ട്രാക്കിൽ കിടന്ന രണ്ടുപേരുടെ ജീവൻ രക്ഷിച്ചത് ഷാലിമാർ എക്‌സ്‌പ്രസിലെ ലോക്കോ പൈലറ്റ് അൻവർ ഹുസൈൻ
സഡൺ ബ്രേക്കിൽ രക്ഷപ്പെട്ടത് 2 ജീവൻ ; പരിഭ്രാന്തി നിറഞ്ഞ ആ രാത്രിയെക്കുറിച്ച് ലോക്കോ പൈലറ്റ് അൻവർ ഹുസൈൻ

തിരുവനന്തപുരം : ‘ ആളുകൾ ട്രാക്ക് കടന്നുപോകുന്ന വഴിയായതിനാൽ അവർ മാറി പോകുമെന്നാണ് കരുതിയത്...’ പരിഭ്രാന്തി നിറഞ്ഞ ആ രാത്രിയെക്കുറിച്ച് കായംകുളം സ്വദേശിയായ ലോക്കോ പൈലറ്റ് അൻവർ ഹുസൈൻ ഓർമിച്ചെടുത്തു. ട്രാക്കിൽ കിടന്ന രണ്ടുപേരുടെ ജീവൻ രക്ഷപ്പെടുത്തിയതിന്റെ വീഡിയോ വൈറലായതിനെക്കുറിച്ച് പറയുകയായിരുന്നു അദ്ദേഹം.
ശനി രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. 350–- 400 മീറ്റർ അകലെ ഹെഡ് ലൈറ്റിന്റെ വെട്ടത്തിൽ രണ്ടു രൂപങ്ങളുടെ നിഴൽ കണ്ടു. അവർ വഴിമാറി പോകുമെന്നാണ് കരുതിയത്. തുടരെ ഹോൺ മുഴക്കി. 50 മീറ്റർ എത്തിയപ്പോഴേക്കും അവർ രണ്ടുപേരും പാളത്തിനു സമാന്തരമായി വീഴുന്നതാണ് കാണുന്നത്. സഡൻ ബ്രേക്ക് ഇട്ടെങ്കിലും അവരെ കടന്നാണ് ട്രെയിൻ നിന്നത്. എങ്കിലും ഇരുവർക്കും പരിക്കൊന്നും പറ്റിയില്ല. ഞങ്ങളിൽ ശ്വാസം നേരെ വീണു. പിറവം സ്വദേശിയായ സുജിത് സുധാകരനായിരുന്നു അസി. ലോക്കോ പൈലറ്റ്. ഞങ്ങൾ രണ്ടുപേരും ചേർന്ന് ട്രെയിനിനടിയിൽനിന്ന് അവരെ ട്രാക്കിനു പുറത്തേക്ക് ഇറക്കിനിർത്തി. പാളത്തിലുണ്ടായിരുന്നത് ഒരു യുവാവും മറ്റൊരാൾ അമ്പത്തഞ്ചുകാരനുമായിരുന്നു. ആലുവ സ്വദേശികളായ രണ്ടുപേരും മദ്യപിച്ചിരുന്നു.
ട്രെയിൻ നിർത്തിയത് കണ്ട് സമീപവാസികളും വന്നു. അവരെ ഏൽപ്പിച്ചാണ് പുറപ്പെട്ടത്. ഈറോഡുവരെയായിരുന്നു അന്ന് ഡ്യൂട്ടി. 28 വർഷം നീണ്ട സർവീസിൽ അൻവർ ഹുസൈൻ പത്ത് സംഭവത്തിൽ ആളുകളുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. ഇതാദ്യമാണ് രണ്ടുപേരെ ട്രാക്കിൽനിന്ന് ജീവിതത്തിലേക്ക് പിടിച്ചുകയറ്റുന്നത്.









0 comments