ലോക്കോ പൈലറ്റ്‌ പരീക്ഷ അനിശ്‌ചിതത്വത്തിൽ

loco pilot
avatar
സുനീഷ്‌ ജോ

Published on Mar 24, 2025, 12:00 AM | 1 min read

തിരുവനന്തപുരം: റെയിൽവേ അസിസ്‌റ്റന്റ്‌ ലോക്കോ പൈലറ്റ്‌ (എഎൽപി) തസ്‌തികയിലേക്കുള്ള രണ്ടാംഘട്ട പരീക്ഷയിലെ അനിശ്‌ചിതത്വം തുടരുന്നു. ബുധൻ രാവിലെ ഒമ്പതിന്‌ കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയ്‌ക്ക്‌ ഉദ്യോഗാർഥികൾ ഹാളിൽ എത്തിയശേഷം പൊടുന്നനെ പരീക്ഷ മാറ്റിവച്ചതിനുപിന്നിൽ ചോദ്യചോർച്ചയെന്ന്‌ സംശയം ബലപ്പെട്ടു. ഉത്തർപ്രദേശിലെ കാൺപുർ പരീക്ഷാ സെന്ററിൽ ചോദ്യചോർച്ച ഉണ്ടായെന്നും അവിടത്തെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുകയുംചെയ്‌തു. രാജ്യത്തെ വിവിധ റെയിൽവേ റിക്രൂട്ട്‌മെന്റ്‌ ബോർഡുകൾ (ആർആർബി) ബുധൻ, വ്യാഴം ദിവസങ്ങളിലാണ്‌ പരീക്ഷ പ്രഖ്യാപിച്ചത്‌. എന്നാൽ സെർവർ തകരാറിനെത്തുടർന്ന്‌ പരീക്ഷ മാറ്റിയെന്നാണ്‌ ഔദ്യോഗിക വിശദീകരണം.


loco pilot exam in uncertainty


റെയിൽവേ റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ രാജ്യത്തെമ്പാടും പരീക്ഷകൾ മാറ്റിവയ്‌ക്കുന്നത്‌ ആദ്യമായാണ്‌. 18.5 ലക്ഷം പേർ ഒന്നാംഘട്ട പരീക്ഷ എഴുതിയിരുന്നു. ഫെബ്രുവരി, -മാർച്ച് മാസങ്ങളിലാണ്‌ അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ്, ജൂനിയർ എൻജിനിയർ രണ്ടാംഘട്ട പരീക്ഷയ്‌കൾക്കുള്ള ഉദ്യോഗാർഥികളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചത്‌. 1,20,569 പേരാണ്‌ രണ്ടാംഘട്ടപരീക്ഷയ്‌ക്ക്‌ 11 കേന്ദ്രങ്ങളിലായി അർഹത നേടിയത്‌. അസി. ലോക്കോ പൈലറ്റ്‌ പരീക്ഷ മാർച്ച് 19 എന്നത്‌ 20ലേക്ക്‌ മാറ്റിയെങ്കിലും നടന്നില്ല. ജൂനിയർ എൻജിനിയർ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചിട്ടുമില്ല.


അഞ്ചുവർഷമായി നിലനിന്ന അപ്രഖ്യാപിത നിയമന നിരോധനത്തിന്‌ ശേഷമാണ് 2024ൽ വ്യത്യസ്‌ത തസ്‌തികകളിലേക്കുള്ള നിയമന അറിയിപ്പ്‌ റെയിൽവേ ഇറക്കിയത്‌. മിക്ക തസ്‌തികകളിലും ഒന്നാംഘട്ട ഓൺലൈൻ പരീക്ഷ പൂർത്തിയാക്കിയത്‌ കഴിഞ്ഞവർഷം അവസാനമാണ്‌. ഇതിൽ ആർപിഎഫ്‌ (എസ്‌ഐ), ടെക്‌നീഷ്യൻ ഗ്രേഡ് ഒന്ന്‌, മൂന്ന്‌ തസ്‌തികകളിലേക്കുള്ള ചുരുക്കപ്പട്ടിക പുറത്തുവന്നു. പരീക്ഷാദിവസം തന്നെ തസ്‌തികയിലേക്കുള്ള ഒഴിവുകൾ കുറച്ചെന്ന്‌ കാട്ടി റെയിൽവേ ബോർഡ്‌ സോണൽ ജനറൽ മാനേജർമാർക്ക്‌ സർക്കുലർ അയച്ചതിലും ദുരൂഹതയുണ്ട്‌. 18799 തസ്‌തിക 9970 ആക്കിയാണ്‌ കുറച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Home