സജിൻ തിരികെ പിടിച്ചു... ലൈഫ് ‘സൈക്കിൾ’

സജിൻ

സി ജെ ഹരികുമാർ
Published on Jun 12, 2025, 11:34 AM | 2 min read
പത്തനംതിട്ട: രണ്ട് ഹൃദയാഘാതങ്ങൾ, ആൻജിയോഗ്രാം. ജീവിതം മുന്നോട്ടുപോകാൻ പ്രതിസന്ധികൾ ഒന്നിനു പിന്നാലെ മറ്റൊന്നായി വന്നപ്പോൾ ‘ലൈഫ് സൈക്കിൾ’ സൈക്കിളോടിച്ച് തിരികെ പിടിച്ചിരിക്കുകയാണ് സജിൻ എന്ന ചെറുപ്പക്കാരൻ. അസുഖങ്ങളെയും പ്രതിസന്ധികളെയും സൈക്കിളോടിച്ച് തോൽപ്പിച്ച ഈ മുപ്പത്തിരണ്ടുകാരൻ ഇന്ന് സമൂഹമാധ്യമങ്ങളിലെ മിന്നും താരം.
പത്തനംതിട്ട ചുട്ടിപ്പാറയിലൂടെ സൈക്കിൾ സവാരി നടത്തിയ സജിന്റെ വീഡിയോ ഇൻസ്‌റ്റഗ്രാമിൽ പത്തു ലക്ഷം ആളുകളാണ് കണ്ടത്. വീഡിയോ ഫെയ്‌സ്‌ബുക്കിൽ ആറുലക്ഷം പേർ കണ്ടു. വാഗമൺ ആനപ്പാറയിൽ ടാറ്റ ഹാരിയർ ഇവി കയറിയ വീഡിയോ വൈറലായതിന് പിന്നാലെയാണ് സജിന്റെ സൈക്കിൾ സവാരിയും ആളുകൾ ഏറ്റെടുത്തത്. കഴിഞ്ഞ ഏപ്രിൽ 24ന് സജിൻ നാട്ടിലെത്തിയപ്പോഴാണ് ചുട്ടിപ്പാറയിൽ സൈക്കിളോടിച്ചത്. ഭൂമിനിരപ്പിൽ നിന്ന് 200 അടി ഉയരത്തിലുള്ള ചുട്ടിപ്പാറയിൽ സൈക്കിളെത്തിച്ച് താഴേക്ക് ഓടിക്കുകയായിരുന്നു. സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് നടത്തിയ സൈക്കിൾ യാത്രയുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് പോസ്‌റ്റ് ചെയ്‌തത്.
കോന്നി പൂവൻപാറ പൂവണ്ണാംതെക്കേതിൽ വീട്ടിൽ സജിൻ ഹൈദരാബാദിൽ മെഡിസിൻ കമ്പനിയിൽ മൈക്രാബയോളജിസ്‌റ്റ് ആണ്. ഏകമകൾ അലംകൃതയുടെ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ നാട്ടിലെത്തിയപ്പോഴാണ് വീഡിയോ എടുത്തത്. നാട്ടിലെത്തുമ്പോൾ സൈക്കിൾ കൂടെ കരുതുന്നതും വീഡിയോ എടുക്കുന്നതും ശീലമാണെങ്കിലും ആദ്യമായാണ് ഒരു വീഡിയോ ഇത്രയും വൈറലാകുന്നത്.
അറ്റാക്ക് കഴിഞ്ഞു, ആരോഗ്യം വന്നു
2023 ജൂണിലും 2024 ഒക്‌ടോബറിലും സജിന് ഹൃദയാഘാതമുണ്ടായി. കൊളസ്‌ട്രോൾ കൂടുതലായിരുന്നത് ശ്രദ്ധിക്കാഞ്ഞതാണ് തിരിച്ചടിയായത്. 2018 മുതൽ സൈക്കിൾ ഉപയോഗിക്കുമായിരുന്നെങ്കിലും ചികിത്സയ്‌ക്ക് ശേഷമാണ് സൈക്ലിങ് കൂടുതൽ ശ്രദ്ധിച്ചത്.
ആലപ്പുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കേരള സൈക്ലിങ് ക്ലബിന്റെ സംസ്ഥാന അഡ്‌മിനാണ് സജിൻ. ഹാപ്പി ഹൈദരാബാദ് സൈക്കിൾ ക്ലബിന്റെ സജീവ മെമ്പറുമാണ്. ആരോഗ്യ സംരക്ഷണത്തിന് സൈക്കിൾ നൽകുന്ന വലിയ സംഭാവന ജനങ്ങളിലെത്തിക്കാനാണ് തന്റെ സൈക്കിൾ സവാരികളെന്ന് സജിൻ പറയുന്നു. ചുട്ടിപ്പാറയ്‌ക്ക് മുകളിൽ അരമണിക്കൂറെടുത്താണ് സൈക്കിൾ ചുമന്ന് കയറ്റിയത്. തിരിച്ച് പടിക്കെട്ടുകളും ചെങ്കുത്തായ ചരിവുകളും ഉൾപ്പെടുന്ന പാത നാല് മിനിറ്റിനുള്ളിൽ പൂർത്തിയാക്കി താഴെയെത്തി. ഡെക്കാത്തലണിന്റെ റോക്ക് റൈഡർ മോഡൽ സൈക്കിളാണ് ഉപയോഗിച്ചത്.
ഏകദേശം 35,000 രൂപ വില വരുന്ന സൈക്കിൾ ഹൈദരാബാദിലുള്ള കണ്ണൂർ സ്വദേശി ആകാശാണ് സ്‌പോൺസർ ചെയ്‌തത്. വീഡിയോ വൈറലായതോടെ പുതിയ പാറകളിലും സ്ഥലങ്ങളിലും സൈക്കിൾ ഓടിക്കണമെന്നാവശ്യപ്പെട്ട് ഒരുപാടാളുകൾ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യുന്നുണ്ടെന്ന് സജിൻ പറഞ്ഞു. അഹല്യയാണ് ഭാര്യ. അച്ഛൻ സുരേഷ്. അമ്മ സതി. സജിന് മൂന്ന് സഹോദരങ്ങളുണ്ട്.









0 comments