ആയുർവേദ പ്രതിരോധ മരുന്ന്‌ നൽകാൻ ജില്ലാ പഞ്ചായത്തിൽ പദ്ധതി 
പ്രഖ്യാപിച്ചാണ്‌ പണം തട്ടിയത്‌

മലപ്പുറം ജില്ലാപഞ്ചായത്തിൽ ലീഗ്‌ കൊള്ള ; ഹജ്ജ്‌ തീർഥാടനത്തിന്റെ പേരിലും പണം തട്ടി

league fund scam malappuram
വെബ് ഡെസ്ക്

Published on Jul 31, 2025, 01:27 AM | 2 min read


മലപ്പുറം

ജില്ലാ പഞ്ചായത്ത്‌ പദ്ധതിയുടെ മറവിൽ മുസ്ലിംലീഗ്‌ നേതാക്കൾ ഉൾപ്പെട്ട സംഘം ഹജ്ജ്‌ തീർഥാടനത്തിന്റെ പേരിലും പണം തട്ടി. കഴിഞ്ഞ തവണ കരിപ്പൂർ വിമാനത്താവളം വഴി തീർഥാടനം നടത്തുന്നവർക്ക്‌ ഹജ്ജ്‌ ഹൗസിൽ ക്യാമ്പ്‌ ഒരുക്കിയിരുന്നു. ഇവർക്ക്‌ ആയുർവേദ പ്രതിരോധ മരുന്ന്‌ നൽകാൻ ജില്ലാ പഞ്ചായത്തിൽ പദ്ധതി പ്രഖ്യാപിച്ചാണ്‌ പണം തട്ടിയത്‌. 10 ലക്ഷം രൂപയുടെ പദ്ധതിയുടെ പ്രാരംഭ ചെലവിന്​ മൂന്നുപേരിൽനിന്ന് 8.60 ലക്ഷം രൂപ നിക്ഷേപമായി പിരിച്ചു. 1.40 ലക്ഷം ലാഭവിഹിതമാണ്​. ട്രഷറിയിൽനിന്ന്‌ ബിൽ പാസാകുമ്പോൾ ലാഭവിഹിതം ഉൾപ്പെടെ മടക്കി നൽകുമെന്നായിരുന്നു വാഗ്‌ദാനം. എന്നാൽ, നിക്ഷേപത്തുകപോലും മടക്കി നൽകാതെയാണ്​ പണം തട്ടിയത്​.


ജില്ലാ പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക്‌ ബിനാമി പേരിൽ കരാർ സ്വന്തമാക്കിയാണ്‌ ലീഗ്‌ നേതാക്കൾ വ്യാപക കൊള്ള നടത്തിയത്‌. ഇത്തരത്തിൽ വിവിധ പദ്ധതികളുടെ പേരിൽ 25 കോടി രൂപയുടെ തട്ടിപ്പ്‌ നടന്നതായാണ്‌ പരാതി.


ജില്ലാ പഞ്ചായത്തിൽ ലിഫ്‌റ്റ്‌ സ്ഥാപിക്കാനെന്ന പേരിലും ലീഗ്‌ അംഗം പണം വാങ്ങി. പദ്ധതിക്ക്‌ മുൻകൂറായി 1.60 ലക്ഷം രൂപയാണ്‌ മൂന്നുപേരിൽനിന്നായി വാങ്ങിയത്‌. എന്നാൽ, നിലവിലെ കെട്ടിടത്തിൽ ലിഫ്‌റ്റ്‌ സ്ഥാപിക്കുന്നത്‌ പ്രായോഗികമല്ലെന്ന്‌ എൻജിനിയറിങ് വിഭാഗം തടസ്സവാദം ഉന്നയിച്ചതോടെ പദ്ധതി ഉപേക്ഷിച്ചു. പക്ഷേ, ഒരു വർഷം കഴിഞ്ഞിട്ടും വാങ്ങിയ പണം നിക്ഷേപകർക്ക്‌ നൽകിയിട്ടില്ല.


കോട്ടക്കലിൽ ജില്ലാ പഞ്ചായത്തിന്റെ പേരിൽ ഭക്ഷ്യമേള നടത്താൻ പദ്ധതിയിട്ടിരുന്നു. 50 ലക്ഷം രൂപയുടെ കരാറാണ്‌ ക്ഷണിച്ചത്‌. ഇതിൽ 25 ശതമാനം ലീഗ്‌ നേതാക്കൾ കമീഷൻ ഉറപ്പിച്ചു. എന്നാൽ, സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി തീരുമാനിച്ചതിനാൽ ഭക്ഷ്യമേള ഒഴിവായി.


പരാതി പിൻവലിക്കാൻ 
ലീഗ്‌ നേതാക്കളുടെ ഭീഷണി

ജില്ലാ പഞ്ചായത്തിൽ ബിനാമി കരാർ സ്വന്തമാക്കി നിക്ഷേപം സ്വീകരിച്ച്‌ നേതാക്കൾ കോടികൾ തട്ടിയ സംഭവത്തിൽ പൊലീസിൽ പരാതി നൽകിയവർക്കെതിരെ ഭീഷണിയുമായി ലീഗ്‌. മുതിർന്ന നേതാക്കളും എംഎൽഎമാരും വഴി നേരിട്ടും ഫോണിലും സമൂഹമാധ്യമങ്ങൾ വഴിയുമാണ്‌ ഭീഷണി. സൈബർ ആക്രമണവും ശക്തമാണ്‌.

ജില്ലാ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ഇരുന്നൂറോളം പേരിൽനിന്ന് 25 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ്‌ നടന്നതായാണ്‌ ആറുപേർ ജില്ലാ പൊലീസ്‌ മേധാവിക്ക്‌ രേഖാമൂലം പരാതി നൽകിയത്‌. പലരും ലീഗ്‌ പ്രാദേശിക നേതാക്കളോ പ്രവർത്തകരോ അനുഭാവികളോ ആണ്‌. പള്ളി, മദ്രസ കമ്മിറ്റികളിൽ ഭാരവാഹികളായവരും സഹകരണ സ്ഥാപനങ്ങളിൽ ഡയറക്ടർ ബോർഡിലുള്ളവരുമുണ്ട്‌.


നിക്ഷേപത്തട്ടിപ്പ്‌ മാസങ്ങൾമുമ്പേ ലീഗ്‌ നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി ശിഹാബ്‌ തങ്ങൾ, മഞ്ഞളാംകുഴി അലി എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ നിരവധി തവണ ചർച്ച നടന്നു. എന്നാൽ, പണം തിരിച്ചുനൽകുന്നതിൽ തീരുമാനമായില്ല. തുടർന്നാണ്‌ നിക്ഷേപകർ പൊലീസിൽ പരാതി നൽകിയത്‌.

നിക്ഷേപകരിൽ ബിസിനസുകാരുമുണ്ട്‌. ഇവരുടെ സ്ഥാപനങ്ങളിൽ വിൽപ്പന നികുതി ഉദ്യോഗസ്ഥരെവിട്ട്‌ റെയ്‌ഡ്‌ നടത്തുമെന്നാണ്‌ ലീഗ്​ ഭീഷണി. ഇഡിയെക്കൊണ്ട്‌ നിക്ഷേപിച്ച പണത്തിന്റെ ഉറവിടം അന്വേഷിപ്പിക്കുമെന്നും ഭീഷണിയുണ്ട്‌. സുഹൃത്തുക്കളെയും ബന്ധുക്കളെയും അയച്ചും പരാതി പിൻവലിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്‌.


ജില്ലാ പൊലീസ്‌ മേധാവിക്ക്‌ നൽകിയ പരാതി മലപ്പുറം ഡിവൈഎസ്‌പിക്ക്‌ കൈമാറിയിരിക്കുകയാണ്‌. നിക്ഷേപിച്ച പണത്തിന്റെ രേഖകൾ ഹാജരാക്കാനാണ്‌ പരാതിക്കാരോട്‌ പൊലീസ്‌ നിർദേശിച്ചത്‌. പണം നൽകിയതിന്‌ ജില്ലാ പഞ്ചായത്തംഗവും നിക്ഷേപകരും തമ്മിൽ ഉഭയകക്ഷി കരാർ ഉണ്ട്‌. ബാങ്ക്‌ ചെക്ക്‌ ലീഫും നൽകിയിട്ടുണ്ട്‌. ഇത്‌ പൊലീസിന്‌ കൈമാറാതിരിക്കാനാണ്‌ നീക്കം.



deshabhimani section

Related News

View More
0 comments
Sort by

Home