മദ്യനയം ഉത്തരവായി ; ആസക്തി കുറയ്ക്കും ടൂറിസത്തിന്‌ പ്രോത്സാഹനം

liquor policy  kerala
വെബ് ഡെസ്ക്

Published on Apr 11, 2025, 01:41 AM | 1 min read


തിരുവനന്തപുരം : ലഹരി ആസക്തി കുറയ്ക്കൽ ലക്ഷ്യമിട്ടും വിനോദസഞ്ചാര മേഖലയ്‌ക്ക്‌ പ്രോത്സാഹനം നൽകുന്ന ഇളവുകളുമായും 2025–-26 സാമ്പത്തിക വർഷത്തെ മദ്യനയ ഉത്തരവായി. മുൻവർഷങ്ങളിലെപോലെ ലഹരിക്കെതിരെ ബോധവൽക്കരണത്തിന്‌ പ്രത്യേക ഊന്നൽ നൽകിയാണ്‌ ഈ വർഷത്തെ മദ്യനയവും. ഘട്ടം ഘട്ടമായുള്ള മദ്യവർജനമെന്ന നയം തുടരും. മയക്കുമരുന്നും രാസലഹരിയും തടയാനുള്ള ഇടപെടലും മദ്യനയം മുന്നോട്ടുവയ്ക്കുന്നുവെന്ന്‌ മന്ത്രി എം ബി രാജേഷ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


● സ്കൂൾ, ജില്ലാതല ജനജാഗ്രത സമിതികൾ നിശ്ചിത ഇടവേളകളിൽ ചേർന്ന് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുവിലയിരുത്തും.


● തദ്ദേശ സ്ഥാപനതലത്തിൽ ജനജാഗ്രത സമിതികൾ മൂന്ന് മാസത്തിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും.


● ട്യൂഷൻ സെന്ററുകൾ കേന്ദ്രീകരിച്ചും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തും.


● ലഹരി വിരുദ്ധ ക്ലബ്ബുകളിലെ പ്രവർത്തന മികവ് പരിഗണിച്ച്‌ എസ്‌എസ്‌എൽസി, പ്ലസ്‌ ടു പരീക്ഷകളിൽ വിദ്യാർഥികൾക്ക്‌ ഗ്രേസ്‌ മാർക്ക്‌.


● സംസ്ഥാന ബിവറേജസ് കോർപറേഷന്റെ സിഎസ്‌ആർ ഫണ്ടിൽ നിന്നുള്ള 25 ശതമാനം തുക വിമുക്തിയുടെ പ്രവർത്തനങ്ങൾക്കുമാത്രമായി വിനിയോഗിക്കും.


● ബിവറേജസ് കോർപറേഷന്‌, ലക്ഷദ്വീപ് സർക്കാർ ചുമതലപ്പെടുത്തുന്ന സർക്കാർ ഏജൻസിക്ക് മദ്യം വിൽക്കുന്നതിന് അനുമതി നൽകും.


● ത്രീസ്‌റ്റാറിന്‌ മുകളിൽ പ്രത്യേക അനുമതി

ത്രീ സ്റ്റാറിന്‌ മുകളിലുള്ള ഹോട്ടലുകളിലും പൈതൃക റസ്റ്ററന്റുകളിലും ഡ്രൈ ഡേ ഒന്നാം തീയതി മദ്യം നൽകുന്നതിന്‌ പ്രത്യേക അനുമതി ലഭിക്കും. മീറ്റിങ്‌സ്‌, ഇൻസെന്റീവ്‌സ്‌, കോൺഫറൻസ്‌, എക്‌സിബിഷൻസ്‌ (മൈസ്‌) ടൂറിസത്തിന്റെ ഭാഗമായും വിവാഹം, അന്താരാഷ്ട്ര കോൺഫറൻസുകൾ, സെമിനാറുകൾ, മറ്റ് സമ്മേളനങ്ങൾ എന്നിവയോട് അനുബന്ധിച്ചാണിത്‌. 50,000 രൂപ ഫീസ് ഈടാക്കി എക്‌സൈസ്‌ കമീഷണറാണ്‌ അനുമതി നൽകുക. ഏഴു ദിവസം മുമ്പ്‌ അപേക്ഷിക്കണം.


ഒന്നാം തീയതി നിയമാനുസൃത ഡ്രൈ ഡേ ആണെങ്കിൽ ഇളവ്‌ ലഭിക്കില്ല. ഇന്ത്യൻ രജിസ്റ്റർ ഓഫ് ഷിപ്പിങ് (ഐആർഎസ്‌) സർട്ടിഫിക്കറ്റ്‌ ഉള്ളതും കേരള മാരിടൈം ബോർഡിന്‌ കീഴിൽ രജിസ്റ്റർ ചെയ്തതുമായ സ്വകാര്യ യാനങ്ങൾക്ക് വിനോദസഞ്ചാരികൾക്ക് മദ്യം വിളമ്പാൻ ലൈസൻസ്‌ അനുവദിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home