സാന്ദ്ര തോമസിനെതിരെ മാനനഷ്ടത്തിന് കേസ് നൽകി ലിസ്റ്റിൻ സ്റ്റീഫൻ

listin stephen sandra thomas
വെബ് ഡെസ്ക്

Published on Jul 07, 2025, 06:38 PM | 1 min read

കൊച്ചി: നിർമാതാവ് സാന്ദ്ര തോമസിനെതിരെ മാനനഷ്ടക്കേസ് നൽകി പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ ട്രഷററും നിർമാതാവുമായ ലിസ്റ്റിൻ സ്റ്റീഫൻ. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് എറണാകുളം ജൂഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ലിസ്റ്റിൻ കേസ് ഫയൽ ചെയ്തത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സാന്ദ്ര തോമസ് സമൂഹമാധ്യമങ്ങളിലുൾപ്പെടെ തന്നെ അപമാനിച്ചുവെന്നാണ് ലിസ്റ്റിൻ സ്റ്റീഫന്റെ ആരോപണം.


തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരിൽ നിന്ന് പണം വാങ്ങി മലയാളത്തിലെ നിർമാതാക്കൾക്ക് നൽകി ലിസ്റ്റിൻ സിനിമയെ നശിപ്പിക്കുന്നെന്ന് ഉൾപ്പെടെ സാന്ദ്ര ആരോപിച്ചിരുന്നു. തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താൽപ്പര്യങ്ങൾക്ക് വഴിവെട്ടാൻ മലയാളസിനിമാ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിൻ ചെയ്യരുത്. മലയാളസിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയിൽ ഒതുങ്ങണമെന്ന്‌ അദ്ദേഹത്തേക്കാൾ കൂടുതൽ താൽപര്യം സംസ്ഥാനത്തിന് പുറത്തുള്ള കള്ളപ്പണ ലോബിക്കാണ്. ലിസ്റ്റിൻ മലയാളസിനിമാ രംഗത്ത് സൃഷ്ടിക്കുന്ന ‘പലിശ കുത്തകകൾ' കാര്യം നടന്നുകഴിഞ്ഞാൽ നിങ്ങളെയും വിഴുങ്ങും. ഇപ്പോഴത്തെ വാക്കുകളിലും പ്രവൃത്തികളിലും ഒറ്റുകാരന്റെ കൊതിയും കിതപ്പും ലിസ്റ്റിനിൽ കാണുന്നുണ്ടെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ സാന്ദ്ര തോമസ് ആരോപിച്ചിരുന്നു.


ലിസ്റ്റൻ സ്റ്റീഫൻ തനിക്കെതിരെ നൽകിയ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് നിർമാതാവ് സാന്ദ്ര തോമസ് പറഞ്ഞു. തൃക്കാക്കരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ലിസ്റ്റിനെതിരെ പറഞ്ഞകാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായും തനിക്കെതിരെ സങ്കടിതമായ ആക്രമണമാണ് നടക്കുന്നതെന്നും അവർ പ്രതികരിച്ചു.


പ്രൊഡക്ഷൻ കൺട്രോളർമാരെ സാന്ദ്രാ തോമസ് അപമാനിച്ചെന്ന് ആരോപിച്ച് ഫെഫ്ക്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. സിനിമ പ്രൊഡക്ഷൻ കൺട്രോളന്മാരെ അപമാനിച്ചുവെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കേസ്. മാസങ്ങൾക്ക് മുമ്പ് സാന്ദ്ര തോമസ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് കേസിന് ആധാരം. പ്രൊഡക്ഷൻ കൺട്രോളർ എന്ന തസ്തിക സിനിമ മേഖലയിൽ ആവശ്യമില്ലെന്നും പ്രൊഡക്ഷൻ കൺട്രോളിങ്ങല്ല അവർ ചെയ്യുന്നതെന്നുമായിരുന്നു സാന്ദ്രയുടെ പരാമർശം. അവരിപ്പോൾ ആർട്ടിസ്റ്റ് മാനേജേഴ്സ് ആണെന്നും ആ തസ്തികയുടെ പേര് മാറ്റി ആർട്ടിസ്റ്റ് മാനേജേഴ്സ് എന്നാക്കണമെന്നും സാന്ദ്ര പറഞ്ഞിരുന്നു.






deshabhimani section

Related News

View More
0 comments
Sort by

Home