കാസർകോട് പുല്ലൂരിൽ കുളത്തിൽ വീണ പുലിയെ കൂട്ടിലാക്കി

leopard caged
വെബ് ഡെസ്ക്

Published on Nov 23, 2025, 10:52 PM | 1 min read

പുല്ലൂർ: കാസർകോട് പുല്ലൂരിൽ വീട്ടുവളപ്പിലെ കുളത്തിൽ വീണ പുലിയെ കൂട്ടിലാക്കി. കൊടവലം നീരളംകൈയിലെ മധുവിന്റെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലിവീണത്. ഞായറാഴ്ച വൈകിട്ട് 4.30ഓടെ മധുവിന്റെ അമ്മ ഇച്ചിരയും ഭാര്യ വിജയയും വീട്ടാവശ്യത്തിനുള്ള വെള്ളമെടുക്കാൻ പോയപ്പോഴാണ് 11കോൽ താഴ്ചയുള്ള കുളത്തിൽ പുലി വീണത് കണ്ടത്. മോട്ടോർ പ്രവർത്തിക്കാതിരുന്നതിനെ തുടർന്ന് കുളത്തിൽ നോക്കിയപ്പോഴാണ് പൈപ്പിൽ പിടിച്ചുനിൽക്കുന്ന നിലയിൽ പുലിയെ കണ്ടത്. മണിക്കൂറുകളോളം പുലി പൈപ്പിൽ പിടിച്ചുനിന്നതിനാൽ പൈപ്പിൽ ചോർച്ചയുണ്ടായതാണ് വെള്ളം വരാതിരിക്കാൻ കാരണം.


തുടർന്ന് നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ്‌ അധികൃതരെത്തി കുളത്തിൽ കയർ കെട്ടി കുട്ടയിറക്കി. ഈ കുട്ടയിൽ കയറിയ പുലിയെ വല കൊണ്ട് മൂടിയ ശേഷം കൂട് കുളത്തിൽ ഇറക്കിയാണ് പിടികൂടിയത്. രണ്ട് വയസ് പ്രായമുള്ള പുള്ളി പുലിയാണിത്‌. പുലിയെ വനം വകുപ്പ്‌ ഓഫീസിലേക്ക് കൊണ്ടുപോയി. ഇവിടെ ഡോക്ടറുടെ പരിശോധനക്ക് ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചു. പൊലീസും സ്ഥലത്തെത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home