉയർത്തി. 2025ൽ ഉണ്ടാകുന്ന ഒഴിവുകൾ കണക്കാക്കി മാർച്ച് 19ന് 9970 അസി. ലോക്കോപൈലറ്റ് ഒഴിവിലേക്കുകൂടി അപേക്ഷ ക്ഷണിച്ചു. 28,769 ഒഴിവുണ്ടായിട്ടും നിയമനം വേഗത്തിലാക്കാതെയാണ് വിരമിച്ചവരെ പുനർനിയമിക്കുന്നത്. സുരക്ഷിതത്വം കണക്കിലെടുത്ത് സിഗ്‌നൽ പരിപാലനത്തിൽനിന്ന് കരാർത്തൊഴിലാളികളെ ഒഴിവാക്കണമെന്ന് റെയിൽവേ സുരക്ഷാ കമീഷണർ ആവശ്യപ്പെട്ട സമയത്താണ് പുതിയ തീരുമാനം.









0 comments