അരിക്കുവേണ്ടി ഇന്ദിരയുടെ വീട് പിക്കറ്റ് ചെയ്തതും ഇടതുപക്ഷം; കോൺഗ്രസ് അന്നും കേരളത്തിനെതിരെ


അമൽ കൃഷ്ണൻ
Published on Jul 10, 2025, 04:10 PM | 2 min read
തിരുവനന്തപുരം: കേരളത്തിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾക്കുവേണ്ടി ഇടതുപക്ഷം കൈക്കൊണ്ട പ്രക്ഷോഭ പരിപാടികൾ അവിസ്മരണീയമാണ്. ഇന്ദിരാഗാന്ധി മുതൽ നരേന്ദ്രമോദി വരെ നീളുന്ന സ്വേച്ഛാധിപതികൾക്കെതിരെ സന്ധിയില്ലാത്ത സമരമാണ് ഇടതുപക്ഷം നടത്തിയതും തുടരുന്നതും. എന്നാൽ കോൺഗ്രസാകട്ടെ അന്നും ഇന്നും കേരളത്തോടുള്ള അവഗണനകളെ പ്രോത്സാഹിപ്പിക്കുകയും മൗനാനുവാദം നൽകുകയും ചെയ്യുന്നു.
കേരളത്തിന് അർഹമായ അരി നിഷേധിച്ച ഇന്ദിരാ സർക്കാരിനെതിരെ 1967ൽ നടത്തിയ പ്രതിഷേധം ഇപ്പോഴും ശ്രദ്ധേയമായി നിൽക്കുന്നതാണ്. ഗുരുതരമായ ഭക്ഷ്യക്ഷാമമായിരുന്നു അക്കാലത്ത് കേരളം നേരിട്ടത്. ഇതിന് കാരണക്കാരായതാകട്ടെ കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാരും.
ഭക്ഷ്യക്ഷാമത്താൽ കേരളം ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങി. സംസ്ഥാനത്ത് അധികാരത്തിലിരുന്ന ഇഎംഎസ് സർക്കാരും ലോക്ഭസഭാംഗങ്ങളായിരുന്ന എ കെ ഗോപാലൻ ഉൾപ്പെടെയുള്ള നേതാക്കളും നിരന്തരം കേന്ദ്രസർക്കാരിനോട് ഈ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പരാതികളോടെല്ലാം അവഗണന മാത്രമായിരുന്നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രതികരണം.
എകെജിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ വസതിക്ക് മുന്നിൽ നടത്തിയ പ്രതിഷേധം
തുടർന്ന് കേരളത്തിലങ്ങോളമിങ്ങോളം ചെറുതും വലുതുമായ പ്രതിഷേധങ്ങൾ ആരംഭിച്ചു. സിപിഐ എം സമരങ്ങൾക്ക് നേതൃത്വം നൽകി. കേന്ദ്രസർക്കാർ ജീവനക്കാരുൾപ്പെടെ പണിമുടക്കിലേക്ക് കടന്നു. പട്ടിണി കിടന്ന് ജോലി ചെയ്യാനാകില്ലെന്ന് സംസ്ഥാനത്തെ പോസ്റ്റൽ ജീവനക്കാർ പ്രഖ്യാപിച്ചു.

കേരളത്തിന് ഉടൻതന്നെ ഭക്ഷ്യധാന്യങ്ങൾ എത്തിച്ചുനൽകണമെന്നും, അല്ലാത്തപക്ഷം ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് കേന്ദ്രസർക്കാരായിരിക്കും ഉത്തരവാദി എന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ മുന്നറിയിപ്പ് നൽകി. ജനങ്ങളെ പട്ടിണിക്കിട്ടു കൊല്ലുന്ന ഭരണാധികാരികൾക്ക് എങ്ങനെയാണ് രാജ്യത്തിന്റെ പ്രതിരോധം ഉറപ്പിക്കാനാകുക എന്ന് പാർടി ജനറൽ സെക്രട്ടറി ആയിരുന്ന പി സുന്ദരയ്യ ചോദിച്ചു. ജനങ്ങള്‍ പട്ടണികിടന്ന് ചാകുന്നത് കാണാന്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കാകില്ല എന്നും സുന്ദരയ്യ പറഞ്ഞു.
ഇന്ദിരാഗാന്ധിയുടെ വീട് പിക്കറ്റ് ചെയ്തതിന്റെ ദേശാഭിമാനി വാർത്ത
തുടർന്ന് 1967 ജൂലൈ 29ന് പ്രധാനമന്ത്രിയുടെ വീട് പിക്കറ്റ് ചെയ്യാൻ കേരളത്തിൽ നിന്നുള്ള പ്രതിപക്ഷ എംപിമാർ തീരുമാനിച്ചു. സിപിഐ എം, സിപിഐ, എസ്എസ്പി അംഗങ്ങളുൾപ്പെട്ട 15 എംപിമാരുടെ സമരത്തിന് എകെജി നേതൃത്വം നൽകി. ഇ കെ നായനാർ, പി കെ വാസുദേവൻ നായർ, എ ശ്രീധരൻ, സി കെ ചക്രപാണി, സി ജനാർദനൻ തുടങ്ങിവരും മുൻപന്തിയിലുണ്ടായിരുന്നു.
കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, അരി അനുവദിക്കുക തുടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തി, മലയാളത്തിലും ഇംഗ്ലീഷിലും മുദ്രാവാക്യങ്ങൾ മുഴക്കി ഇന്ദിരയുടെ വസതിയിലേക്ക് മാർച്ച് ചെയ്തു. വലിയ പൊലീസ് സന്നാഹത്തെ അണിനിരത്തിയായിരുന്നു ഇന്ദിര പ്രക്ഷോഭത്തെ നേരിട്ടത്. എംപിമാരെ പൊലീസ് കയ്യേറ്റം ചെയ്തു. എന്നിട്ടും പിന്തിരിയാതെ വന്നതോടെ ഒടുവിൽ ഇന്ദിരയ്ക്ക് വീട്ടിൽനിന്നും ഇറങ്ങിവരേണ്ടി വന്നു. വസതിക്ക് മുന്നിൽ കിടന്ന് പ്രതിഷേധിച്ച എകെജിക്ക് മുന്നിൽ ഇന്ദിര എത്തി ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞു. എന്നാൽ ചർച്ചയല്ല, ഞങ്ങളുടെ ജനങ്ങൾക്ക് അരിയാണ് ആവശ്യമെന്നുമായിരുന്നു എംപിമാരുടെ മറുപടി. സ്വന്തം ജനങ്ങൾ പട്ടിണി കിടക്കാതിരിക്കാൻ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽവരെ പ്രതിഷേധ കൊടുങ്കാറ്റുയർത്തിയ വീര്യം ഇടതുപക്ഷത്തിന്റെ അർപ്പണബോധത്തിന്റെ മായാത്ത ഓർമാണ്.
കേരളത്തിലെ ഭക്ഷ്യക്ഷാമത്തിൽ സിപിഐ എം പൊളിറ്റ് ബ്യൂറോയുടെ പ്രതികരണം ദേശാഭിമാനി വാർത്ത
അന്ന് ഇന്ദിരാസർക്കാർ അരിനിഷേധിച്ചപ്പോഴും ഇന്ന് മോദി സർക്കാർ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും കേരളത്തിന്റെ താൽപര്യത്തിനനുസരിച്ചല്ല കോൺഗ്രസ് നിലപാട് കൈക്കൊണ്ടത്. സംസ്ഥാനത്തിന് അർഹമായ വിഹിതം പോലും നിഷേധിക്കുന്ന നിലപാടിനെതിരെ രാജ്യതലസ്ഥാനത്ത് വരെ എൽഡിഎഫ് പ്രക്ഷോഭം നടത്തിയപ്പോൾ കോൺഗ്രസും യുഡിഎഫും മുഖംതിരിഞ്ഞുനിന്നു.
ഫെഡറലിസം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി ജന്തർമന്തറിൽ മുഖ്യമന്ത്രിയും മന്ത്രിമാരും എൽഡിഎഫ് എംപിമാരും നടത്തിയ പ്രതിഷേധം
പ്രളയകാലത്ത് നൽകിയ അരിക്കും, ഹെലികോപ്ടറിന്റെ വാടകയ്ക്കും തുക തിരികെ ചോദിച്ച മോദിസർക്കാരിനെതിരെ ഒരക്ഷരം പോലും പറയാൻ യുഡിഎഫിനായില്ല. മുണ്ടക്കൈ ദുരന്തബാധിതരെ കേന്ദ്രസർക്കാർ തുടർച്ചായി അവഗണിക്കുമ്പോഴും കേരളത്തിൽനിന്ന് ജയിച്ചുപോയ യുഡിഎഫ് എംപിമാർ നിശബ്ദരാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വീതംവയ്‌പ്പില്‍ പോലും കേരളം അവഗണിക്കപ്പെടുക്കുമ്പോഴും കേന്ദ്രത്തിന്‍റെ തലയില്‍ചാരി രക്ഷപ്പെടുന്നു എന്നാണ് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ എൽഡിഎഫിനെതിരെ ആരോപിക്കുന്നത്. സംസ്ഥാന താൽപര്യങ്ങൾക്കൊപ്പം നിലകൊള്ളാത്ത യുഡിഎഫിന്റെ അവസരവാദ നിലപാടും ധാർമികത ഇല്ലായ്മയുമാണ് ഇവിടെ വെളിപ്പെടുന്നത്.









0 comments