വോട്ടുവിഹിതത്തിലും എൽഡിഎഫ് ബഹുദൂരം മുന്നിൽ
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വോട്ടുവിഹിതത്തിലും എൽഡിഎഫ് ബഹുദൂരം മുന്നിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പ്

തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടു കണക്കിലും എൽഡിഎഫ് ബഹുദൂരം മുന്നിൽ. വോട്ടെടുപ്പ് നടന്ന 28 തദ്ദേശ വാർഡുകളിൽ ആകെ പോൾ ചെയ്‌തതിന്റെ 44 ശതമാനം വോട്ടാണ് എൽഡിഎഫ് നേടിയത്. യുഡിഎഫിന് 37 ശതമാനം മാത്രമാണ് ലഭിച്ചത്. ബിജെപിക്ക് 16 ശതമാനവും. കാസർകോട് ജില്ലയിലെ രണ്ടു വാർഡുകളിൽ എൽഡിഎഫ് എതിരില്ലാതെയാണ് വിജയിച്ചത്. ഇവിടത്തെ വോട്ട് കൂടി പരിഗണിച്ചാൽ എൽഡിഎഫ് വിഹിതം വീണ്ടും ഉയരും. പല സ്ഥലത്തും ബിജെപി, എസ്‌ഡിപിഐ, വെൽഫെയർ പാർടികളുമായുണ്ടാക്കിയ രഹസ്യ ധാരണയാണ് യുഡിഎഫിന് 37 ശതമാനം വോട്ടെങ്കിലും ലഭ്യമാക്കിയത്.
ഏഴ് തദ്ദേശ വാർഡുകളിൽ യുഡിഎഫ് മൂന്നാം സ്ഥാനത്തായി. തെരഞ്ഞെടുപ്പ നടന്ന ഏക കോർപറേഷൻ വാർഡിലും ഒരു നഗരസഭാ വാർഡിലും അഞ്ചു പഞ്ചായത്ത് വാർഡുകളിലുമാണ് യുഡിഎഫ് മൂന്നാം സ്ഥാനത്തായത്. കഴിഞ്ഞ തവണ വൻഭൂരിപക്ഷം നേടി ജയിച്ച തിരുവനന്തപുരം പാങ്ങോട് പുലിപ്പാറയാണ് യുഡിഎഫ് മൂന്നാമതെത്തിയ ഒരു വാർഡ്. ഇവിടെ എസ്‌ഡിപിഐയാണ് വിജയിച്ചത്. കോൺഗ്രസ് വോട്ട് കൂട്ടത്തോടെ ഇവിടെ എസ്‌ഡിപിഐയിലെത്തി. കഴിഞ്ഞ തവണ 455 വോട്ടു ലഭിച്ച കോൺഗ്രസിന് ഇക്കുറി കിട്ടിയത് 148 വോട്ടുമാത്രമാണ്.
എൽഡിഎഫ് വിജയിച്ച തിരുവനന്തപുരം കോർപറേഷനിലെ ശ്രീവരാഹത്ത് ഉൾപ്പെടെ ആറിടത്ത് ബിജെപി രണ്ടാമതെത്തി. ശ്രീവരാഹത്തും കോൺഗ്രസ് വോട്ടിൽ വലിയ കുറവുണ്ടായി. ആകെ 30 വാർഡുകളിൽ 17 ഇടത്ത് എൽഡിഎഫും 12 ഇടത്ത് യുഡിഎഫും ഒരു വാർഡിൽ എസ്‌ഡിപിഐയുമാണ് വിജയിച്ചത്.
0 comments