36 മണിക്കൂർ നിരാഹാരസമരത്തിന് ലോക്കോ പൈലറ്റുമാർ

തിരുവനന്തപുരം: അനധികൃതമായി ലോക്കോ പൈലറ്റിനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും രാജ്യത്തെ ലോക്കോ പൈലറ്റുമാർ 36 മണിക്കൂർ നിരാഹാര സമരം നടത്തും. വ്യാഴം രാവിലെ 8 മുതൽ വെള്ളി രാത്രി 8 വരെയാണ് സമരം. ജോലി എടുത്തുകൊണ്ടായിരിക്കും പ്രതിഷേധം.
എൻപിഎസിനും യുപിഎസിനും പകരം ഒപിഎസ് പുനഃസ്ഥാപിക്കുക, ജോലി സമയം ഗുഡ്‌സിൽ 8 മണിക്കൂറായും യാത്രാട്രെയിനുകളിൽ ആറു മണിക്കൂറുമാക്കുക, പ്രതിവാര വിശ്രമത്തോടൊപ്പം ട്രിപ്പ് റസ്റ്റും അനുവദിക്കുക, ലോക്കോ പൈലറ്റുമാരെ 36 മണിക്കൂറിനുള്ളിൽ ഹെഡ്‌ക്വാർട്ടറിൽ തിരിച്ചെത്തിക്കുക, ട്രെയിനിങ് സമയം വർധിപ്പിക്കുക, പ്രാഥമികാവശ്യങ്ങൾക്കും ഭക്ഷണത്തിനും സമയം അനുവദിക്കുക, വനിതാജീവനക്കാരുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പുവരുത്തുക, ലോക്കോ പൈലറ്റുമാരെ ഇതര ജോലികൾക്ക് അടിച്ചേൽപ്പിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം. 17 സോണുകളിലെയും ലോക്കോ പൈലറ്റുമാർ പ്രതിഷേധത്തിൽ പങ്കാളികളാകുമെന്ന് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. സമരം ട്രെയിൻ ഗതാഗതത്തെ ബാധിക്കില്ല.
സമരത്തിന് ഐക്യദാർഢ്യം: ഡിആർഇയു
തിരുവനന്തപുരം ഡിവിഷനിൽ സമയപരിധി കഴിഞ്ഞിട്ടും ജോലി ചെയ്യാൻ വിസമ്മതിച്ച ലോക്കോ പൈലറ്റിനെ പിരിച്ചുവിട്ട നടപടിക്കെതിരെ ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ നടത്തുന്ന സമരത്തിന് ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി സോണൽ വൈസ് പ്രസിഡന്റ് മാത്യു സിറിയക്. പാലക്കാട് ഡിവിഷനിലും ഇതിനുസമാനമായ പിരിച്ചുവിടൽ നടന്നു. ഈ നടപടിക്കെതിരെ എസ്‌ആർഎംയു, ഡിആർഇയു സംഘടനകൾ യോജിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. പ്രശ്‌നം പരിഹരിക്കാൻ റെയിൽവേ അധികാരികൾ തയ്യാറായില്ലെങ്കിൽ സഹോദര സംഘടനകളെയും തൊഴിലാളികളെയും പങ്കെടുപ്പിച്ച് വലിയ പ്രക്ഷോഭങ്ങളിലേക്ക് പോകും. പിരിച്ചുവിടലുകൾക്കെതിരെ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ സമരമുഖത്ത് ഡിആർഇയു പ്രവർത്തകർ അണിനിരക്കണമെന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.
Related News

0 comments