പൈങ്ങോട്ടൂരിലെ എൽഡിഎഫ് വിജയം: കുഴൽനാടനും ഡീനിനും സ്വന്തം നാട്ടിലും തിരിച്ചടി

ജോഷി അറയ്ക്കൽ
Published on Feb 25, 2025, 01:27 PM | 1 min read
കോതമംഗലം: യുഡിഎഫ് നേതാക്കൾക്ക് വൻ തിരിച്ചടിയായി എറണാകുളം പൈങ്ങോട്ടൂർ പനങ്കര വാർഡിലെ എൽഡിഎഫിന്റെ വിജയം. എൽഡിഎഫിന്റെ അമൽ രാജാണ് വിജയിച്ചത്. യുഡിഎഫിലെ ബിജിയെ 166 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. അമൽ രാജ് 483 വോട്ട് നേടിയപ്പോൾ 317 വോട്ടാണ് ബിജിയ്ക്ക് ലഭിച്ചത്. ബിജെപിയിലെ ആര്യ സത്യൻ 45 ഉം എഎപി യുടെ അഡ്വ. മരിയ ജോസ് 16 വോട്ടുകളും നേടി.
ഇടുക്കി എം പി ഡീൻകുര്യാക്കോസിൻ്റേയും മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെയും നാടാണ് പൈങ്ങോട്ടൂർ. ജന്മനാട്ടിൽ എൽഡിഎഫ് നേടിയ വൻ വിജം ഇരു നേതാക്കൾക്കും തിരിച്ചടിയായി. എൽഡിഎഫ് ഭരണത്തിനെതിരെ അപവാദവുമായി നടക്കുന്ന ഇരുവരെയും സ്വന്തം നാട്ടിലെ ജനത പോലും വകവെച്ചില്ലെന്നതാണ് അമൽരാജിൻ്റെ ഗംഭീര വിജയം സൂചിപ്പിക്കുന്നത്.
166 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് അമൽ രാജ് ജയിച്ചത്. പോൾ ചെയ്ത 861 വോട്ടിൽ 483 വോട്ട് അമൽരാജ് നേടി. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ നിസാർ മുഹമ്മദ് 223 വോട്ടുകൾക്ക് ജയിച്ച വാർഡിലാണ് ഇപ്പോൾ എൽഡിഎഫ് 166 വോട്ടിന് ജയിച്ച് വാർഡ് തിരിച്ച് പിടിച്ചത് എന്നതും ഡീനിനും കുഴൽനാടനും കനത്ത തിരിച്ചടിയായി.
യുഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തതിനു പുറമെ പഞ്ചായത്ത് ഭരണവും എൽഡിഎഫ് നേടി. സ്വന്തം തട്ടകത്തിൽ ഉണ്ടായ കാലിടർച്ചയോടെ ഇരുവർക്കുമെതിരെ യുഡിഎഫിൽ കലാപക്കൊടിയുയർന്നു കഴിഞ്ഞു. ഇരുവരും പാതിവില തട്ടിപ്പുകാരിൽ നിന്ന് പണം കൈപ്പറ്റിയെന്ന ആക്ഷേപം തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഏറെ വിവാദമാവുകയും ചർച്ചയാവുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഈ തോൽവിയും.









0 comments